‘ഹനുമാൻ ചാലിസ’ കേൾപ്പിച്ച കടയുടമയെ മർദിച്ചതിൽ പ്രതിഷേധം; ബിജെപി നേതാക്കൾ അറസ്റ്റിൽ
Mail This Article
ബെംഗളൂരു∙ നമസ്കാര സമയത്ത് ലൗഡ് സ്പീക്കറിൽ ‘ഹനുമാൻ ചാലിസ’ കേൾപ്പിച്ച കടയുടമയെ ഒരു കൂട്ടം യുവാക്കൾ മർദിച്ച സംഭവത്തിൽ നടത്തിയ പ്രതിഷേധത്തിനിടെ തേജസ്വി സൂര്യ എംപി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ അറസ്റ്റിൽ. ബെംഗളൂരു സൗത്ത് എംപിയാണ് തേജസ്വി സൂര്യ. കേന്ദ്രമന്ത്രി ശോഭ കരന്തലാജെ, ബിജെപി എംഎൽഎ എസ്. സുരേഷ് കുമാർ എന്നിവരെയും പൊലീസ് കരുതൽ തടങ്കലിലാക്കി. ഞായറാഴ്ചയാണ് അക്രമികൾ മുകേഷ് എന്നയാളെ ആക്രമിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
Read More: വരനെത്തിയില്ല, സമൂഹ വിവാഹ പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റാൻ സഹോദരനെ വിവാഹം ചെയ്ത് യുവതി
ബെംഗളൂരു നഗരത്‌പേട്ടിലെ ഇയാളുടെ കടയുടെ മുന്നിൽനിന്ന് പ്രതിഷേധം തുടങ്ങാനായിരുന്നു ബിജെപിയുടെ പദ്ധതി. ഇയാളെ ആക്രമിച്ചവരെ ഉച്ചയോടുകൂടി പിടികൂടണമെന്ന അന്ത്യശാസനം തേജസ്വി സൂര്യ സിദ്ധരാമയ്യ സർക്കാരിന് ഇന്നലെ നൽകിയിരുന്നു. ക്രമസമാധാനം നടപ്പാക്കുന്നതിൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടുവെന്നും ‘ബ്രാൻഡ് ബെംഗളൂരു’ എന്നത് വെറുതേ പറയുന്നതാണെന്നും തേജസ്വി സൂര്യ ആരോപിച്ചു.
‘‘രണ്ടാഴ്ച മുൻപ് ബോംബ് സ്ഫോടനം ഉണ്ടായി. അതിനും ഒരാഴ്ച മുൻപ് പാക്കിസ്ഥാൻ സിന്താബാദ് എന്ന മുദ്രാവാക്യവും ഉയർന്നു. ഇന്ന് കടയുടമകൾക്കുനേരെ ആക്രമണം നടത്തുകയാണ്. എന്തു സന്ദേശമാണ് ഇതിൽനിന്ന് സർക്കാർ നൽകുന്നത്? കോൺഗ്രസ് പാർട്ടി അധികാരത്തിൽ വരുമ്പോഴെല്ലാം എന്തുകൊണ്ടാണ് ഇത്തരം ശക്തികൾ സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തയാറാകുന്നത്? എന്തുകൊണ്ടാണ് അവരതിന് ധൈര്യപ്പെടുന്നത്? കുറ്റാരോപിതരെ അനുകൂലിച്ച് എന്തുകൊണ്ടാണ് ദിനേശ് ഗുണ്ടു റാവുവിനെപ്പോലുള്ള മന്ത്രിമാർ രംഗത്തെത്തുന്നത്?’’ – തേജസ്വി സൂര്യ ചോദിച്ചു.