രാജീവ് ചന്ദ്രശേഖറിനൊപ്പം വ്യാജ ഫോട്ടോ: ഇ.പിയുടെ ഭാര്യയുടെ പരാതിയിൽ ഡിസിസി അംഗത്തിനെതിരെ കേസ്
Mail This Article
കണ്ണൂർ∙ ബിജെപി തിരുവനന്തപുരം ലോക്സഭാ മണ്ഡലം സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ കൂടെ താൻ ഇരിക്കുന്ന തരത്തിൽ വ്യാജ ചിത്രം നിർമിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര പൊലീസിൽ പരാതി നൽകി. തുടർന്ന് തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെ നൽകിയ പരാതിയിൽ വളപട്ടണം പൊലീസ് കേസെടുത്തു.
ഇ.പി.ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറും പി.കെ.ഇന്ദിരയും ഒരുമിച്ച് ഇരിക്കുന്ന തരത്തിൽ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ചത്. തന്നെയും ഭർത്താവിനെയും സമൂഹത്തിൽ ഇകഴ്ത്തി കാണിക്കാനാണ് ജോസഫ് ഡിക്രൂസ് വ്യാജ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവച്ചതെന്ന് ഇന്ദിരയുടെ പരാതിയിൽ പറയുന്നു.
Read also:‘സുരേഷ് ഗോപിക്ക് എന്നെ കാണാനോ വീട്ടിലേക്ക് വരാനോ ആരുടെയും അനുവാദം വേണ്ട; സ്വാഗതം’...
വളപട്ടണം പൊലീസ് ഇ.പി.ജയരാജന്റെ വീട്ടിലെത്തി ഇന്ദിരയുടെ മൊഴി രേഖപ്പെടുത്തി. കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കൽ, വ്യാജ രേഖ ചമയ്ക്കൽ, അപകീർത്തിയുണ്ടാക്കൽ, വ്യാജ രേഖ യഥാർഥമെന്ന തരത്തിൽ ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. ജോസഫ് ഡിക്രൂസിന്റെ പേരിലുള്ള അക്കൗണ്ടിലാണ് വ്യാജ ചിത്രം വന്നതെന്ന് പരാതിയിൽ പറയുന്നു.