മഹാദേവ് ആപ് കേസ്: ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ കേസെടുത്ത് ഇ.ഡി
Mail This Article
റായ്പുർ∙ മഹാദേവ് വാതുവയ്‌പ് ആപ് കേസിൽ ഛത്തീസ്‌ഗഡ് മുൻമുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ കേസെടുത്തു. വിശ്വാസലംഘനം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അദ്ദേഹത്തിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. മഹാദേവ് ആപ്പിന്റെ പ്രമോട്ടർമാർ ഭൂപേഷ് ബാഗേലിന് 508 കോടി രൂപ നൽകിയതായി ഇ.ഡി നേരത്തെ അവകാശപ്പെട്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബാഗേലിനെതിരെ കേസെടുത്തത്.
ഓഹരിവിപണിയിൽ പണം നിക്ഷേപിക്കുന്നതിന് വേണ്ടി മഹാദേവ് ആപ് നിരവധി ഡമ്മി അക്കൗണ്ടുകളും വ്യാജ ബാങ്ക് സ്ഥാപനങ്ങളും ഉപയോഗിച്ചതായി എൻഫോഴ്സ്മെന്റ ഡയറക്ടറേറ്റ് (ഇ.ഡി) വെളിപ്പെടുത്തിയിരുന്നു. ഇപ്രകാരം ഏതാണ്ട് 1100 കോടി രൂപയുടെ നിക്ഷേപമാണ് ഓഹരി വിപണിയിൽ നടത്തിയിരിക്കുന്നത്. അന്വേഷണം പൂർത്തിയാകുന്നതുവരെ ഈ ഷെയറുകൾ മരവിപ്പിക്കും.
Read More:മഹാദേവ് ആപ് കേസ്: ഭൂപേഷ് ബാഗേലിനെതിരായ മൊഴി പിൻവലിച്ച് പ്രതി
മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസിൽ മാർച്ച് എട്ടിന് രണ്ടുപേരെ ഇ.ഡി അറസ്റ്റുചെയ്തിരുന്നു. കേസിൽ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മഹാദേവ് ആപ് വഴി അനധികൃതമായി സ്വന്തമാക്കിയ പണം ഛത്തീസ്ഗഡിലെ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും കൈക്കൂലി നൽകുന്നതിനായി വിനിയോഗിച്ചതായി ഏജൻസി പ്രസ്താവിച്ചിരുന്നു.
Read More: ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് മഹാദേവ് ആപ് ഉടമകള്‍ 508 കോടി നല്‍കി: വെളിപ്പെടുത്തലുമായി ഇ.ഡി
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 1764.5 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. 11 പേരാണ് ഇതിനകം അറസ്റ്റിലായിട്ടുള്ളത്. മാർച്ച് 2,3 തീയതികളിലായി ഗിരീഷ് തൽറേജ, സുരജ് ചൊഖാനി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ മാർച്ച് 11 വരെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.