ഉദ്ധവിനെ തളയ്ക്കാൻ രാജ് താക്കറെയെ കൂട്ടുപിടിച്ച് ബിജെപി; എൻഡിഎയിൽ എത്തിക്കാൻ നീക്കം
Mail This Article
മുംബൈ∙ മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ ഉയർത്തുന്ന വെല്ലുവിളികളെ ഭേദിച്ച് ലോക്സഭാ സീറ്റുകൾ വർധിപ്പിക്കാൻ ബന്ധുവായ രാജ് താക്കറെയെ കൂട്ടുപിടിച്ച് ബിജെപി. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന എൻഡിഎയുമായി സഖ്യത്തിനൊരുങ്ങുന്നുവെന്നാണ് സൂചന.
രാജ് താക്കറെ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി അമിത് ഷായുമായും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായും കൂടിക്കാഴ്ച നടത്തി. ‘‘എന്നോട് അവർ ഡൽഹിയിലേക്ക് വരാമോ എന്ന് ചോദിച്ചു. ഞാൻ പോയി. എന്താകുമെന്ന് നോക്കാം.’’എന്നായിരുന്നു ഇതേ കുറിച്ച് രാജ് താക്കറെയുടെ പ്രതികരണം. തീരുമാനം എന്തായാലും അത് മറാത്തികളുടെയും ഹിന്ദുത്വത്തിന്റെ യും പാർട്ടിയുടെയും നല്ലതിന് വേണ്ടി മാത്രമായിരിക്കുമെന്ന് പാർട്ടി എംഎൻഎസ് പാർട്ടി നേതാവ് സന്ദീപ് ദേശ്പാണ്ഡെ പറഞ്ഞു. ദക്ഷിണ മുംബൈ, ശിർദി, നാസിക് എന്നിവിടങ്ങളിലായി മൂന്നുസീറ്റുകൾ എംഎൻഎസ് ചോദിച്ചതായാണ് റിപ്പോർട്ട്.
Read More: കേരളത്തെ സൊമാലിയയെന്ന് വിശേഷിപ്പിച്ചതിന് മലയാളികളോട് മാപ്പുപറയുമോ? മോദിയോട് ജയറാം രമേശ്
2019–ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ ശിവസേനയും ബിജെപിയും ഒന്നിച്ചാണ് നേരിട്ടത്. 48 സീറ്റുകളിൽ 41 എണ്ണം നേടാൻ സഖ്യത്തിന് സാധിച്ചു. മാസങ്ങൾക്ക് ശേഷം നിയമസഭാ തിരഞ്ഞെടുപ്പിലും വൻവിജയം നേടാനായി. എന്നാൽ അധികാരത്തെ ചൊല്ലിയുള്ള തർക്കത്തിൽ ശിവസേന എൻഡിഎ വിടുകയായിരുന്നു.
തുടർന്ന് എൻസിപിയും കോൺഗ്രസുമായ ചേർന്ന് ഉദ്ധവ് സർക്കാർ അധികാരത്തിൽ വന്നെങ്കിലും ശിവസേനയിൽ വിള്ളലുണ്ടാക്കി ബിജെപി അധികാരം പിടിച്ചെടുത്തു. ഉദ്ധവിന് പാർട്ടിയുടെ പേരും ചിഹ്നവും നഷ്ടപ്പെട്ടു. സമാനമായ രീതിയിൽ എൻസിപിയിലും ബിജെപി വിള്ളലുണ്ടാക്കി. ശരദ് പവാറിന് പാർട്ടിയുടെ പേരും ചിഹ്നവും നഷ്ടപ്പെട്ടു. 2019–ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്തുനോക്കുമ്പോൾ അതുകൊണ്ടുതന്നെ മഹാരാഷ്ട്ര ഇത്തവണ സാക്ഷ്യം വഹിക്കാൻ പോകുന്നത് അത്യന്തം നാടകീയമായ ഒരു തിരഞ്ഞെടുപ്പിനാണ്.
Read More: ബിഹാറിൽ സീറ്റില്ല; കേന്ദ്രമന്ത്രി പശുപതി പരസ് രാജിവച്ചു, എൻഡിഎയ്ക്ക് തിരിച്ചടി
ഉദ്ധവിനും ശരദ് പവാറിനും മുൻതൂക്കമുള്ള മഹാരാഷ്ട്രയിലെ വിജയം ബിജെപിക്ക് നിർണായകമാണ്. അതുകൊണ്ട് ഉദ്ധവ് താക്കറെ ഫാക്ടറിനെ ഒരു പരിധി വരെ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ് താക്കറെയുമായി ബിജെപി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നത്.
ഉദ്ധവുമായി തെറ്റിപ്പിരിഞ്ഞ രാജ് താക്കറെ 2006ലാണ് എംഎൻഎസിന് രൂപം നൽകുന്നത്. 2009 ൽ മികച്ച വിജയം നേടാനായെങ്കിലും 2014ൽ പാർട്ടി തകർന്നടിഞ്ഞു. 2019–ലും ആ തകർച്ചയിൽ നിന്ന് കരകയറാൻ എംഎൻഎസിന് സാധിച്ചില്ല. വിവാദ പ്രസ്താവനകളിലൂടെയാണ് രാജ് താക്കറെ പിന്നെ രാഷ്ട്രീയത്തിൽ സജീവമായത്. ശിവസേന പിളർന്നപ്പോഴും ഉദ്ധവിനെ വിമർശിച്ച് രാജ് താക്കറെ രംഗത്തെത്തിയിരുന്നു. രാജ് താക്കറെയുടെ ആവശ്യം ബിജെപി അംഗീകരിക്കുകയാണെങ്കിൽ എംഎൻഎസിന്റെ പുനരുജ്ജീവനത്തിനായിരിക്കും ഒരുപക്ഷെ ഈ പൊതുതിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുക.