21 ലക്ഷം സിം കാര്‍ഡുകള്‍ക്കുള്ളത് വ്യാജ തിരിച്ചറിയല്‍ രേഖകള്‍: പരിശോധിച്ച് റദ്ദാക്കും
Mail This Article
ന്യൂഡല്‍ഹി∙ രാജ്യത്ത് ഇപ്പോള്‍ കുറഞ്ഞത് 21 ലക്ഷം സിം കാര്‍ഡുകള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് പ്രവര്‍ത്തനസജ്ജമാക്കിയിരിക്കുന്നതെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം. മന്ത്രാലയം നടത്തിയ സര്‍വേ പ്രകാരമാണ് ഈ കണ്ടെത്തല്‍.
ബിഎസ്എന്‍എല്‍, ഭാരതി എയര്‍ടെല്‍, എംടിഎന്‍എല്‍, റിലയന്‍സ് ജിയോ, വൊഡാഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ക്ക് സംശയമുള്ള ഉപയോക്താക്കളുടെ പട്ടിക മന്ത്രാലയം കൈമാറി. അടിയന്തരമായി ഇവരുടെ രേഖകള്‍ വീണ്ടും പരിശോധിച്ച് വ്യാജമെന്നു കണ്ടെത്തുന്ന കണക്ഷനുകള്‍ റദ്ദാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിര്‍മിതബുദ്ധി ഉപയോഗിച്ചു 114 കോടി കണക്ഷനുകള്‍ പരിശോധിച്ചതില്‍നിന്നാണ് 21 ലക്ഷം സിം കാര്‍ഡുകളുടെ രേഖകള്‍ വ്യാജമാണെന്നു മന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്. ഈ നമ്പരുകള്‍ വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കോ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കോ ആയി ഉപയോഗിക്കുന്നുവെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. ഒരാള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്ന 9 സിം കാര്‍ഡുകള്‍ എന്ന പരിധി മറികടന്നും പല കമ്പനികള്‍ കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണ്ടെത്തല്‍.