ADVERTISEMENT

ബെംഗളൂരു∙ തമിഴ്നാടിനും കേരളത്തിനുമെതിരെ വിദ്വേഷ പരാമർശവുമായി കേന്ദ്ര സഹമന്ത്രിയും ബെംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർഥിയുമായ ശോഭ കരന്ദലജെ. തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബെംഗളൂരുവിൽ എത്തി സ്ഫോടനങ്ങൾ നടത്തുന്നെന്നും കേരളത്തിൽനിന്ന് ആളുകൾ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നെന്നുമാണ് ശോഭ പറഞ്ഞത്.

Read also: ‘ഇന്ന് സേലത്ത്, എന്റെ രമേശില്ല’: കൊല്ലപ്പെട്ട ബിജെപി നേതാവിനെ ഓർത്ത് വാക്കുകളിടറി മോദി

“ഒരാൾ തമിഴ്‌നാട്ടിൽനിന്നു വന്ന് ഒരു കഫേയിൽ ബോംബ് വച്ചു. ഡൽഹിയിൽനിന്നു മറ്റൊരാൾ വന്ന് നിയമസഭയിൽ പാക്ക് അനുകൂല മുദ്രാവാക്യം വിളിക്കുന്നു. കേരളത്തിൽനിന്നു മറ്റൊരാൾ വന്ന് കോളജ് വിദ്യാർഥികൾക്കു നേരെ ആസിഡ് ഒഴിക്കുന്നു’’– ശോഭ പറഞ്ഞു. ബെംഗളൂരുവിൽ ഹനുമാൻ ചാലിസ ചൊല്ലിയവർക്കെതിരെ ആക്രമണം നടന്നെന്നും ശോഭ പറഞ്ഞു.

ബെംഗളുരു നഗരത്തിലെ അൾസൂരിൽ പള്ളിക്ക് മുന്നിലുണ്ടായ സംഘർഷവുമായ ബന്ധപ്പെട്ട ബിജെപി പ്രതിഷേധത്തിനിടെ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് ശോഭയുടെ വിദ്വേഷ പരാമർശം. ശോഭ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബെംഗളൂരവിലെ രാമശ്വരം കഫേയിലുണ്ടായ സ്ഫോടനവും പ്രണയാഭ്യർഥന നിരസിച്ചതിന് മംഗളൂരുവിൽ കോളജ് വിദ്യാർഥിനികൾക്കു നേരെ മലയാളി യുവാവിന്റെ ആസിഡ് ആക്രമണവും സൂചിപ്പിച്ചായിരുന്നു ശോഭയുടെ പ്രസ്താവന.

ശോഭയ്‌ക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. വിദ്വേഷ പരാമർശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്നും മതസൗഹാർദം തകർക്കാനുള്ള നീക്കത്തിനെതിരെ കേസെടുക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. കഫേയിലുണ്ടായ സ്ഫോടനത്തിന്റെ പ്രതികളുടെ വിവരങ്ങൾ എൻഐഎ പുറത്തുവിട്ടിട്ടില്ല. ഇത്തരം പരാമർശങ്ങൾ നടത്തുന്നവർ ഒന്നുകിൽ എൻഐഎ ഉദ്യോഗസ്ഥരായിരിക്കണം അല്ലെങ്കിൽ സ്ഫോടനവുമായി ബന്ധമുള്ളവരായിരിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.

‘‘അവർക്ക് ഇത്തരം അവകാശവാദങ്ങൾക്കുള്ള അധികാരമില്ല. ബിജെപിയുടെ ഈ ഭിന്നിപ്പുണ്ടാക്കുന്ന പരാമർശങ്ങൾ തമിഴരും കന്നഡക്കാരും ഒരുപോലെ തള്ളിക്കളയണം. സമാധാനത്തിനും ഐക്യത്തിനും ദേശീയ ഐക്യത്തിനും ഭീഷണിയുണ്ടാക്കുന്ന കേന്ദ്രമന്ത്രിക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കണം.’’ സ്റ്റാലിൻ പറഞ്ഞു.

Read more at:‘ഹനുമാൻ ചാലിസ’ കേൾപ്പിച്ച കടയുടമയെ മർദിച്ചതിൽ പ്രതിഷേധം; ബിജെപി നേതാക്കൾ അറസ്റ്റിൽ

ഞായറാഴ്ച, ബെംഗളുരു നഗരത്തിലെ അൾസൂരിൽ പള്ളിക്ക് മുന്നിൽ വൈകിട്ട് നിസ്കാര സമയത്ത് പാട്ടു വച്ച മൊബൈൽ കടക്കാരും ഒരു സംഘം ആളുകളും തമ്മിൽ സംഘർഷം ഉണ്ടായതിലാണ് ബിജെപി പ്രതിഷേധം. ഹനുമാൻ ചാലീസ വെച്ചതിന് കടക്കാർക്ക് മർദനമേറ്റു എന്ന ആരോപണവുമായി ബിജെപി രംഗത്തെത്തുകയായിരുന്നു. കോൺഗ്രസ് സർക്കാർ ഹിന്ദുക്കളോട് പക്ഷപാതം കാണിക്കുകയാണെന്നും കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര രാജിവയ്ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

English Summary:

Union minister's big ‘Tamil Nadu’ claim on Bengaluru cafe blast suspect

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com