‘എന്തിനാണ് 56 ഇഞ്ച്?; മൂന്നാമൂഴം എന്നു മോദി പറയുന്നത് പരാജയഭീതികൊണ്ട്’
Mail This Article
കോഴിക്കോട്∙ പരാജയ ഭീതികൊണ്ടാണ് നരേന്ദ്ര മോദി ഇടയ്ക്കിടെ മൂന്നാമൂഴം എന്ന് പറയുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നാലു വട്ടവും കേരളത്തിലെത്തിയ മോദിക്ക് എന്താണ് മണിപ്പൂരിൽ പോകാൻ സാധിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയുടെ പെൺമക്കളെ രക്ഷിക്കുന്നതിൽ മോദി പരാജയപ്പെട്ടു. എന്തിനാണ് 56 ഇഞ്ച്. എന്തിനാണ് ഇത്രയും നീളമുള്ള നാവ്. കള്ളം മാത്രം പറയാനാണ് ആ നാവ് ഉപയോഗിക്കുന്നത്.
Read also: കേരളത്തെ സൊമാലിയയെന്ന് വിശേഷിപ്പിച്ചതിന് മലയാളികളോട് മാപ്പുപറയുമോ? മോദിയോട് ജയറാം രമേശ്
മോദിയുടെ ഗ്യാങ്ങിലെ കണ്ണിയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന്റെ വിശ്വാസ്യത പാതാളത്തോളം താണു. ഇലക്ടറൽ ബോണ്ട് വിഷയത്തിൽ രൂക്ഷമായ വിമർശനമാണ് ബാങ്കിന് കോടതിയിൽനിന്ന് നേരിടേണ്ടി വന്നത്. നാണവും മാനവും ഉണ്ടെങ്കിൽ മോദി സർക്കാർ ഇതേപ്പറ്റി ഒരു വാക്ക് പറയണം. ഇതിനെല്ലാം മോദി സർക്കാരിനോട് ജനം പകരം ചോദിക്കും. എല്ലാ കള്ളപ്പണവും കൊണ്ടുവന്ന് ആളോഹരി വിതരണം ചെയ്യുമെന്നാണ് മോദി പറഞ്ഞത്. 15 ലക്ഷം ഓരോ ഇന്ത്യക്കാരനും നൽകുമെന്നും പറഞ്ഞു. ശൗചാലയം, വൈദ്യുതി, വിദ്യാഭ്യസം എല്ലാം വാഗ്ദാനം ചെയ്തു. ഒന്നും ലഭിച്ചില്ല. ഗ്യാരന്റി എന്നാൽ ഇളകാത്ത ഉറപ്പ് എന്നാണ്. പക്ഷേ മോദി നൽകിയ അർഥം പഴയ ചാക്ക് എന്നാണ്.
ഐയുഎംഎൽ സ്ഥാപക പ്രസിഡന്റിന്റെ കൊച്ചുമകൻ എം.ജി.ദാവൂദ് മിയാഖാൻ രാഹുൽ ഗാന്ധിയോട് സിപിഐക്കെതിരെ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയെ വയനാട്ടിൽ നിയോഗിച്ചത് മൂക്കിനപ്പുറും കാണാൻ സാധിക്കാത്തവരാണ്. ഓരോ സമയത്തേയും മുട്ടാപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. ആരാണ് ഈ സമരത്തിൽ കോൺഗ്രസിന്റെ എതിര്. ആർഎസ്എസ്–ബിജെപി ആണോ എന്ന് ആലോചിക്കണം.
രാമനേയും കുചേലനേയും അറിയാത്ത ആളാണ് മോദി. മോദിയുടെ കുചേലൻമാർ കള്ളപ്പണക്കാരാണ്. അത് കൈനീട്ടി വാങ്ങിയ മോദി തന്നെത്തന്നെ കൃഷ്ണനായി അവതരിപ്പിക്കുന്നു. ഹിന്ദുത്വവാദം ഹിന്ദുമതമല്ല. കോൺഗ്രസിലെ അനിൽ ആന്റണിയും പത്മജയയും പോയെങ്കിൽ താരമൂല്യമില്ലാത്ത ആയിരക്കണക്കിനാളുകളും പോയിട്ടുണ്ട്. ഇന്ത്യാ സഖ്യത്തിൽ മാന്യമായ രീതിയിൽ സീറ്റ് വിഭജനത്തിന് കോൺഗ്രസ് തയാറായില്ല. എന്നാൽ ഇന്ത്യ സംഖ്യത്തിൽ വിള്ളൽ ഉണ്ടാക്കാൻ സിപിഐ ആഗ്രഹിക്കുന്നില്ലെന്നും ബിനോജ് വിശ്വം പറഞ്ഞു.