ഇന്ത്യൻ വിദ്യാർഥിയെ യുഎസിൽ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് ആരോപിച്ച് മാതാപിതാക്കൾ
Mail This Article
ന്യൂഡൽഹി∙ യുഎസിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യൻ വിദ്യാർഥി അഭിജീത് പരുച്ചുരു(20)വിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് മാതാപിതാക്കൾ. കഴിഞ്ഞ ദിവസമാണ് വനത്തിനുള്ളിൽ കാറിൽ നിന്ന് അഭിജീതിന്റെ മൃതദേഹം പൊലീസ് കണ്ടെടുക്കുന്നത്.
അഭിജീതിനെ കാണാനില്ലെന്ന സുഹൃത്തുക്കളുടെ പരാതിയെ തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആന്ധ്രപ്രദേശ് സ്വദേശിയായ അഭിജീത് പരുച്ചുരു ബോസ്റ്റൺ സർവകലാശാലയിലെ എൻജിനീയറിങ് വിദ്യാർഥിയാണ്.
കനക്ടികട്ടിലാണ് അഭിജീതിന്റെ മാതാപിതാക്കളായ പരുചുരി ചക്രധർ, ശ്രീലക്ഷ്മി ബോരുന എന്നിവർ താമസിക്കുന്നത്. അഭിജീതിനെ അജ്ഞാതർ കൊലപ്പെടുത്തിയതാണെന്നാണ് ഇവരുടെ ആരോപണം. ക്യാംപസിൽ വച്ച് അഭിജീതിനെ കൊലപ്പെടുത്തിയ ശേഷം വനത്തിനുള്ളിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു.
എന്നാൽ പ്രാഥമിക അന്വേഷണത്തിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അറിയിച്ചു. അഭിജീതിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ കോൺസുലേറ്റ് ജനറൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും വേഗത്തിൽ പൂർത്തിയാക്കുമെന്നും അറിയിച്ചു.
ഈ വർഷം ഇന്ത്യൻ അഥവാ ഇന്ത്യൻ വംശജരായ വിദ്യാർഥികളുടെയതായി അമേരിക്കയിൽ നടക്കുന്ന ഒൻപതാമെത്ത മരണമാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മാർച്ചിൽ ഇന്ത്യൻ നർത്തകൻ അമർനാഥ് ഘോഷ് യുഎസിൽ വെടിയേറ്റു മരിച്ചിരുന്നു. മിസോറിയിലെ സെന്‍റ് ലൂയിസ് സിറ്റിയിലാണ് അമർനാഥ് ഘോഷ് കൊല്ലപ്പെട്ടത്. സെന്‍റ് ലൂയിസിലെ വാഷിങ്‌ടൻ യൂണിവേഴ്സിറ്റിയിൽ നൃത്തത്തിൽ എംഎഫ്എ വിദ്യാർഥിയായിരുന്നു അമർനാഥ് ഘോഷ്.
ഫെബ്രുവരി 5 നാണ് പർഡ്യൂ സർവകലാശാലയിലെ ഗവേഷക വിദ്യാർഥി സമീർ കാമത്തി(23)നെ പാർക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരി 2 ന് വാക്കുതർക്കത്തിനിടെ തലയ്ക്ക് അടിയേറ്റ ഇന്ത്യൻ വംശജൻ അമേരിക്കയിൽ കൊല്ലപ്പെട്ടിരുന്നു. വെർജീനിയയിൽ എക്‌സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന വിവേക് ചന്ദർ തനേജയാണ് (41) കൊല്ലപ്പെട്ടത്.
ജനുവരിയിൽ ഹരിയാന സ്വദേശിയായ വിവേക് സെയ്നി (25) യുഎസിൽ ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. ജനുവരിയിലാണ് ഒഹായോയിൽ ശ്രേയസ് റെഡ്ഡി ബെനിഗർ (19)നെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻഡ്യാനയിലെ പർഡ്യൂ യൂണിവേഴ്‌സിറ്റിയിലെ നീൽ ആചാര്യ മരിച്ചത് ഈ വർഷമാണ്. അതേസമയം, ഇല്ലിനോയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അകുൽ ബി ധവാന്‍റെ (18) മരണകാരണം ഹൈപ്പോതെർമിയയാണ് സ്ഥീകരിച്ചിരുന്നു.