പത്തനംതിട്ട ജനറൽ ആശുപത്രി ഭരണത്തിന് കമ്മിറ്റി രൂപീകരിക്കാം; ജില്ലാ പഞ്ചായത്തിന് ഹൈക്കോടതി അനുമതി
Mail This Article
കൊച്ചി ∙ പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ഭരണനിർവഹണത്തിന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കാൻ ജില്ലാ പഞ്ചായത്തിന് ഹൈക്കോടതി അനുമതി നൽകി. കമ്മിറ്റി രൂപീകരിക്കുന്നതു വരെ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടതു പ്രകാരം ആശുപത്രിയിൽ തൽസ്ഥിതി തുടരണം. കമ്മിറ്റി നിലവിൽ വന്നു കഴിഞ്ഞാൽ ആശുപത്രിയുടെ ഭരണ നിർവഹണം ഈ കമ്മിറ്റിക്കായിരിക്കുമെന്നും ജസ്റ്റിസ് മുരളി പുരുഷോത്തമൻ വ്യക്തമാക്കി.
Read Also: ഭാര്യമാർ തമ്മിൽ ബിസിനസ് ഡീൽ ഉണ്ടെങ്കിൽ അത് ബിജെപി – സിപിഎം ധാരണയാണോ?: രാജീവ് ചന്ദ്രശേഖർ
പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ഭരണനിര്‍വഹണം ജില്ലാ പഞ്ചായത്തിനു വിട്ടുനൽകിയതിനെതിരെ നഗരസഭ രംഗത്തു വരികയും പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. നഗരസഭയെ കേട്ടതിനുശേഷം പ്രമേയത്തിന്റെ കാര്യത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ആശുപത്രിയുടെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കാത്തതിനെ തുടർന്ന് ആശുപത്രിയുടെ സുഗമമായ പ്രവർത്തനം നടക്കുന്നില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു.
തങ്ങളോട് ആലോചിക്കുക പോലും ചെയ്യാതെയാണ് ജനറൽ ആശുപത്രിയുടെ ഭരണ ചുമതല ജില്ലാ പഞ്ചായത്തിന് വിട്ടുനൽകിയതെന്ന് എൽഡിഎഫ് ഭരിക്കുന്ന നഗരസഭ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ യുഡിഎഫ് കൊണ്ടുവന്ന പ്രമേയം എൽഡിഎഫ് അംഗീകരിക്കുകയും ചെയ്തു. ജനറൽ ആശുപത്രിയിലെ പുതിയ കെട്ടിട നിർമാണത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് നടത്തിയ ശിലാസ്ഥാപന ചടങ്ങിൽനിന്ന് നഗരസഭ ചെയർമാന്‍ ഉൾപ്പെടെ ഒട്ടേറെ ഭരണ, പ്രതിപക്ഷ കൗൺസിലർമാര്‍ വിട്ടുനിന്നും പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് ഹൈക്കോടതിയെ സമീപിച്ചത്.