ADVERTISEMENT

തിരുവനന്തപുരം ∙ രാഹുൽഗാന്ധിയും കെ.സി.വേണുഗോപാലും കേരളത്തിൽ‌ സ്ഥാനാർഥികളായത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും അതിൽ ഇടപെടാനുള്ള അവകാശം ഇടതുപക്ഷത്തിനില്ലെന്നും സിപിഐയുടെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ സി.ദിവാകരൻ. സമയമാകുമ്പോൾ കിട്ടുന്ന നല്ലൊരാളെ പിടിച്ച് സ്ഥാനാർഥിയാക്കുകയല്ലാതെ വേറൊന്നും സിപിഐ ചിന്തിക്കുന്നില്ല. തിരഞ്ഞെടുപ്പായതു കൊണ്ട് എല്ലാം അംഗീകരിച്ച് നിശ്ശബ്ദമായി മുന്നോട്ടു പോവുകയാണെന്നും സി.ദിവാകരൻ തുറന്നടിച്ചു. സംസ്ഥാന സർക്കാരിനെ വിമർശിക്കാനും അദ്ദേഹം മടികാണിച്ചില്ല. സി.ദിവാകരൻ മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു...

∙ സംസ്ഥാനത്ത് എൽഡിഎഫ് ഉൾപ്പെടെയുള്ള മുന്നണി സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പു പ്രചാരണത്തെ എങ്ങനെ വിലയിരുത്തുന്നു?

മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പും ഒരു ലോക്സഭാ തിരഞ്ഞെടുപ്പും ഉൾപ്പെടെ നാലു തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച ഒരാളാണ് ഞാൻ. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പിനു മുൻപുള്ള ജാഗ്രതയും പങ്കാളിത്തവും ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പിന്റെ സാങ്കേതികമായ കാര്യങ്ങൾ മുറപോലെ നടക്കുന്നുണ്ട്. സ്ഥാനാർഥികളും സജീവമാണ്. പ്രവർത്തകർ ചെറിയൊരു ശതമാനം മാത്രമാണ് സജീവമായുള്ളത്. ആർഭാടങ്ങൾ ആവശ്യത്തിൽ കവിഞ്ഞുണ്ട്. എന്നാൽ ജനങ്ങളെ ആകർഷിക്കാൻ സാധിച്ചിട്ടില്ല.

∙ അങ്ങനെ ജനപങ്കാളിത്തം കുറയാനുള്ള കാരണമെന്താണ്?

തിരഞ്ഞെടുപ്പ് വരട്ടെയെന്ന ചിന്താഗതിയാണ്. ഞങ്ങൾ ഇതൊക്കെ ഒരുപാട് കണ്ടിട്ടുണ്ടല്ലോയെന്ന നിസ്സംഗമായ മനോഭാവമാണ്. വരുന്ന ദിവസങ്ങളിൽ സ്ക്വാഡ് പ്രവർത്തനങ്ങളിലൂടെ ഇപ്പോഴത്തെ അവസ്ഥ മാറുമെന്നും ജനങ്ങളുടെ പങ്കാളിത്തം ഉണ്ടാകുമെന്നുമാണ് വിശ്വാസം. ജനങ്ങൾ ബോധവാന്മാരാണ്. എൽഡിഎഫിന്റേത് അടക്കം തിരഞ്ഞെടുപ്പു മിഷനറി ശക്തമായി നീങ്ങേണ്ടതുണ്ട്. അങ്ങനെയുണ്ടാകുമ്പോൾ ശക്തമായ മാറ്റം ജനങ്ങൾക്കിടയിലുണ്ടാകും.

∙ കേന്ദ്രത്തിൽ 370 സീറ്റും നേടി അധികാരത്തിൽ വരുമെന്ന് നരേന്ദ്ര മോദി ആവർത്തിച്ച് പറയുകയാണ്. ശക്തമായ പ്രതിപക്ഷം ഇല്ലാത്തതാണോ അദ്ദേഹത്തിന്റെ ആത്മവിശ്വാസം?

ശക്തമായ പ്രതിപക്ഷ സാന്നിധ്യമുണ്ട്. പക്ഷേ അത് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള സമ്പ്രദായങ്ങളും രീതിയും കാണുന്നില്ല. നരേന്ദ്ര മോദി പറയുമ്പോൾ അതിനു കൗണ്ടർ പറയാനുള്ള ശബ്ദം എന്തുകൊണ്ടോ ഉണ്ടാകുന്നില്ല. 370 സീറ്റെന്ന് നരേന്ദ്ര മോദി പറയുമ്പോൾ 400 എന്ന് തിരിച്ചുപറയാനുള്ള ശബ്ദം പ്രതിപക്ഷത്തുണ്ടാകണം. പ്രതിപക്ഷം എന്നു പറയുന്നത് പല പാർട്ടികളുടെയും ഒരു കോഓർഡിനേഷനാണ്. നരേന്ദ്ര മോദിക്ക് ഒറ്റയ്ക്ക് എന്തും പറയാം. അദ്ദേഹത്തോട് ആരും ചോദിക്കാനില്ല. ഇവിടെയാണെങ്കിൽ രാഹുൽ ഗാന്ധി എന്തെങ്കിലും പറഞ്ഞാൽ ഘടകകക്ഷികൾക്ക് അഭിപ്രായവ്യത്യാസം വരും. പരമാവധി വിട്ടുവീഴ്ച ചെയ്താണ് പ്രതിപക്ഷത്ത് ഓരോ കക്ഷിയും നിൽക്കുന്നത്. മാറ്റം വേണമെന്ന് ഇന്ത്യയിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ആ മാറ്റം വേണ്ടെന്ന് ആവർത്തിക്കുന്നതാണ് മോദിയുടെ ശൈലി. അത് അഹങ്കാരത്തിന്റെയും ജനാധിപത്യ വിരുദ്ധതയുടെയും ശബ്ദമാണ്. മോദി പറയുന്ന പലതും ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ കാര്യങ്ങളാണ്.

∙ രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതും കെ.സി.വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കുന്നതും ശരിയാണെന്നു കരുതുന്നുണ്ടോ? അതിന്റെ പേരിലാണ് സിപിഎമ്മും സിപിഐയും ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന റാലിയിൽ പങ്കെടുക്കാതിരുന്നത്.

കേരളത്തിലൊരു പ്രത്യേക രാഷ്ട്രീയ സാഹചര്യമാണ് എല്ലാക്കാലത്തും. അത് അങ്ങനെ തന്നെ തുടരും. ഇന്ത്യയിൽ ആകമാനമുള്ള രാഷ്ട്രീയസാഹചര്യം കേരളത്തിൽ വരാൻ വളരെ പ്രയാസമാണ്. കാരണം കേരളത്തിൽ ഇടതുപക്ഷം അതിശക്തമാണ്. കോൺഗ്രസ് എവിടെയൊക്കെ മത്സരിക്കണമെന്നു പറയാനുള്ള അവകാശം സിപിഐക്കോ ഇടതുപക്ഷത്തിനോ ഇല്ല. വേണു മത്സരിക്കരുത്, രാഹുൽ മത്സരിക്കരുത് എന്നൊക്കെ സിപിഐ എങ്ങനെ പറയും ? എവിടെ മത്സരിക്കണമെന്നുള്ളത് ജനാധിപത്യപരമായ അവകാശമാണ്. പക്ഷേ കേരളത്തിന് അപ്പുറത്ത് ഒരുമിച്ചു നിൽക്കുകയും കേരളത്തിനകത്ത് യുദ്ധം ചെയ്യുകയും ചെയ്യുമ്പോൾ സാമാന്യ ജനത്തിന് സംശയം തോന്നും. രാഹുൽ ഗാന്ധി കഴിഞ്ഞതവണയും വയനാട്ടിൽ മത്സരിച്ചതാണല്ലോ.

∙ സിപിഐ പതിവുപോലെ 4 സീറ്റുകളിലാണ് മത്സരിക്കുന്നത്. എത്രമാത്രം വിജയസാധ്യതയുണ്ട്?

അത് ഉറപ്പിച്ചു പറയാൻ പറ്റില്ല. ലോകത്തു നടക്കുന്ന സംഭവങ്ങളൊന്നും പ്രവചിക്കാനാകില്ല. ആരു ജയിക്കുമെന്നോ ആരു തോൽക്കുമെന്നോ പറയാനാകില്ല.

∙ താങ്കളുടെ തട്ടകം തിരുവനന്തപുരമാണല്ലോ. ഇവിടെ സിപിഐയുടെ സാധ്യത എങ്ങനെയാണ്?

ഇത്തവണ കുറച്ചുകൂടി മെച്ചപ്പെട്ടിട്ടുണ്ട്. ബിജെപി അവരുടെ വോട്ടും കോൺഗ്രസ് അവരുടെ വോട്ടം പിടിച്ചാൽ ഇടതുപക്ഷത്തിനു സാധ്യതയുണ്ട്. കഴിഞ്ഞ 15 വർഷമായി യുഡ‍ിഎഫ് എംപിയാണ് തിരുവനന്തപുരത്ത്. അതു മാറ്റിയെടുക്കുക ശ്രമകരമായ ജോലിയാണ്.

∙ പന്ന്യനെക്കൊണ്ട് അതിനു പറ്റുമെന്നു തോന്നുന്നുണ്ടോ?

പന്ന്യൻ അല്ലാതെ ഇടതുപക്ഷത്തിന് ഇവിടെ നിർത്താൻ വേറെ സ്ഥാനാർഥിയില്ല. എന്നെക്കാൾ മെച്ചമാണ് പന്ന്യൻ രവീന്ദ്രൻ.

സി.ദിവാകരനും പന്ന്യൻ രവീന്ദ്രനും (ഫയൽ ചിത്രം: മനോരമ)
സി.ദിവാകരനും പന്ന്യൻ രവീന്ദ്രനും (ഫയൽ ചിത്രം: മനോരമ)

∙ ഈ തിരഞ്ഞെടുപ്പിൽ 4 മണ്ഡലങ്ങളിലും സിപിഐ സ്ഥാനാർഥികളെ കണ്ടെത്താൻ വളരെ പ്രയാസപ്പെട്ടിരുന്നു. നിങ്ങളുടെയൊക്കെ തലമുറ കഴിഞ്ഞ് പുതിയൊരു തലമുറയെ വളർത്തിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്ന സ്വയംവിമർശനം സിപിഐക്കുണ്ടോ?

അതൊക്കെ തിരഞ്ഞെടുപ്പു ഫലം വന്ന ശേഷം ചർച്ച ചെയ്യും. ഇപ്പോൾ തിരഞ്ഞെടുപ്പായതു കൊണ്ട് എല്ലാവരും നിശ്ശബ്ദമായി എല്ലാം അംഗീകരിച്ച് മുന്നോട്ടുപോവും.

∙ എന്നിരുന്നാലും നല്ലൊരു നേതൃനിരയെ വളർത്തിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്ന വിമർ‌ശനം താങ്കൾക്കില്ലേ?

അത് ചരിത്രപരമായ ഒരു കുറവാണ്. പുതിയ കേഡേഴ്സിനെ വളർ‌ത്തി കൊണ്ടുവരണം. ഒരു കേഡർ പോളിസി തന്നെ സിപിഐക്കുണ്ട്. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് കുറേനാളായി അങ്ങനെയൊരു കേഡർ പോളിസിയൊന്നുമില്ല. സമയമാകുമ്പോൾ, കിട്ടുന്ന നല്ലൊരാളെ പിടിച്ച് സ്ഥാനാർഥിയാക്കുകയല്ലാതെ വേറൊന്നും ചിന്തിക്കുന്നില്ല. ബോധപൂർവം പുതിയൊരു തലമുറയെ പാർട്ടി വളർ‌ത്തിയെടുക്കുന്നില്ല. എന്റെ നല്ല കാലത്തും ആ ശ്രമമൊന്നും നടന്നിട്ടില്ല. പുതു തലമുറയെ വളർ‌ത്തിയെടുക്കണമെങ്കിൽ അവരെ സഹായിക്കണം. ന്യൂ ജനറേഷന് രാഷ്ട്രീയത്തിൽ താൽപര്യമില്ലാത്തൊരു കാലമാണിത്. ബോധപൂർവം പുതിയ മുഖങ്ങളെ കണ്ടെത്തി ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കണം. കിട്ടാവുന്നതിൽ ഏറ്റവും പുതിയ ഒരു മുഖത്തെയാണ് ഞങ്ങൾ മാവേലിക്കരയിൽ സ്ഥാനാർഥിയാക്കിയിരിക്കുന്നത്.

∙ സംഘടനാപരമായി പ്രായപരിധിയുടെ പേരിൽ നേതൃസ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കപ്പെട്ടവരാണ് താങ്കളും പന്ന്യൻ രവീന്ദ്രനുമെല്ലാം. പക്ഷേ ഒരു തിരഞ്ഞെടുപ്പ് എത്തിയപ്പോൾ 78 വയസ്സായ പന്ന്യനെത്തന്നെ സിപിഐക്ക് ആശ്രയിക്കേണ്ടി വന്നു?

അതിൽ ഞാൻ മറുപടി പറയില്ല.

∙ സിപിഎമ്മിനും സിപിഐക്കും പുതിയ സംസ്ഥാന സെക്രട്ടറിമാരാണ്. അവരുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു ?

അവരെ വിലയിരുത്താറായില്ല. എം.വി.ഗോവിന്ദനും ബിനോയിയും വന്ന ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. അപ്പോൾ ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം നമുക്ക് വിലയിരുത്താം.

∙ കഴിഞ്ഞതവണ താങ്കളായിരുന്നു തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ സിപിഐ സ്ഥാനാർഥി. അതിനുശേഷം താങ്കൾക്ക് ഒരുപാട് പരാതികളും പരിഭവങ്ങളും ഉണ്ടായിരുന്നു. അതൊക്കെ മാറിയോ?

എനിക്ക് ഇപ്പോൾ ഒരു പരാതിയും പരിഭവവുമില്ല. ഇത്രയും പദവികൾ ഈ പാർട്ടി എനിക്ക് തന്നിട്ടില്ലേ. എനിക്കെന്തു പരിഭവമാണ്.

∙ കഴിഞ്ഞ തവണ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ എന്താണ് സംഭവിച്ചത്?‌

തിരുവനന്തപുരത്തെ വോട്ടർമാരെ പെട്ടെന്നു വിലയിരുത്താനാകില്ല. അവർ ചാഞ്ചാടി നിൽക്കുന്ന വോട്ടർമാരാണ്. മെറിറ്റും സ്വാധീനവും പൂർവകാല പ്രവർ‌ത്തനങ്ങളും അടക്കം നോക്കി അവസാന നിമിഷമാണ് വോട്ടർമാർ ഇവിടെ തീരുമാനമെടുക്കുന്നത്.

∙ ഇത്തവണ വോട്ടർമാർ ഇടതുപക്ഷത്തിന് അനുകൂലമായി തീരുമാനമെടുക്കുമോ?

വോട്ടുബാങ്കിന്റെ താക്കോലുമായി ഇരിക്കുന്ന ചിലരുണ്ട്. ആ താക്കോൽ ഉപയോഗിച്ച് വോട്ടുബാങ്ക് തുറക്കാൻ പ്രയാസമാണ്. താക്കോൽ ഉപയോഗിക്കാൻ പണം നൽകണം.

∙ പണവും വലിയ ഫാക്ടറാണോ തിരഞ്ഞെടുപ്പിൽ?

സ്ഥാപനവൽകരിക്കപ്പെട്ട ചില കേന്ദ്രങ്ങൾ സ്ഥാനാർഥികളെ വേട്ടയാടി പണം വാങ്ങുന്നുണ്ട് എന്നതാണ് യാഥാർഥ്യം.

∙ ലത്തീൻ, സിഎസ്ഐ വോട്ടുകളാണോ സിപിഐക്കു ബാലികേറാമലയാകുന്നത്?

ഈ രണ്ടു സഭാ നേതാക്കളെയും പലതവണ ഞാൻ പോയി കണ്ടിരുന്നു. അവർ കേക്കും ചായയും തന്ന് സ്വീകരിച്ചു. ജയിക്കാൻ വേണ്ടി പ്രാർഥിക്കയും ചെയ്തു. പക്ഷേ വോട്ട് തന്നോയെന്നു ചോദിച്ചാൽ അറിയില്ല.

∙ 15 വർഷമായി എംപിയെന്ന നിലയിൽ ശശി തരൂരിന്റെ പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

അദ്ദേഹം തിരുവനന്തപുരത്തുകാരോട് താൽപര്യമുള്ള ആളൊന്നുമല്ല. രാജ്യാന്തര വിഷയങ്ങളോടാണ് അദ്ദേഹത്തിനു താൽപര്യം. കുടിവെള്ളമോ റോഡിലെ കുഴിയോ റേഷനോ ഒന്നും അദ്ദേഹത്തിന് അന്നും ഇന്നും വിഷയമല്ല. അദ്ദേഹം ജയിച്ചതു കൊണ്ട് തിരുവനന്തപുരത്തിന് ഒരു വികസനവുമുണ്ടാകില്ല. ഉണ്ടാകണമെങ്കിൽ കഴിഞ്ഞ 15 വർഷത്തിനിടെ ഉണ്ടാകേണ്ടതാണ്.

∙ സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തൽ കൂടിയാകുമോ ഈ തിരഞ്ഞെടുപ്പ്?

ഇപ്പോൾ വന്ന ഒരു പ്രശ്നത്തിന്റെ വിലയിരുത്തലാകില്ല. മൊത്തത്തിൽ ഒരു വിലയിരുത്തലാകും തിരഞ്ഞെടുപ്പു ഫലം. പിണറായി വിജയൻ കരുത്തനും തന്റേടിയുമായ മുഖ്യമന്ത്രിയാണെന്ന കാര്യത്തിൽ എതിരാളികൾക്കു പോലും സംശയമില്ല. പെൻഷൻ വിതരണത്തിലെ പ്രശ്നം അടക്കമുള്ളവ തിരഞ്ഞെടപ്പിനെ ബാധിക്കില്ലെന്നാണ് വിശ്വാസം.

∙ സംസ്ഥാന ഭരണത്തിൽ താങ്കൾ തൃപ്തനാണോ?

ഭരണം കൈവിട്ടുപോവുകയാണോ എന്നൊക്കെ ഉത്കണ്ഠയുണ്ട്. പക്ഷേ അതൊക്കെ വരുതിയിൽ കൊണ്ടുവരാൻ കഴിയും. അതിന് ഇച്ഛാശക്തിയുള്ള നേതൃത്വം ഇടത് തലപ്പത്തുണ്ടാകണം.

∙ സാമ്പത്തിക പ്രതിസന്ധി വലിയ തോതിൽ കേരളം അനുഭവിക്കുന്നുണ്ട്. സുപ്രീം കോടതിയിലേക്കു വരെ നിയമയുദ്ധം നീണ്ടു. കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾ മാത്രമാണോ അതിനു കാരണം?

കേന്ദ്രസർക്കാർ സംസ്ഥാനത്തോട് പലപ്പോഴും വിവേചനം കാണിക്കുന്നുണ്ട്. അതിനോടൊപ്പം കേരളം നികുതിപിരിവ് കാര്യക്ഷമമാക്കണം എന്ന അഭിപ്രായം കൂടി എനിക്കുണ്ട്.

English Summary:

CPI Leader C Divakaran Talks About Loksabha Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com