കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേട്; എന്താണ് ഇ.ഡി ചെയ്യുന്നതെന്ന് ഹൈക്കോടതി
Mail This Article
കൊച്ചി ∙ കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടിൽ അന്വേഷണം നീണ്ടു പോകുന്നതിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതി വിമർശനം. ഈ കേസിൽ എന്താണ് ഇ.ഡി ചെയ്യുന്നതെന്നും അന്വേഷണം ഇഴയാൻ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്നും അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അലി സാബ്രി എന്ന നിക്ഷേപകൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഈ നിരീക്ഷണങ്ങൾ നടത്തിയത്. അലി സാബ്രിയുടെ ഉൾപ്പെടെ എല്ലാ കുറ്റപത്രങ്ങളും ഹാജരാക്കാനും ഹൈക്കോടതി നിർദേശിച്ചു. കരുവന്നൂരിനൊപ്പം 12 സഹകരണ ബാങ്കുകളിലും അന്വേഷണം നടക്കുന്നുണ്ടെന്നും ഇ.ഡി. കോടതിയെ അറിയിച്ചു.
Read also: എല്ലാ വിവരവും എന്നു പറഞ്ഞാൽ എല്ലാമാണ്; തിരിച്ചറിയല്‍ കോഡ് ഉള്‍പ്പെടെ വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി
നേരത്തെ, അലി സാബ്രിയുടെ ഹർജി തള്ളണമെന്നും ബാങ്കുമായി ബന്ധപ്പെട്ട് ഇയാൾ നടത്തിയ ക്രമക്കേടുകൾക്ക് തെളിവുണ്ടെന്നും ഇ.ഡി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. കേസ് പരിഗണിച്ചപ്പോൾ ഇക്കാര്യം കോടതി ആരാഞ്ഞു. ഇതിനിടെയാണ് കരുവന്നൂരുമായി ബന്ധപ്പെട്ട് അന്വേഷണം നീളുന്നതിൽ കോടതി അനിഷ്ടം രേഖപ്പെടുത്തിയത്. നേരത്തെ കേസ് പരിഗണിച്ചപ്പോഴും കോടതി ഈ നിരീക്ഷണം നടത്തിയിരുന്നു. കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കരുവന്നൂരുമായി ബന്ധപ്പെട്ട് ലഭിച്ച മൊഴികളിൽ നിന്ന് ചില രാഷ്ട്രീയ നേതാക്കളുടെ പങ്ക് വ്യക്തമായിട്ടുണ്ടെന്നും ഇ.ഡി അറിയിച്ചു. ഇവർക്കടക്കം സമൻസ് അയയ്ക്കാനുള്ള തയാറെടുപ്പിലാണ് തങ്ങളെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് കോടതി ഇന്നും അന്വേഷണം വൈകുന്ന കാര്യം പരാമർശിച്ചത്.
എല്ലാക്കാലത്തും അന്വേഷണം ഇങ്ങനെ നീട്ടിക്കൊണ്ടു പോകാൻ പറ്റില്ല. നിക്ഷേപകരടക്കം അനേകം പേരെ ബാധിക്കുന്ന കാര്യമാണിത്. അവർക്ക് എന്ത് ഉറപ്പ് കൊടുക്കും? ഒരു അന്വേഷണ ഏജൻസി കാര്യപ്രാപ്തി തെളിയിക്കേണ്ടത് അവരുടെ നടപടിയിലൂടെയാണ്. അന്വേഷണത്തിന് ഒരു സമയക്രമം ഉണ്ടാകണമെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടർന്നാണ് അലി സാബ്രിയുമായി ബന്ധപ്പെട്ട കുറ്റപത്രം സമര്‍പ്പിക്കാൻ കോടതി നിർദേശിച്ചത്. കേസന്വേഷണം സമയബന്ധിതമായി മുന്നോട്ടു പോകുന്നുണ്ടെന്നും നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇ.ഡി വ്യക്തമാക്കി. കേസ് രണ്ടാഴ്ചയ്ക്ക് േശഷം വീണ്ടും പരിഗണിക്കും.
പരാതിക്കാരനായ അലി സാബ്രിക്കെതിരെ ഗുരുതരമായ കേസാണുള്ളതെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു. അലി സാബ്രി ഭാര്യയുടെ പേരിലുള്ള സ്ഥലം കരുവന്നൂർ ബാങ്കിൽ ഈടുവച്ച ശേഷം വായ്പ എടുത്ത് ആ പണം ഫിക്സഡ് ഡിപ്പോസിറ്റായി അന്നു തന്നെ ഇടുകയാണ് ചെയ്തത്. എന്തിനാണോ വായ്പ എടുത്തത്, അതിനു മാത്രം ഈ പണം ഉപയോഗിച്ചിട്ടില്ല. പൊള്ളാച്ചിയിൽ സ്ഥലം വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കുമാണ് ഈ പണം ഉപയോഗിച്ചിട്ടുള്ളത്. ഈ സ്ഥലം പിന്നീട് വാടാനപ്പിള്ളി സ്വദേശികളായ ജോസഫിനും ഭാര്യ റോസിക്കും മറിച്ചുവിറ്റു. പൊള്ളാച്ചിയിലെ സ്ഥലത്തിന് പകരമായി അലി സാബ്രിക്ക് ലഭിച്ചത് തൃശൂർ മെഡിക്കൽ കോളജിനടുത്ത് ഒരേക്കർ സ്ഥലമാണ്. പിന്നീട് ഇത് വിറ്റിട്ട് ഗോവിന്ദപുരത്ത് സ്ഥലം വാങ്ങി. ഏറ്റവുമൊടുവിൽ ഇത് വിറ്റിട്ട് ആ പണം പ്രൈം ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്സ് എന്ന തങ്ങളുടെ ബിസിനസില്‍ ഇറക്കുകയായിരുന്നു എന്നും ഇ.ഡി പറയുന്നു. അലി സാബ്രിക്ക് സ്വന്തം പേരിലും കുടുംബക്കാരുടെയും മറ്റുള്ളവരുടെയും പേരിൽ എല്ലാമായി 6.60 കോടി രൂപയാണ് കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പയായി ലഭിച്ചിട്ടുള്ളതെന്നും ഇ.ഡി പറയുന്നു.