കലാമണ്ഡലം ഗോപിയുടെ പേര് പത്മഭൂഷണിനായി സർക്കാർ ശുപാർശ ചെയ്തത് രണ്ടുതവണ; കേന്ദ്രം പരിഗണിച്ചില്ല
Mail This Article
തിരുവനന്തപുരം∙ കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിക്ക് പത്മഭൂഷൺ ബഹുമതിക്കായി രണ്ടു തവണ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തെങ്കിലും കേന്ദ്രം പരിഗണിച്ചില്ല. 2020, 2021 വർഷങ്ങളിലാണ് കലാമണ്ഡലം ഗോപിയുടെ പേര് പുരസ്കാരത്തിനായി നിർദേശിച്ചത്.
Read Also: ‘ഞാൻ മുൻ എസ്എഫ്ഐക്കാരൻ; കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ ഗോപിയാശാനെ കാണും’
കലാമണ്ഡലം ഗോപിയുടെ അനുഗ്രഹം വാങ്ങാൻ എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപി വീട്ടിലേക്കുവരാൻ ആഗ്രഹിക്കുന്നതായി പ്രശസ്ത ഡോക്ടർ വിളിച്ചു പറഞ്ഞെന്നും വരേണ്ടെന്നു പറഞ്ഞപ്പോൾ ‘ആശാനു പത്മഭൂഷൺ കിട്ടണ്ടേ’ എന്നു ചേദിച്ചെന്നും ഗോപിയുടെ മകൻ സമൂഹമാധ്യമത്തിലെഴുതിയത് ചർച്ചയായിരുന്നു. ‘അങ്ങനെ എനിക്ക് പത്മഭൂഷണ്‍ വേണ്ട’ എന്ന് കലാമണ്ഡലം ഗോപി മറുപടി നൽകിയെന്നും മകൻ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. കലാമണ്ഡലം ഗോപിയെ വിളിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തിന്റെ അറിവോടെയാണോ എന്നറിയില്ലെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. അദ്ദേഹം ഗുരുതുല്യനാണെന്നും കാണാൻ ആഗ്രഹിക്കുന്നതായും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.
2020ൽ പത്മഭൂഷനുവേണ്ടി 8 പേരെയാണ് സർക്കാർ ശുപാർശ ചെയ്തത്. കലാമണ്ഡലം ഗോപി (കഥകളി), മമ്മൂട്ടി (സിനിമ), സുഗതകുമാരി (സാഹിത്യം, സാമൂഹിക പ്രവർത്തനം), മട്ടന്നൂർ ശങ്കരൻകുട്ടി (കല), റസൂൽപൂക്കുട്ടി (സിനിമ), മധു (സിനിമ), ശോഭന (സിനിമ), പെരുവനം കുട്ടൻ മാരാർ (കല). ഈ പട്ടിക പൂർണമായും തള്ളിയ കേന്ദ്രസർക്കാർ ആത്മീയാചാര്യൻ ശ്രീ. എം എം.മുംതാസ് അലി, അന്തരിച്ച നിയമപണ്ഡിതൻ പ്രഫ.എൻ.ആർ.മാധവ മേനോൻ എന്നിവർക്ക് പത്മഭൂഷൺ നൽകി.
2021ൽ പത്മഭൂഷണുവേണ്ടി അക്കിത്തം അച്യുതൻ നമ്പൂതിരി (സാഹിത്യം), ടി.പത്മനാഭൻ (സാഹിത്യം), സുഗതകുമാരി (സാഹിത്യം), കലാമണ്ഡലം ഗോപി (കഥകളി), മമ്മൂട്ടി (സിനിമ), മധു (സിനിമ), പെരുവനം കുട്ടൻ മാരാര്‍ (ചെണ്ട) എന്നിവരെയാണ് സർക്കാർ ശുപാർശ ചെയ്തത്. എന്നാൽ, കെ.എസ്.ചിത്രയെയാണ് പത്മഭൂഷണിനായി കേന്ദ്രം പരിഗണിച്ചത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പത്മ അവാർഡുകൾ 1954 മുതലാണ് നൽകി തുടങ്ങിയത്. ഭാരതരത്ന കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ സിവിലിയൻ ബഹുമതിയാണ് പത്മവിഭൂഷൻ. ഇതിനുതാഴെയാണ് പത്മ ഭൂഷന്റെയും പത്മശ്രീയുടെയും സ്ഥാനം. സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്ന ശുപാർശകൾ പ്രധാനമന്ത്രി രൂപീകരിക്കുന്ന പത്മ അവാർഡ് കമ്മറ്റിയാണ് പരിഗണിക്കുന്നത്. കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പ്രസിഡന്റിന്റെ സെക്രട്ടറി, വിവിധ മേഖലകളിലെ പ്രശസ്തരായ നാലു മുതൽ ആറുവരെ അംഗങ്ങൾ എന്നിവരുൾപ്പെട്ടതാണ് കമ്മറ്റി. ശുപാർശകൾ ഇവർ പ്രധാനമന്ത്രിയുടേയും പ്രസിഡന്റിന്റെയും അംഗീകാരത്തിനായി സമർപ്പിക്കും.