ന്യൂഡൽഹിയിൽ കേന്ദ്രമന്ത്രിയെ മാറ്റി സുഷമയുടെ മകൾ; മുൻ മന്ത്രിയെ ഇറക്കി എഎപി
Mail This Article
ന്യൂഡൽഹി∙ സംസ്ഥാനം പിടിച്ചെടുക്കാൻ കച്ചകെട്ടിയിറങ്ങുന്ന ബിജെപി ഇത്തവണ തലസ്ഥാന നഗരത്തിലേക്കു നിയോഗിച്ചിരിക്കുന്നത് ബാസുരി സ്വരാജിനെ. ബിജെപിയുടെ സിറ്റിങ് മണ്ഡലമാണ് ഇത്. തിരിച്ചുപിടിക്കാൻ എഎപി രംഗത്തിറക്കുന്നത് മുതിർന്ന നേതാവ് സോംനാഥ് ഭാരതിയെയും.
ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ മീനാക്ഷി ലേഖിയാണ് നിലവിലെ എംപി. കോൺഗ്രസ് നേതാവ് അജയ് മാക്കനെയാണ് 2019ലെ തിരഞ്ഞെടുപ്പിൽ ഇവർ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 55.17 ശതമാനം വോട്ടുകളാണു ബിജെപി നേടിയത്. കോൺഗ്രസിന് 27.1 ശതമാനം വോട്ടുകൾ ലഭിച്ചു. ആം ആദ്മി പാർട്ടിക്ക് 16.45 ശതമാനം വോട്ടുകളാണു ലഭിച്ചത്. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് 27 സ്ഥാനാർഥികളാണു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ന്യൂഡൽഹി മണ്ഡലത്തിൽ മത്സരിച്ചത്.
∙ ബാസുരി സ്വരാജ് (ബിജെപി)
അന്തരിച്ച ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സുഷമ സ്വരാജിന്റെ മകളാണു ബാസുരി സ്വരാജ്. അഭിഭാഷകയായ ബാസുരി ഓക്സഫഡ് സർവകലാശാലയിൽ നിന്നാണ് മാസ്റ്റേഴ്സ് പൂർത്തിയാക്കിയത്. രാജ്യാന്തര വ്യവഹാരങ്ങളിലും ക്രിമിനൽ കേസുകളിലും പ്രഗത്ഭയാണ്. ബിജെപി ഡൽഹി ലീഗൽ സെല്ലിന്റെ കോ–കൺവീനറാണ്. ഹരിയാനയുടെ അഡീഷനൽ അഡ്വക്കറ്റ് ജനറലുമായിരുന്നു.
∙ സോംനാഥ് ഭാരതി (ആം ആദ്മി പാർട്ടി)
ആം ആദ്മി പാർട്ടിയുടെ സ്ഥാപക അംഗങ്ങളിൽ പ്രധാനിയാണ് അഭിഭാഷകനായ സോംനാഥ് ഭാരതി. മാളവ്യനഗറിൽ നിന്നു 3 തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. നിയമവകുപ്പ് ഉൾപ്പെടെ ഒട്ടേറെ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു.