4 സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 19 മുതൽ ജൂണ്‍ 1 വരെ; ജമ്മു കശ്മീര്‍ പ്രഖ്യാപിച്ചില്ല
Mail This Article
ന്യൂഡല്‍ഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതിയും തിരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചു. ജമ്മു കശ്മീര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.
60 നിയമസഭാ മണ്ഡലങ്ങളും 2 ലോക്സഭാ സീറ്റുകളുമുള്ള അരുണാചല്‍ പ്രദേശില്‍ ഏപ്രില്‍ 19-നാണ് വോട്ടെടുപ്പ്. സിക്കിമില്‍ 32 നിയമസഭാ മണ്ഡലങ്ങളിലേക്കും ഏപ്രില്‍ 19-ന് വോട്ടെടുപ്പ് നടക്കും. ആന്ധ്രാപ്രദേശില്‍ 175 നിയമസഭാ സീറ്റുകളിലേക്ക് മേയ് 13-നാണ് വോട്ടെടുപ്പ്. ഒഡീഷയില്‍ മേയ് 13, 20, 25 ജൂണ്‍ 1 തീയതികളില്‍ നാല് ഘട്ടങ്ങളായി നടക്കും.
2019ല്‍ ലോക്സഭയ്ക്കൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന 4 സംസ്ഥാനങ്ങളിലും നേട്ടം പ്രാദേശിക കക്ഷികള്‍ക്കായിരുന്നു. ആന്ധ്രപ്രദേശില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ വീഴ്ത്തി ജഗന് മോഹന്‍ റെഡ്ഡി അധികാരത്തിലെത്തി. ഒഡീഷയില്‍ അഞ്ചാം തവണയും നവീന്‍ പട്നായിക് മുഖ്യമന്ത്രിപദത്തിലെത്തുകയും മുഖ്യപ്രതിപക്ഷ സ്ഥാനം ബിജെപി നേടുകയും ചെയ്തു. കോണ്‍ഗ്രസ് മൂന്നാമതായി. അരുണാചല്‍ പ്രദേശില്‍ ബിജെപി അധികാരത്തിലെത്തുകയും കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.
കേന്ദ്രത്തില്‍ കിങ്മേക്കറാകുമെന്നു കരുതിയ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ, സ്വന്തം നാട്ടില്‍ മലര്‍ത്തിയടിച്ചാണ് 2019ല്‍ ആന്ധ്രപ്രദേശില്‍ ജഗന്മോഹന് റെഡ്ഡി കുതിപ്പ് നടത്തിയത്. ആകെയുള്ള 175ല്‍ 149 സീറ്റിലും ജഗന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് മുന്നിലെത്തി. ഭരണകക്ഷിയായ ടിഡിപി 30 സീറ്റിലൊതുങ്ങി. പവന് കല്യാണിന്റെ ജനസേന പാര്‍ട്ടി ഒരു സീറ്റ് നേടി. കോണ്‍ഗ്രസിനും ബിജെപിക്കും സീറ്റ് നേടാനായില്ല.
ഒഡീഷയില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും നവീന്‍ പട്നായിക്ക് മുഖ്യമന്ത്രിക്കസേരയിലെത്തി. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന 146 മണ്ഡലങ്ങളില്‍ 112 സീറ്റുകളിലും ബിജെഡി മുന്നിലെത്തി. 23 സീറ്റില്‍ മുന്നിലെത്തിയ ബിജെപി മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായപ്പോള്‍ ദീര്‍ഘകാലം സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് 9 സീറ്റുമായി മൂന്നാം സ്ഥാനത്തൊതുങ്ങി.
2019ല്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ വഴി കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബിജെപിയിലെത്തിയപ്പോള്‍, ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് കോണ്‍ഗ്രസ് നേരിട്ടത്. കൂറുമാറിയെത്തിയ പേമ ഖണ്ഡുവിനെ മുഖ്യമന്ത്രി സ്ഥാനാര്ഥിയായിറക്കിയ മത്സരത്തില്‍ ബിജെപി നേട്ടം കൊയ്തു. ആകെയുള്ള 60ല്‍ 31ലും ബിജെപി മുന്നിലത്തി. കോണ്‍ഗ്രസ് 3 സീറ്റിലൊതുങ്ങി. ജെഡിയുവിന് 7 സീറ്റ് ലഭിച്ചു.
ഇന്ത്യയില്‍ ഏറ്റവുമധികം കാലം മുഖ്യമന്ത്രിയായ വ്യക്തി എന്ന റെക്കോര്‍ഡിന് ഉടമയായ പവന്‍കുമാര്‍ ചാംലിങ്, സിക്കിമില്‍ അധികാരത്തില്‍നിന്നു പുറത്തായി. ആകെയുള്ള 32 സീറ്റുകളില്‍ ചാംലിങ്ങിന്റെ ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎം) നേടിയത് 15 സീറ്റ് മാത്രം. കേവല ഭൂരിപക്ഷത്തിനാവശ്യമായ 17 സീറ്റുമായി സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്കെഎം) അധികാരത്തിലെത്തി.