സംസ്കൃത സർവകലാശാല വിസിയെ പുറത്താക്കിയ നടപടി പിൻവലിക്കണം: അക്കാദമിക്ക് പ്രമുഖർ
Mail This Article
കൊച്ചി∙ സംസ്കൃത സർവകലാശാല വൈസ് ചാൻസിലർ പദവിയിൽ നിന്ന് പ്രഫ. എം.വി.നാരായണനെ പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ നൂറിലേറെ അക്കാദമിക്ക് പ്രമുഖരും എഴുത്തുകാരും രംഗത്ത്. രാഷ്ട്രീയ പ്രേരിതമായ നടപടിയാണ് ഗവർണറുടെ ഭാഗത്തു നിന്നുണ്ടായതെന്നും പ്രഫ. നാരായണനെ പോലെ പ്രഗത്ഭനായ ഒരാളെ പുറത്താക്കിയ നടപടി പിൻവലിക്കണമെന്നും പ്രസ്താവനയിൽ ഒപ്പു വച്ചവർ ആവശ്യപ്പെട്ടു.
കൊളംബിയ യൂണിവേഴ്സിറ്റി അധ്യാപകനും സംസ്കൃതത്തിലും ഭാരതീയ പഠനത്തിലും വിദഗ്ധനുമായ പ്രഫ. ഷെൽഡൺ പൊള്ളോക്ക്, പ്രഫ. മൈക്കിൾ തരകൻ, എഴുത്തുകാരൻ എം.മുകുന്ദൻ, ആസൂത്രണ ബോർഡംഗം ഡോ. കെ.രവി രാമൻ, ജെഎൻഎയുവിലെ മുൻ അധ്യാപകൻ പ്രഫ. റുസ്തം ബറൂച്ച തുടങ്ങി 170 പേരോളമാണ് പ്രസ്താവനയിൽ ഒപ്പു വച്ചിട്ടുള്ളത്.
വ്യാകരണം, ന്യായ, വേദാന്ത, സാഹിത്യം തുടങ്ങി സംസ്കൃതവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ വലിയ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. ഈ മേഖലകളെല്ലാം മികച്ച രീതിയിൽ പഠിപ്പിക്കുന്ന സ്ഥലങ്ങളിലൊന്നാണ് കാലടി സര്‍വകലാശാല. ഈ സര്‍വകലാശാലയെ ആഗോളതലത്തിലേക്ക് ഉയര്‍ത്തുന്നതിൽ അനേകം ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നയാളാണ് പ്രഫ. എം.വി.നാരായണനെന്നും പ്രസ്താവനയിൽ പറയുന്നു. യുജിസി നിയമവും നിയമനവും സംബന്ധിച്ച ചട്ടങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രഫ. നാരായണൻ, കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ. എം.കെ ജയരാജ് എന്നിവരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയത്.