ADVERTISEMENT

സേലം∙ തമിഴ്നാട്ടിൽ വെട്ടേറ്റ് കൊല്ലപ്പെട്ട ബിജെപി നേതാവിനെ ഓർത്ത് വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സേലത്ത് നടന്ന ബിജെപി റാലിയിലാണ് 2013ൽ സേലത്ത് വെട്ടേറ്റ് കൊല്ലപ്പെട്ട ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ‘ഓഡിറ്റർ’ വി.രമേശിനെ പ്രധാനമന്ത്രി അനുസ്മരിച്ചത്.
രമേശ് പാർട്ടിക്കുവേണ്ടി രാവും പകലും പ്രവർത്തിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Read also: മോദിയുടെ റോഡ് ഷോയില്‍നിന്ന് പുറത്ത്: അപമാനിച്ചില്ലെന്ന് അബ്ദുല്‍ സലാം; സ്ഥലമില്ലായിരുന്നുവെന്ന് ബിജെപി

‘‘ഇന്നു ഞാൻ സേലത്താണ്, ഓഡിറ്റർ രമേശിനെ ഞാൻ ഓർക്കുന്നു... ഇന്ന് എന്റെ രമേശ്, സേലത്തില്ല. അദ്ദേഹം രാവും പകലും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. ഞങ്ങളുടെ പാർട്ടിയുടെ അർപ്പണബോധമുള്ള നേതാവായിരുന്നു അദ്ദേഹം. മികച്ച വാഗ്മിയും കഠിനാധ്വാനിയുമാണ്. ഞാൻ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്നു.’’– വാക്കുകളിടറി പ്രധാനമന്ത്രി പറഞ്ഞു.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ഓഡിറ്റർ വി. രമേശിനെ (54) 2013ൽ സേലം ടൗണിലെ മറവനേരിയിൽ വീട്ടിൽ കയറി അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ.എൻ. ലക്ഷ്മണനെയും പ്രധാനമന്ത്രി അനുസ്മരിച്ചു, അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിൽ അദ്ദേഹത്തിന്റെ പങ്ക് അവിസ്മരണീയമാണെന്നും പറഞ്ഞു.

‘‘അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിലും സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലെ പങ്കാളിത്തത്തിലും ലക്ഷ്മണൻജിയുടെ പങ്ക് എക്കാലവും സ്മരിക്കപ്പെടും. സംസ്ഥാനത്ത് ബിജെപിയുടെ വിപുലീകരണത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. സംസ്ഥാനത്ത് നിരവധി സ്‌കൂളുകളും അദ്ദേഹം ആരംഭിച്ചു.’’– പ്രധാനമന്ത്രി പറഞ്ഞു. 2020 ജൂണിലാണ് കെ.എൻ.ലക്ഷ്മണൻ അന്തരിച്ചത്.

തമിഴ്‌നാട്ടിൽ വികസനം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘‘തമിഴ്‌നാടിന്റെ വികസനവും സമൃദ്ധിയും ഉറപ്പാക്കാൻ ഞങ്ങളുടെ സർക്കാർ എല്ലാം ചെയ്യുന്നുണ്ട്. സൗജന്യ ചികിത്സ മുതൽ വീടുകളിൽ ടാപ്പ് വാട്ടർ കണക്ഷൻ വരെ, സൗജന്യ റേഷൻ സൗകര്യം മുതൽ മുദ്ര യോജന വഴി തമിഴ്‌നാട്ടിലെ സ്ത്രീകൾക്ക് പ്രയോജനം ലഭിക്കുന്നത് വരെ, ഞങ്ങൾ ഉറപ്പുനൽകിയിട്ടുണ്ട്. ’’– പ്രധാനമന്ത്രി പറഞ്ഞു.

English Summary:

PM Modi Breaks Down While Remembering "Salem's Ramesh" At Poll Rally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com