എല്ലാ വിവരവും എന്നു പറഞ്ഞാൽ എല്ലാമാണ്; തിരിച്ചറിയല്‍ കോഡ് ഉള്‍പ്പെടെ വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി
Mail This Article
ന്യൂഡൽഹി∙ തിരഞ്ഞെടുപ്പു ബോണ്ടുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്നു സുപ്രീംകോടതി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു നിർദേശം നൽകി. കോടതി നിർദേശിച്ചാൽ മാത്രമേ വിവരങ്ങൾ വെളിപ്പെടുത്തൂ എന്ന നിലപാട് വേണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. തുടർന്ന് ഏതു രാഷ്ട്രീയ പാർട്ടിക്കാണു ബോണ്ടുകൾ ലഭിച്ചതെന്നു തിരിച്ചറിയാനുള്ള ആൽഫ ന്യൂമറിക് നമ്പരുകൾ വെളിപ്പെടുത്താമെന്ന് എസ്ബിഐ വ്യക്തമാക്കി.
Read More: ‘ആരോ കവർ തന്നു; അതിൽ 10 കോടി’; ആരൊക്കെ പണം നൽകിയെന്ന് അറിയില്ലെന്ന് ബിജെപിയും കോൺഗ്രസും
ബോണ്ടുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും വെളിപ്പെടുത്തണം. ബോണ്ടുകൾ സംബന്ധിച്ച വിവരങ്ങളൊന്നും മറച്ചു വച്ചിട്ടില്ലെന്നു വ്യക്തമാക്കി വ്യാഴാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം നൽകണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് നിർദേശിച്ചു. തിരഞ്ഞെടുപ്പു ബോണ്ടുകൾ സംബന്ധിച്ചു നൽകിയ വിവരങ്ങൾ പൂർണമല്ലെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി നേരത്തേ എസ്ബിഐക്കു നോട്ടിസ് നൽകിയിരുന്നു.
കോടതി ആവശ്യപ്പെട്ടാൽ മാത്രം ചില വിവരങ്ങൾ നൽകാം എന്ന നിലപാടാണ് എസ്ബിഐക്കുള്ളത്. അതിനായി കാത്തിരിക്കേണ്ടതില്ല. എല്ലാ വിവരങ്ങളും കൈമാറണം എന്നു കോടതി ആവശ്യപ്പെട്ടാൽ എല്ലാ വിവരങ്ങളും നൽകിയേ മതിയാകൂ എന്നും കോടതി പറഞ്ഞു.
തിരഞ്ഞെടുപ്പു ബോണ്ടുകൾ സംബന്ധിച്ച ഏറ്റവും ചെറിയ വിവരം പോലും പുറത്തു വരണം. ഒരു വിവരവും മറച്ചു വച്ചിട്ടില്ലെന്നു കോടതിക്ക് ഉറപ്പാക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
കള്ളപ്പണം തടയുക എന്നതായിരുന്നു ഇലക്ടറൽ ബോണ്ടുകളുടെ ലക്ഷ്യമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. കോടതിവിധിയുടെ പേരിൽ പുറത്തുനടക്കുന്ന സംഭവവികാസങ്ങൾ കോടതി അറിയണമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽമീഡിയയിലൂടെയും മറ്റും വ്യവസായികളെ വേട്ടയാടുകയാണ്. ഇക്കാര്യത്തിൽ കോടതി നടപടിയുണ്ടാകണമെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു.
ജഡ്ജിമാർ നിയമവാഴ്ച നടത്തുകയും ഭരണഘടനയനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി. വിധികർത്തക്കാളായ തങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിധി നിർദേശങ്ങൾ നടപ്പിലാക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചീഫ് ജസ്റ്റിസിനു പുറമേ ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരാണു ഭരണഘടന ബെഞ്ചിലുള്ളത്.