‘ഇലക്ടറൽ ബോണ്ട് അവതരിപ്പിച്ചത് കള്ളപ്പണം ഇല്ലാതാക്കാൻ; ബിജെപിക്ക് ലഭിച്ചത് 6000 കോടി മാത്രം’
Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ രാഷ്ട്രീയത്തിൽ കള്ളപ്പണം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ഇലക്ടറൽ ബോണ്ട് അവതരിപ്പിച്ചതെന്നും എന്നാൽ ഇലക്ടറൽ ബോണ്ട് സംബന്ധിച്ച സുപ്രീംകോടതി വിധിയെ പൂർണ്ണമായി ബഹുമാനിക്കുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 20,000 കോടി ഇലക്ടറൽ ബോണ്ടിൽ ബിജെപിക്ക് ലഭിച്ചത് ഏകദേശം 6000 കോടി മാത്രമെന്നും അമിത് ഷാ പറഞ്ഞു.
Read Also: ഇലക്ടറൽ ബോണ്ട്: എസ്ബിഐയോട് സുപ്രീം കോടതി - കോഡ് എവിടെ?
‘‘ഇന്ത്യൻ രാഷ്ട്രീയത്തിൽ കള്ളപ്പണം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണു ഇലക്ടറൽ ബോണ്ട് അവതരിപ്പിച്ചത്. സുപ്രീംകോടതി വിധിയെ എല്ലാവരും അംഗീകരിക്കണം. സുപ്രീംകോടതി വിധിയെ പൂർണ്ണമായി ബഹുമാനിക്കുന്നു. എന്നാൽ ഇല്കടറൽ ബോണ്ടിനെ പൂർണ്ണമായി അവസാനിപ്പിക്കുന്നതിന് പകരം അതിനെ നവീകരിക്കുകയായിരുന്നു വേണ്ടതെന്നാണ് തോന്നൽ.’’–അമിത് ഷാ പറഞ്ഞു.
‘‘ഏറ്റവും വലിയ കൊള്ളയടിയാണ് ഇലക്ടറൽ ബോണ്ടിലൂടെ നടന്നതെന്നും ബിജെപിക്കാണ് ഏറ്റവും ഗുണം ലഭിച്ചതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഞാനതിൽ വ്യക്തത വരുത്തുകയാണ്. 20,000 കോടി ഇലക്ടറൽ ബോണ്ടിൽ ബിജെപിക്ക് ഏകദേശം 6000 കോടിയാണ് ലഭിച്ചത്. ബാക്കി ബോണ്ടുകൾ എവിടേക്കാണ് പോയത്?. തൃണമൂൽ കോൺഗ്രസിന് 1600 കോടിയും കോൺഗ്രസിന് 1400 കോടിയും ബിആർഎസിന് 1200 കോടിയും ബിജെഡിക്ക് 750 കോടിയും ഡിഎംകെയ്ക്ക് 639 കോടിയും കിട്ടി’’–അമിത് ഷാ പറഞ്ഞു.
‘‘പ്രതിപക്ഷ നേതാക്കൾ രാഷ്ട്രീയ സംഭാവനകൾ പണമായാണ് സ്വീകരിച്ചിരുന്നത്. 1100 രൂപ സംഭാവന ലഭിച്ചാൽ 100 രൂപ പാർട്ടിക്ക് നൽകും, 1000 രൂപ പോക്കറ്റിലേക്കു പോകും. വർഷങ്ങളോളം കോൺഗ്രസ് പാർട്ടി ഈ സംവിധാനമാണ് തുടർന്നത്.’’– അമിത് ഷാ പരിഹസിച്ചു.