ADVERTISEMENT

പട്ന∙ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച പശുപതി പാരസ് ബിഹാർ രാഷ്ട്രീയത്തിൽ തൃശങ്കുവിലായി. എൻഡിഎ സീറ്റു വിഭജനത്തിൽ പശുപതി പാരസിന്റെ രാഷ്ട്രീയ ലോക് ജനശക്തി പാർട്ടിയെ (ആർഎൽജെപി) ബിജെപി കേന്ദ്ര നേതൃത്വം പൂർണമായും തഴഞ്ഞതാണ് രാജിക്കു കാരണം. ഗവർണർ പദവി നൽകാമെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വാഗ്ദാനത്തോട് പശുപതി പാരസ് നിലപാടു വ്യക്തമാക്കിയിട്ടില്ല. ആർഎൽജെപിയോട് എൻഡിഎ നീതി കാട്ടിയില്ല എന്നു മാത്രമാണ് പശുപതി പാരസ് പ്രതികരിച്ചത്. ഇന്ത്യാസഖ്യമാകട്ടെ ഇതുവരെ പശുപതി പാരസിന്റെ പാർട്ടിയോടു താൽപര്യം പ്രകടിപ്പിച്ചിട്ടുമില്ല. എങ്കിലും രഹസ്യ ചർച്ചകൾ നടക്കുന്നുവെന്നാണ് വിവരം. പശുപതി വന്നാൽ അദ്ദേഹത്തെ വിശാല സഖ്യത്തിലേക്ക് സ്വാഗതം ചെയ്യുമെന്ന് ആർജെഡി നേതാവ് തേജ് പ്രതാപ് യാദവ് പറഞ്ഞിട്ടുമുണ്ട്.

Read more at: ബിഹാറിൽ സീറ്റില്ല; കേന്ദ്രമന്ത്രി പശുപതി പരസ് രാജിവച്ചു, എൻഡിഎയ്ക്ക് തിരിച്ചടി

ലോക് ജനശക്തി പാർട്ടിയിലെ പിളർപ്പിൽ ആറിൽ അഞ്ച് എംപിമാരെയും ഒപ്പം നിർത്തിയാണ് പശുപതി പാരസ് കേന്ദ്രമന്ത്രിയായത്. പക്ഷേ എൽജെപി അണികൾ ചിരാഗ് പസ്വാന്റെ എൽജെപി (റാംവിലാസ്) കക്ഷിക്കൊപ്പമാണെന്നു ബിജെപി തിരിച്ചറിഞ്ഞു. ചിരാഗ് പസ്വാന്റെ റാലികൾ സംഘടനാ ശക്തിയും ജനപിന്തുണയും തെളിയിച്ചു. എൽജെപി കക്ഷികൾ ലയിക്കണമെന്ന ബിജെപി നിർദേശം ഇരുവിഭാഗത്തിനും സ്വീകാര്യമായില്ല. ഹാജിപുർ സീറ്റിനെ ചൊല്ലി ചിരാഗ് പസ്വാനും പശുപതി പാരസും പരസ്യമായി വാഗ്വാഗത്തിലേർപ്പെട്ടതു ബിജെപിക്കു തലവേദനയായി. റാം വിലാസ് പസ്വാന്റെ സഹോദരനായ തനിക്കാണ് രാഷ്ട്രീയ പിന്തുടർച്ചാവകാശമെന്ന പശുപതി പാരസിന്റെ അവകാശവാദം റാം വിലാസ് പസ്വാന്റെ മകനായ ചിരാഗ് പസ്വാൻ അംഗീകരിച്ചില്ല.

ചിരാഗ് – പശുപതി പോരിനിടെ, എൻഡിഎ വിട്ടാൽ ചിരാഗ് പസ്വാന് എട്ടു സീറ്റുകൾ നൽകാമെന്ന ഇന്ത്യാസഖ്യത്തിന്റെ വാഗ്ദാനത്തിൽ ബിജെപി അപകടം മണത്തു. അഞ്ചു സീറ്റുകൾ നൽകി ചിരാഗിനെ ഒപ്പം നിർത്തിയ ബിജെപി പശുപതി പാരസിനെ പുറംതള്ളി. ഹാജിപുരിൽനിന്നു വീണ്ടും ജനവിധി തേടാൻ പശുപതി പാരസിനു താൽപര്യമുണ്ടെങ്കിലും ഇന്ത്യാ സഖ്യ പിന്തുണയില്ലെങ്കിൽ ജയം അസാധ്യമാണ്.

തനിക്കും അനന്തരവനും സമസ്തിപുർ എംപിയുമായ പ്രിൻസ് രാജിനും നവാഡ എംപി ചന്ദൻ കുമാറിനുമുള്ള സീറ്റുകൾക്കു വേണ്ടിയാണ് മഹാസഖ്യവുമായി പശുപതി പാരസ് ചർച്ച നടത്തുന്നത് എന്നാണ് വിവരം. 2020ൽ റാം വിലാസ് പസ്വാന്റെ മരണത്തെ തുടർന്നാണ് ലോക് ജനശക്തി പാർട്ടി രണ്ടായി പിരിഞ്ഞത്. മകന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ പേര് ലോക് ജനശക്തി പാർട്ടി (റാം വിലാസ്) എന്നും സഹോദരന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ പേര് രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എന്നുമാണ്.  

English Summary:

Rocky Road Ahead for Pasupati Paras in Bihar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com