‘സിഎഎ കേരളത്തിൽ ഒരാളെയും ബാധിക്കില്ല; രാഹുലുള്ളപ്പോൾ എന്തിന് ആനി രാജ വയനാട്ടിൽ മത്സരിക്കുന്നു?’
Mail This Article
മൂന്നാമതും കേന്ദ്രത്തിൽ അധികാരം പിടിക്കാനുള്ള തയാറെടുപ്പിലാണ് ബിജെപി. സർവ സന്നാഹങ്ങളുമായി രാജ്യമൊട്ടുക്കും ബിജെപി പട നയിക്കുമ്പോൾ അതിന്റെ പ്രതിഫലനം കേരളത്തിലും കാണാം. അക്കൗണ്ട് തുറക്കാനായില്ല എന്ന ചീത്തപ്പേര് ഇത്തവണ മാറ്റിയിരിക്കും എന്ന ദൃഢ നിശ്ചയത്തിലാണ് പാർട്ടി സംസ്ഥാന നേതൃത്വം. ജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വൻ പ്രചാരണമാണ് നടത്തുന്നത്. ഇതിനിടെ പൗരത്വ ഭേദഗതി നിയമത്തിന്റെ (സിഎഎ) വിജ്ഞാപനം ഉൾപ്പെടെ വന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം സിഎഎയ്ക്കെതിരായ പ്രതിഷേധത്തിനും ചൂടുപിടിച്ചു. കേരളത്തിൽ നിർണായക തിരഞ്ഞെടുപ്പിനെയാണ് ബിജെപി നേരിടുന്നത്. തിരഞ്ഞെടുപ്പു പ്രചാരണത്തെക്കുറിച്ചും യുഡിഎഫ്, എൽഡിഎഫ് മുന്നണികളുടെ നിലപാടുകളെക്കുറിച്ചും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർഥിയുമായ എം.ടി.രമേശ് ‘മനോരമ ഓൺലൈനോട്’ സംസാരിക്കുന്നു.
Read also: ഇലക്ടറൽ ബോണ്ട് 12,000 കോടി, പകുതിയും ബിജെപിക്ക്; മൂന്നിൽ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ്
∙ എൻഡിഎയ്ക്ക് കേരളത്തിൽ ഇത്തവണ എത്ര സീറ്റ് കിട്ടും?
എത്ര സീറ്റ് കിട്ടും എന്ന് ഇപ്പോൾ പറയുന്നതിൽ പ്രസക്തിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തു പറഞ്ഞത് രണ്ടക്ക സീറ്റിലേക്ക് ബിജെപി എത്തണമെന്നാണ്. അതിനനുസരിച്ചുള്ള പ്രവർത്തനമാണ് നടത്തുന്നത്.
∙ സിഎഎ വിജ്‍ഞാപനം കേരളത്തിൽ എൻഡിഎയ്ക്ക് തിരിച്ചടിയാകുമെന്ന് കരുതുന്നുണ്ടോ?
ഇല്ല. തിരിച്ചടിയാകാൻ പോകുന്നത് യുഡിഎഫിനും എൽഡിഎഫിനുമാണ്. കേരളത്തിലെ ഒരാളെയും ഈ നിയമം ബാധിക്കില്ല. ഒരാളെയും ബാധിക്കാത്ത ഒരു നിയമത്തിനെതിരെ എന്തിനാണ് ഇവർ പ്രതിഷേധം നടത്തുന്നതെന്ന ചോദ്യം വരും ദിവസങ്ങളിൽ ഉയരും. സിഎഎ നടപ്പാക്കാൻ തുടങ്ങിയാൽ, ഇവർ നടത്തുന്നത് കുപ്രചാരണമാണെന്നു ബോധ്യമാകും. മുസ്‌ലിം സമൂഹത്തിന്റെ പൗരത്വവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധിക്കുന്നത്. ഈ നിയമം മൂന്നു രാജ്യങ്ങളിലെ 5 ന്യൂനപക്ഷ സമുദായങ്ങളുമായി ബന്ധപ്പെട്ടതാണ്. അത് കേരളത്തിലെ ആരെയും ബാധിക്കില്ല. രാജ്യത്തെ ഒരു പൗരനെയും ബാധിക്കുന്ന നിയമമല്ല ഇത്. നുണപ്രചാരണം നടത്തുന്നത് അവർക്കു തന്നെയാണ് തിരിച്ചടിയാകാൻ പോകുന്നത്. പാക്കിസ്ഥാനിൽനിന്നും ബംഗ്ലദേശിൽനിന്നും അഭയാർഥികളായി വന്നിട്ടുള്ളവർക്ക് പൗരത്വം നൽകുന്നതിനെയാണ് ഇവർ എതിർക്കുന്നത്.
∙ ബിജെപി സ്ഥാനാർഥികളെ കോമാളികൾ എന്നു വിശേഷിപ്പിക്കുന്ന സാഹചര്യം ഉണ്ടായല്ലോ. പ്രത്യേകിച്ച് സുരേഷ് ഗോപിയെ?
സുരേഷ് ഗോപി എവിടെയാണു കോമാളി വേഷം കെട്ടിയത്. അദ്ദേഹം ഒരു നടനാണ്. എല്ലാവരുടെയും സ്നേഹവും ഇഷ്ടവും ആരാധനയുമൊക്കെയുള്ള നടൻ. നല്ല പൊതുപ്രവർത്തകനുമാണ്. തൃശൂരിൽ വലിയ തോതിലുള്ള പിന്തുണയാണ് സുരേഷ് ഗോപിക്ക് ലഭിക്കുന്നത്. ആയിരക്കണക്കിനാളുകളാണ് അദ്ദേഹത്തിന്റെ പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്നത്. അതുകണ്ട് മറ്റു പാർട്ടികൾക്ക് അമ്പരപ്പാണ്. മറ്റു പാർട്ടിക്കാർ സുരേഷ് ഗോപിയെ ഭയക്കാനും തുടങ്ങിയിരിക്കുന്നു.
∙ സുരേഷ് ഗോപിയെ ഭയക്കുന്നതുകൊണ്ടാണോ അവസാന നിമിഷം യുഡിഎഫ് സ്ഥാനാർഥിയെ മാറ്റിയത്?
തീർച്ചയായും. ടി.എൻ. പ്രതാപൻ അവിടെ മത്സരിക്കാൻ വേണ്ടി നേരത്തേ പ്രചാരണം ആരംഭിച്ചതാണ്. പ്രതാപന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മല്ലികാർജുൻ ഖർഗെ വന്ന് ഉദ്ഘാടനം ചെയ്തതാണ്. പ്രതാപൻ ജാഥ നടത്തുകയും ചുവരെഴുത്ത് നടത്തുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞ് അവസാന നിമിഷത്തിൽ എന്തിനാണു മാറ്റിയത്. പ്രതാപൻ മത്സരിച്ചാൽ വലിയ തോതിലുള്ള തിരിച്ചടിയുണ്ടാകുമെന്ന് മനസ്സിലായി. 5 വർഷം പ്രതാപൻ അവിടെ ഒന്നും ചെയ്തില്ല. സുരേഷ് ഗോപിയുടെ വിജയം ഉറപ്പാണെന്ന് ഇവർക്കെല്ലാം അറിയാം.
∙ പത്മജയുൾപ്പെടെയുള്ള നേതാക്കൾ കോൺഗ്രസിൽനിന്ന് ബിജെപിയിലെത്തി. ഇനിയും നേതാക്കൾ ബിജെപിയിൽ ചേരുമോ?
ഇനിയും നിരവധിപ്പേർ വരും. പല കോൺഗ്രസ് നേതാക്കളും ബിജെപിയുമായി ബന്ധപ്പെടുന്നുണ്ട്. ഭാവിയുടെ പ്രതീക്ഷയുള്ള പാർട്ടി ബിജെപിയാണെന്ന് എല്ലാവർക്കും അറിയാം. രാഷ്ട്രീയത്തിൽ മികച്ച സാധ്യതയാണ് എല്ലാവരും സ്വീകരിക്കുന്നത്. കോൺഗ്രസിൽ നിന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. കഴിഞ്ഞ തവണ കോൺഗ്രസിന് കിട്ടിയ 40 സീറ്റ് പോലും ഇത്തവണ കിട്ടില്ല. അതുകൊണ്ട് ആളുകൾ രക്ഷപ്പെടുകയാണ്. തിരഞ്ഞെടുപ്പ് അടുക്കുന്തോറും കൂടുതൽ നേതാക്കൾ ബിജെപിയിൽ ചേരും. എന്നാൽ ചിലർക്ക് സമ്മർദമുണ്ട്. ആ സമ്മർദം അതിജീവിച്ച് അവരും ബിജെപിയിലെത്തും.
∙ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് തിരഞ്ഞെടുപ്പിൽ എന്തു പ്രതിഫലനമാണുണ്ടാക്കുക?
വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമ്പോൾ ജനാധിപത്യമാണ് അപഹസിക്കപ്പെടുന്നത്. മുസ്‌ലിം ലീഗിന്റെ വോട്ട് കണ്ടിട്ടാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത്. എന്തുകൊണ്ടാണ് ദക്ഷിണേന്ത്യയിലെ മറ്റു മണ്ഡലങ്ങളൊന്നും രാഹുൽ തിരഞ്ഞെടുക്കാത്തത്. വയനാടല്ലെങ്കിൽ പിന്നെ മലപ്പുറത്ത് ഏതെങ്കിലും മണ്ഡലത്തിൽ മത്സരിച്ചാലേ വിജയ സാധ്യത ഉള്ളൂ.
രാഹുൽ ഗാന്ധി മത്സരിക്കുമ്പോൾ എന്തിനാണ് ആനി രാജ മത്സരിക്കുന്നത്. രാഹുൽ ഗാന്ധിയും ആനി രാജയും ഇന്ത്യ മുന്നണിയുെട ഭാഗമാണ്. ആ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാണ് രാഹുൽ ഗാന്ധി. ആനി രാജ, രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണ് മത്സരിക്കുന്നത്. രാഹുൽ ഗാന്ധിയും മത്സരിക്കുന്നു. അതിൽ ഒരു പരിഹാസ്യതയുണ്ട്. ഇന്ത്യ മുന്നണിയും എൻഡിഎ മുന്നണിയും തമ്മിലാണ് വയനാട്ടിൽ മത്സരം.
∙ ശക്തനായ സ്ഥാനാർഥിയെത്തന്നെയാണോ എൻഡിഎ വയനാട്ടിൽ നിർത്തുന്നത്?
തീർച്ചയായും. അടുത്ത ഘട്ട സ്ഥാനാർഥി പ്രഖ്യാപനത്തിൽ അതുണ്ടാകും.
∙ രാഹുൽ ഗാന്ധിയും ആനി രാജയും ദേശീയ നേതാക്കളാണ്. എൻഡിഎയും ദേശീയ നേതാവിനെ ആയിരിക്കുമോ നിർത്തുന്നത്?
രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിൽ ആരു മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമാണ്. അക്കാര്യം പരിഗണിച്ചേ സ്ഥാനാർഥി നിർണയം ഉണ്ടാകൂ.
∙ കേന്ദ്ര സർക്കാർ കേരളത്തിന് അർഹതപ്പെട്ട പണം നൽകുന്നില്ലെന്ന് വ്യാപകമായ പ്രചാരണം ഉണ്ട്. അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ?
കേരളത്തിന് അർഹതപ്പെട്ട പണമായിരുന്നുവെങ്കിൽ നൽകാൻ സുപ്രീം കോടതി ഉത്തരവിടുമായിരുന്നല്ലോ. എന്നാൽ അങ്ങനെയല്ല കോടതി പറഞ്ഞത്. കേരളത്തിന് സാമ്പത്തിക പ്രശ്നമുണ്ട്, കേന്ദ്രം സഹായിക്കണം എന്നാണ് പറഞ്ഞത്. സഹായം നൽകുന്നതിന് കേന്ദ്രം ചില ഉപാധികൾ മുന്നോട്ടുവച്ചു. കെടുകാര്യസ്ഥതയുണ്ടെങ്കിൽ സഹായിക്കാൻ സാധിക്കില്ല എന്നാണ് അറിയിച്ചത്.
കേന്ദ്രം അർഹമായ പണം നൽകണമെന്ന കേരളത്തിന്റെ വാദം വിലപ്പോയില്ല. അവകാശപ്പെട്ട പണവും സഹായവും രണ്ടാണ്. കേരളത്തിന് ഒരു തവണ സഹായം കൊടുത്തുകഴിഞ്ഞു. നിബന്ധനകൾ പാലിച്ചാൽ മാത്രമേ ഇനിയും സഹായം നൽകാൻ സാധിക്കൂ. കളവ് പറഞ്ഞാണ് കേരളം കോടതിയെ സമീപിച്ചത്.
∙ കേരളത്തിന്റെ കെടുകാര്യസ്ഥതയാണോ പ്രശ്നങ്ങൾക്ക് കാരണം?
അതെ. സുപ്രീം കോടതിക്ക് പോലും അക്കാര്യം ബോധ്യമായി. കേരളത്തിന് അർഹമായത് മുഴുവൻ കൊടുത്തു. ഇനി കൊടുക്കേണ്ടത് സഹായമാണ്. കെടുകാര്യസ്ഥത സംബന്ധിച്ച് കൃത്യമായ മറുപടി കേന്ദ്രം സുപ്രീം കോടതിക്കു നൽകി. അതിനൊന്നും മറുപടി നൽകാൻ കേരളത്തിനു സാധിച്ചില്ല.
∙ മലബാറിലെ പല സീറ്റിലും എൽഡിഎഫും മുസ്‌ലിം ലീഗും തമ്മിൽ ധാരണയിലെത്തിയ ശേഷമാണ് സ്ഥാനാർഥിയെ തീരുമാനിച്ചതെന്ന് പറയാൻ കാരണം?
മുസ്‍ലിം ലീഗും എൽഡിഎഫും തമ്മിൽ ധാരണയുണ്ട്. ലീഗ് നേരത്തേ തന്നെ എൽഡിഎഫിൽ പോകാൻ തയാറായിരുന്നു. സമയം ഒത്തുവന്നില്ല എന്നുമാത്രം. മലബാർ ഭാഷയിൽ പറഞ്ഞാൽ കാനോത്ത് കഴിഞ്ഞു, നിക്കാഹിന്റെ തീയതി മാത്രമേ തീരുമാനിക്കാനുള്ളു. പൊന്നാനിയിലെ തന്റെ രാഷ്ട്രീയ ഗുരുനാഥനായ ഇ.ടി.മുഹമ്മദ് ബഷീർ മത്സരിക്കാനുണ്ടാകില്ലെന്ന് എൽഡിഎഫിന്റെ സ്ഥാനാർഥി പരസ്യമായി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആ സമയത്ത് ലീഗിന്റെ സ്ഥാനാർഥി നിർണയം പൂർത്തിയായിരുന്നില്ല. പിന്നെ എങ്ങനെ എൽഡിഎഫ് ഇക്കാര്യം അറിഞ്ഞു?
ലീഗും സിപിഎമ്മും തമ്മിൽ നേരത്തേ ധാരണയുണ്ടാക്കിയിരുന്നു. ഇതിനൊക്കെ ചുക്കാൻ പിടിക്കുന്നത് എളമരം കരീമാണ്. കുഞ്ഞാലിക്കുട്ടിയും എളമരം കരീമും ഒരു അച്ചുതണ്ടാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ലീഗ് എൽഡിഎഫിലേക്ക് പോയേക്കാം. സിപിഎമ്മിലെയും കോൺഗ്രസിലെയും അണികളാണ് വഞ്ചിക്കപ്പെടുന്നത്.
∙ കോൺഗ്രസിൽനിന്നാണ് കൂടുതൽ നേതാക്കൾ ബിജെപിയിലേക്കു വരുന്നത്. എന്തുകൊണ്ടാണ് സിപിഎമ്മിൽനിന്നു വരാത്തത്?
സിപിഎമ്മിൽനിന്നു ബിെജപിയിലേക്കു വരുന്നത് സാധാരണ പ്രവർത്തകരാണ്. കേരള പദയാത്ര എല്ലാ മണ്ഡലത്തിലൂടെയും സഞ്ചരിച്ചു. അപ്പോഴെല്ലാം പാർട്ടിയിൽ ചേർന്നത് സാധാരണ പ്രവർത്തകരാണ്. സിപിഎമ്മിലെ മുതിർന്ന നേതാക്കൾ ബിജെപിയിലേക്ക് വരുന്നില്ല എന്ന കാര്യം സമ്മതിക്കുന്നു. പല നേതാക്കൻമാർക്കും താൽപര്യമുണ്ടെങ്കിലും കെട്ടുപാടുകളിൽപ്പെട്ട് കിടക്കുകയാണ്. ചിലരുടെ നിലനിൽപ്പിന്റെ തന്നെ പ്രശ്നമാണ്. കെട്ടുപാടുകൾ പൊട്ടിച്ച് നേതാക്കൻമാരും വരും.
∙ ഡൽഹിയിൽ നടക്കുന്ന കർഷക സമരം തിരിച്ചടിയാകുമോ?
ഇപ്പോൾ നടക്കുന്നത് കർഷക സമരമല്ല. ചില ലോബികൾ നടത്തുന്ന സമരമാണ്. അതിൽ അറിയപ്പെടുന്ന കർഷക സംഘടനകളൊന്നുമില്ല. മുൻപ് കർഷക സമരം നടത്തിയത് നിയമത്തിനെതിരായിട്ടായിരുന്നു. ഇപ്പോൾ എന്തിനാണ് സമരം? ആകെ പറയുന്നത് താങ്ങുവില വർധിപ്പിക്കണമെന്നാണ്. യുപിഎ സർക്കാരിന്റെ കാലത്തേക്കാൾ 18 വിളകളുടെ താങ്ങുവില രണ്ടു മടങ്ങ് കൂട്ടിയ സർക്കാരാണിത്. ഇപ്പോൾ നടത്തുന്ന സമരം ആരാണ് സ്പോൺസർ ചെയ്യുന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്.
∙ ഭാരത് റൈസിന് ബദലായി കെ ൈറസ് ഇറക്കിയതുപോലെയുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തെ എങ്ങനെ വിലയിരുത്തുന്നു?
സിപിഎമ്മിന്റെ വില കുറഞ്ഞ രാഷ്ട്രീയമാണിത്. സംസ്ഥാന സർക്കാർ അരിയല്ല കൊടുക്കേണ്ടത്; ക്ഷേമ പെൻഷനാണ്. അരി കേന്ദ്രം കൊടുക്കുന്നുണ്ട്. ഇത് വെറും രാഷ്ട്രീയ പാപ്പരത്തമാണ്. ഇതൊന്നും കൊണ്ട് കേരളത്തിൽ പിടിച്ചുനിൽക്കാൻ സാധിക്കില്ല.