രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നു, 2004 ആവർത്തിക്കും; മോദിയുടെ ഗ്യാരണ്ടി പാഴാകും: ഖർഗെ
Mail This Article
ന്യൂഡൽഹി∙ രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. നരേന്ദ്രമോദിയുടെ ‘മോദിയുടെ ഗ്യാരണ്ടി’ മുദ്രാവാക്യം പാഴാകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതിയിൽ സംസാരിക്കുകയായിരുന്നു ഖർഗെ
പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഉൾപ്പെടെയുള്ള നിർണായക തീരുമാനങ്ങൾ എടുക്കുന്നതിനായാണ് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ കരട് പ്രവർത്തക സമിതിക്ക് നേരത്തേ കൈമാറിയിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് കൈക്കൊള്ളും. ഭാഗിദാരി ന്യായ്, കിസാൻ ന്യായ്, നാരി ന്യായ്, ശ്രമിക് ന്യായ്, യുവ ന്യായ് തുടങ്ങി അഞ്ചുന്യായങ്ങൾ മുൻനിർത്തിയാണ് കോൺഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. കോൺഗ്രസിന്റെ ശേഷിക്കുന്ന ലോക്സഭാ സീറ്റിലേക്കുള്ള സ്ഥാനാർഥികളെയും ഇന്ന് തീരുമാനിക്കും.
യോഗത്തിൽ സോണിയ ഗാന്ധി, അംബിക സോണി, പ്രിയങ്ക ഗാന്ധി, പി.ചിദംബരം, ദിഗ്‌വിജയ സിങ്, അജയ് മാക്കൻ തുടങ്ങി നിരവധി നേതാക്കൾ പങ്കെടുക്കുന്നുണ്ട്.