‘പത്മഭൂഷണൊക്കെ വേണ്ടേ’: സുരേഷ് ഗോപിക്ക് എതിരെ പോസ്റ്റ്, വിവാദം; ടൊവിനോ ചിത്രം ഡിലീറ്റ് ചെയ്ത് സുനിൽകുമാർ
Mail This Article
തൃശൂർ∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ തൃശൂരിൽ ഫെയ്‌സ്ബുക് പോസ്റ്റുകളെച്ചൊല്ലി വിവാദം. ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്കെതിരെ കലാമണ്ഡലം ഗോപിയുടെ മകൻ രഘു ഗുരുകൃപയുടെ പോസ്റ്റാണ് ആദ്യത്തേത്. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു. സുരേഷ് ഗോപിയെ പിന്തുണയ്ക്കാനായി ഗോപിയാശാനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു പോസ്റ്റ്.
സുരേഷ് ഗോപിയെ ഗോപിയാശാൻ അനുഗ്രഹിക്കണമെന്നും അതിനായി വീട്ടില്‍ എത്തുമെന്നും പറഞ്ഞ് പ്രശസ്തനായ ഒരു ഡോക്ടര്‍ വിളിച്ചെന്നും അതിന് കഴിയില്ലെന്ന് അറിയിച്ചപ്പോള്‍ പത്മഭൂഷണ്‍ വേണ്ടേയെന്ന് അദ്ദേഹം ചോദിച്ചെന്നുമാണ് ഗോപി ആശാന്‍റെ മകന്‍ ഫെയ്‌സ്‌ബുക് പോസ്റ്റിലുടെ വെളിപ്പെടുത്തിയത്. ഇതിന് മറുപടിയായി ‘അങ്ങനെ എനിക്ക് കിട്ടേണ്ട’ എന്ന് ഗോപി ആശാന്‍ മറുപടി നല്‍കിയെന്നും പോസ്റ്റിൽ പറയുന്നു.
സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധിനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസിലാക്കണമെന്നും മകൻ പറഞ്ഞു. വെറുതെ ഉള്ള സ്നേഹവും ബഹുമാനവും കളയരുത്. പലരും സ്നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണെന്ന് ഇന്നാണ് മനസിലായത്. എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട്, അത് താല്‍ക്കാലിക ലാഭത്തിനല്ല, നെഞ്ചില്‍ ആഴ്ന്നിറങ്ങിയതാണെന്നും ഗോപി ആശാന്‍റെ മകന്‍ രഘു തന്‍റെ ഫെയ്‌സ്ബുക് കുറിപ്പില്‍ പറയുന്നുണ്ട്.
പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചർച്ചയാകുകയും ചെയ്തതോടെ ഡിലീറ്റ് ചെയ്യുകയായിരുന്നു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാൻ വേണ്ടി മാത്രമാണ് പോസ്റ്റെന്നും ചർച്ച അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് സ്ഥാനാർഥി വി.എസ് സുനിൽകുമാർ, നടൻ ടൊവിനോ തോമസിനൊപ്പം പങ്കുവച്ച ചിത്രമാണ് മറ്റൊരു വിവാദം. ടൊവിനോ തോമസിനെ ഷൂട്ടിങ് ലൊക്കേഷനിലെത്തി കണ്ടെന്നും വിജയാശംസകൾ നേർന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്‍റെ സ്നേഹത്തിന് നന്ദിയെന്നും സുനിൽ കുമാർ കുറിച്ചു.
എന്നാൽ ഇതിനു പിന്നാലെ തന്റെ ചിത്രമോ തന്നോടൊപ്പം ഉള്ള ചിത്രമോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് വ്യക്തമാക്കി ടൊവിനോ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതോടെ സുനിൽകുമാർ പോസ്റ്റ് ഡിലീറ്റ് ചെയ്തു. താൻ കേരള തിരഞ്ഞെടുപ്പ് കമ്മിഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്‍റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (എസ്‌വിഇഇപി) അംബാസഡർ ആണെന്നും ടൊവിനോ തോമസ് വ്യക്തമാക്കി.