‘ഒരു പാര എടുക്ക്’: വാതിൽ ചവിട്ടിപ്പൊളിച്ച് പൊലീസ്, ജനൽച്ചില്ലുമായി ആക്രമിച്ച് മുജീബ്– വിഡിയോ
Mail This Article
പേരാമ്പ്ര (കോഴിക്കോട്) ∙ യുവതിയെ ബൈക്കിൽ കയറ്റിക്കൊണ്ടു പോയി ആഭരണം കവർന്നു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കൊണ്ടോട്ടി കാവുങ്ങൽ ചെറുപറമ്പ് കോളനിയിൽ നമ്പിലത്ത് മുജീബ് റഹ്‌മാനെ (49) പൊലീസ് സാഹസികമായി പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. കുറുങ്കുടി മീത്തൽ അനുവിനെ (27) കൊലപ്പെടുത്തിയ മുജീബിനെ ഞായറാഴ്ച രാത്രി കൊണ്ടോട്ടിയിലെ വീട്ടിൽനിന്നാണ് കോഴിക്കോട് പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൊലപാതകത്തിനുശേഷം ഒന്നും സംഭവിക്കാത്തപോലെയാണ് മുജീബ് വീട്ടിലെത്തിയത്. അനു ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് മുജീബിനെ തിരിച്ചറിയാൻ പൊലീസിനു സഹായകമായത്. ഞായറാഴ്ച രാത്രിയാണ് മലപ്പുറം പൊലീസിന്റെ സഹായത്തോടെ പേരാമ്പ്ര പൊലീസ് കൊണ്ടോട്ടിയിലെ വീട്ടിലെത്തിയത്. പൊലീസിനെ കണ്ടയുടൻ മുജീബ് മുറിയിൽ കയറി വാതിൽ അടക്കുകയായിരുന്നു. ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറക്കാൻ ഇയാൾ തയാറായില്ല.
ഒടുവിൽ വാതിൽ ചവിട്ടിപ്പൊളിച്ചാണ് പൊലീസുകാർ അകത്തു കടന്നത്. ‘ഒരു പാര എടുക്ക്’ എന്നുൾപ്പെടെ ഉദ്യോഗസ്ഥർ പറയുന്നത് വിഡിയോ ദൃശ്യങ്ങളിൽ കേൾക്കാം. ‘വാതിൽ പൊളിക്കരുത് സാറേ, പ്ലീസ്’ എന്ന് വീട്ടിലുള്ള സ്ത്രീയും പറയുന്നു. മുറിക്കുള്ളിൽ കടന്ന ഉദ്യോഗസ്ഥരിൽ ഒരാളെ ജനൽച്ചില്ല് പൊട്ടിച്ച് മുജീബ് ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ മുജീബിനെ കീഴടക്കുകയായിരുന്നു.
ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 60 കേസുകൾ നിലവിലുണ്ട്. മുക്കത്തു മോഷണത്തിനിടയിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിലും പ്രതിയാണ്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനുശേഷം ഇന്നലെ പുലർച്ചെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഈ മാസം 11ന് രാവിലെ ഒൻപതിന് ഇരിങ്ങണ്ണൂരിലെ വീട്ടിൽ നിന്ന് എത്തുന്ന ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകാനായി സ്വന്തം വീട്ടിൽ നിന്നു നടന്നു പോവുകയായിരുന്ന അനുവിനെ വാളൂർ നടുക്കണ്ടിപ്പാറയിൽ വച്ചാണ് പ്രതി കണ്ടത്. കണ്ണൂർ മട്ടന്നൂരിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് നൗഫലിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് മോഷ്ടിച്ചാണ് മുജീബ് റഹ്മാൻ ഇവിടെ എത്തിയത്. വാഹനം ലഭിക്കാൻ പ്രയാസമുള്ള ഭാഗമാണ് ഇവിടം. അത്യാവശ്യമാണെങ്കിൽ തൊട്ടടുത്ത സ്ഥലത്ത് വിടാമെന്ന് പറഞ്ഞാണ് യുവതിയെ സമീപിച്ചത്. ഹെൽമറ്റും കോട്ടും ധരിച്ചിരുന്നു. ആദ്യം കയറാൻ മടിച്ച യുവതി പിന്നീട് സമീപവാസികൾ ആരെങ്കിലും ആയിരിക്കുമെന്ന് കരുതിയാകാം പ്രതിയുടെ ബൈക്കിൽ കയറിയതെന്ന് പൊലീസ് കരുതുന്നു.
തുടർന്ന് സമീപത്തെ ആളൊഴിഞ്ഞ തോടിനു സമീപം എത്തിയപ്പോൾ ഇയാൾ അനുവിനെ തോട്ടിലേക്ക് തള്ളിയിടുകയും തല വെള്ളത്തിൽ ചവിട്ടി താഴ്ത്തി കൊലപ്പെടുത്തി ആഭരണം കവരുകയുമായിരുന്നു. യുവതി ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് പ്രതിയെ കണ്ടെത്താൻ സഹായകമായത്. കവർച്ച ചെയ്ത അഞ്ചര പവൻ ആഭരണവും ബൈക്കും പൊലീസ് കണ്ടെടുത്തു. മോഷ്ടിച്ച ആഭരണം വിൽക്കാൻ കൂട്ടു നിന്ന കൊണ്ടോട്ടി ചുണ്ടക്കാട് സ്വദേശിയേയും കണ്ടെത്തിയതായി ഡിവൈഎസ്പി കെ.എം.ബിജു പറഞ്ഞു.