‘യുവതയാണ് ചടുലമായ ഇടപെടൽ ശക്തി, പരിചയസമ്പത്തിനൊപ്പം യുവപ്രാതിനിധ്യവും വേണം’
Mail This Article
വീറും വാശിയുമേറിയ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പോരാട്ട ദിനങ്ങളിലേക്കു രാജ്യം കടന്നിരിക്കുകയാണ്. മികച്ച, സ്ഥാനാർഥികളെ തന്നെയാണു ജനങ്ങൾക്കു മുൻപിൽ ഓരോ പാർട്ടിയും അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ സ്ഥാനാർഥിപ്പട്ടികയിൽ യുവാക്കൾക്കും സ്ത്രീകൾക്കും അർഹമായ പ്രാതിനിധ്യം ഉണ്ടോയെന്നതിൽ ചിലരെങ്കിലും ഇതിനോടകം സംശയം പ്രകടിപ്പിച്ചുകഴിഞ്ഞു. രാഷ്ട്രീയപാർട്ടികൾ യുവാക്കൾക്ക് എല്ലാ മേഖലയിലും അർഹമായ പ്രാതിനിധ്യം കൊടുക്കണമെന്നു തന്നെയാണു പൊതുവികാരം. മനോരമ ഓൺലൈനിന്റെ ‘യുവത്വത്തിന് ഇതു പോരാ’ ക്യാംപെയ്‌നില്‍ പങ്കെടുത്ത് വിഷയത്തിൽ തങ്ങളുടെ നിലപാടു വ്യക്തമാക്കിയിരിക്കുകയാണ് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്ത ജെറോം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസ് ജോർജ്.
Read Also: ടിവി ചർച്ചയിൽ പങ്കെടുക്കുന്നതല്ല രാഷ്ട്രീയ പ്രവർത്തനം, ജനങ്ങളുടെ പൾസ് മനസിലാക്കി വളരണം: അനുമോൾ
പരിചയസമ്പത്തിനൊപ്പം യുവപ്രാതിനിധ്യവും വേണം
ചിന്ത ജെറോം (ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം)
ഏതുസമൂഹത്തിലും ഏറ്റവും ചടുലമായ ഇടപെടൽ ശക്തി യുവതയാണ്. അത് ചരിത്രത്തിൽ ദൃശ്യമാണ്. അതിനാൽ മാറ്റം ഫലപ്രദവും വേഗത്തിലുമാകാൻ യുവപ്രാതിനിധ്യം പ്രധാനമാണ്. പരിചയസമ്പത്തിനൊപ്പമാവണം ഇത്. അതിനാൽ മുതിർന്നവർക്കൊപ്പം യുവത്വവും എന്നതാണു ശരി. ഇക്കാര്യത്തിൽ സിപിഎം നല്ല മാതൃകയാണ്. ഇത് ത്രിതല പഞ്ചായത്തുമുതൽ പാർലമെന്റുവരെ പ്രാവർത്തികമാക്കാൻ പാർട്ടിക്കു കഴിഞ്ഞിട്ടുണ്ട്. പാർട്ടിയുടെ വിവിധ നേതൃത്വതലങ്ങളിലും ഇപ്പോൾ ബോധപൂർവം ഈ കാഴ്ചപ്പാടോടെ തീരുമാനങ്ങൾ എടുക്കുന്നുണ്ട്. 75 വയസ്സ് കഴിഞ്ഞവർ മുഖ്യ നേതൃത്വ ചുമതലകളിൽനിന്നു സാധാരണഗതിയിൽ ഒഴിഞ്ഞുനിൽക്കുന്നതും ഈ സമീപനത്തിന്റെ ഭാഗമാണ്. ലോക്കൽ കമ്മിറ്റിമുതൽ കേന്ദ്രകമ്മിറ്റി വരെ സെക്രട്ടറി ചുമതല മൂന്നുതവണയിലധികം പാടില്ല എന്ന ചട്ടവും ഇതുകൊണ്ടുകൂടിയാണ്. ജനപ്രതിനിധികളായി ഒരേ ആൾ തന്നെ തുടർച്ചയായി വരുന്നതിനു നിയന്ത്രണം കൊണ്ടുവന്നതും ഇതിനോടു ചേർത്തു കാണാവുന്നതാണ്. യുവാക്കൾക്ക് എല്ലാ മേഖലയിലും നല്ല പ്രാതിനിധ്യം നൽകുന്നതിൽ ആസൂത്രിതമായ സമീപനമാണ് സിപിഎം പിന്തുടരുന്നത്.
ഇന്ത്യയുടെ ശരാശരി പ്രായം 28 ആണെന്നു മറക്കരുത്
ജോൺസ് ജോർജ് (എക്സിക്യൂട്ടീവ് ഡയറക്ടർ,ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്)
ഇന്ത്യൻ ജനതയുടെ ശരാശരി പ്രായം (മീഡിയൻ ഏജ്) 28 വയസാണ്. അങ്ങനെയുള്ള ഒരു രാജ്യത്തിന്റെ വളർച്ചാപാതയിൽ യുവജനതയും ഡിജിറ്റൽ വിപ്ലവവും നിർണായക ശക്തികളാകുമെന്നാണു പ്രതീക്ഷ. എന്നാൽ തിരഞ്ഞെടുപ്പിൽ അണിനിരത്തുന്ന സ്ഥാനാർഥികളിൽ ഭൂരിഭാഗവും മുതിർന്ന പൗരന്മാരാണെന്നത് എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. യുവശക്തിയുടെ സാധ്യത തിരിച്ചറിഞ്ഞു പ്രയോജനപ്പെടുത്തുകയെന്നത് ഈ സാഹചര്യത്തിൽ ഏറെ അനിവാര്യമാണ്. മുതിർന്നവരുടെ അനുഭവസമ്പത്തു മൂല്യവത്തായിരിക്കുമ്പോൾത്തന്നെ യുവാക്കളുടെ പ്രാതിനിധ്യത്തെക്കൂടി പ്രയോജനപ്പെടുത്തുന്ന തരത്തിലേക്കു രാഷ്ട്രീയപാർട്ടികൾ പരുവപ്പെടണം. രാജ്യവളർച്ചയെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങളെ ഉത്തേജിപ്പിക്കുന്നതിനൊപ്പം യുവാക്കളെയും അവരുടെ ആവശ്യങ്ങളെയും മനസിലാക്കി അവർക്കൊപ്പം നിൽക്കാൻ ജനപ്രതിനിധികളിലെ യുവാക്കളുടെ പ്രാതിനിധ്യം തീർച്ചയായും വർധിക്കേണ്ടതുണ്ട്.