ADVERTISEMENT

മുംബൈ∙ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് നടത്തിയ മെഗാറാലിയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ബിജെപി അധികാര ദുർവിനിയോഗം നടത്തുന്നതായി ഉദാഹരണങ്ങൾ നിരത്തി രാഹുൽ സമർഥിച്ചു. കേന്ദ്ര ഏജൻസികളെ ഭയന്നാണ് ഒരു മുതിർന്ന നേതാവ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയതെന്നും നേതാവിന്റെ പേരുവെളിപ്പെടുത്താതെ രാഹുൽ ആരോപിച്ചു. 

‘‘നാം അധികാരത്തോടാണ് പോരാടിക്കൊണ്ടിരിക്കുന്നത്.  എന്താണ് ആ അധികാരം എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ആ രാജാവിന്റെ ആത്മാവ് ഇവിഎമ്മിലും ഇഡിയിലും സിബിഐയിലും ആദായനികുതിയിലുമാണ് കുടികൊള്ളുന്നത്.’’ മോദിയെ പരിഹസിച്ചുകൊണ്ട് രാഹുൽ പറഞ്ഞു. 

Read More: ‘പുതിയ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം’; അശോക് ചവാൻ ബിജെപിയിൽ; രാജ്യസഭാ സീറ്റ് നൽകിയേക്കും

തുടർന്നായിരുന്നു മഹാരാഷ്ട്രയിൽ നിന്ന് കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് സോണിയ ഗാന്ധിയെ വിളിച്ച് വിഷമത്തോടെ സംസാരിച്ച കാര്യം രാഹുൽ വെളിപ്പെടുത്തിയത്. ‘‘പേരുപറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഈ സംസ്ഥാനത്ത് നിന്ന് കോൺഗ്രസ് വിട്ട ഒരു മുതിർന്ന നേതാവ് അമ്മയെ വിളിച്ചിരുന്നു. സോണിയാജി, എനിക്ക് പറയാൻ ലജ്ജയുണ്ട്, പക്ഷേ ഇവർക്കെതിരെ പോരാടാൻ എനിക്ക് അധികാരമില്ല എനിക്ക് ജയിലിൽ പോകാൻ ആഗ്രഹമില്ല എന്നുപറഞ്ഞ് അയാൾ കരയുകയായിരുന്നു.’’ രാഹുൽ പറഞ്ഞു. അടുത്തിടെ ‌കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ അശോക് ചവാനെ കുറിച്ചാണ് രാഹുൽ പറഞ്ഞതെന്നാണ് സൂചന. 

പാർലമെന്റിൽ സമർപ്പിച്ച ധവളപത്രത്തിൽ ആദർശ് കുംഭകോണത്തെ പറ്റി സൂചനയുണ്ടായിരുന്നെന്നും അതാണ് ചവാൻ കോൺഗ്രസ് വിടാൻ കാരണമെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാന പട്ടോലെ പറഞ്ഞിരുന്നു. ചവാനെതിരെ മൂന്നുകേസുകളാണ് ഉണ്ടായിരുന്നത്. അതിൽ രണ്ടെണ്ണം ആദർശ് കുംഭകോണവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ആദർശ് കുംഭകോണത്തിൽ പങ്കുണ്ടെന്ന ആരോപണത്തെ തുടർന്നാണ് അശോക് ചവാൻ രാജിവയ്‌ക്കുന്നത്. 

English Summary:

Rahul Gandhi said that congress leader switched sides to evade the Central investigation agencies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com