ADVERTISEMENT

തൃശൂര്‍ ∙ ആരാണു തനി തങ്കം, ആരാണ് ചെമ്പ് എന്ന് വഴിയേ അറിയാമെന്നു തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ എംപി. മണ്ഡലത്തിലെ എതിർ സ്ഥാനാർഥികളുടെ പ്രചാരണ രീതികളെ ഉന്നമിട്ടാണു പരാമർശം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ നിരന്തരം വിമർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പറ്റി ഒരക്ഷരം പറയുന്നില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

Read Also: ഡോ. ഷഹ്​നയുടെ ആത്മഹത്യ: റുവൈസിന് ഹൈക്കോടതിയിൽ തിരിച്ചടി, പഠനം തുടരാനാകില്ല...

‘‘അഴീക്കോടൻ രാഘവന്റെ സ്മരണാർഥം നടത്തിയ റാലിയിൽ പിണറായി വിജയൻ മുഴുവൻ സമയവും ചീത്ത വിളിച്ചത് രാഹുൽ ഗാന്ധിയെയാണ്. 48 മണിക്കൂർ കഴിഞ്ഞ് രാഹുൽ ഗാന്ധി എത്തിയപ്പോൾ ശക്തമായി വിമർശിച്ചതു നരേന്ദ്ര മോദിയെയും. ഒരക്ഷരം പോലും പിണറായിക്കെതിരെ പറഞ്ഞില്ല. ഇതിൽനിന്നുതന്നെ നമുക്കറിയാം, ഏതാണ് തനി തങ്കം ഏതാണ് ചെമ്പ് എന്ന്. തൃശൂർകാർ നേരിട്ട് അനുഭവിച്ചതാണിത്.

രാഹുലിനെ ദുർബലപ്പെടുത്താൻ പിണറായി ശ്രമിക്കുന്നു. പിണറായിയുടെ വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾ ചോദിക്കുന്നതു മുഴുവൻ രാഹുലിനോടാണ്. ഒറ്റച്ചോദ്യം പോലും മോദിയോടു ചോദിച്ചിട്ടില്ല. മോദിയോടു ചോദിച്ചാൽ തന്റെ മകൾ അകത്താകും എന്നു കണ്ടിട്ടാണു പിണറായി മിണ്ടാത്തത്. ഇന്നു മോഹൻ ഭാഗവതിനേക്കാൾ ആർഎസ്എസിന്റെ ഭാഷയിൽ സംസാരിക്കുന്നത് പിണറായിയാണ്. എത്രയോ പ്രവർത്തകർ ചോര ചീന്തി വളർത്തിയ പ്രസ്ഥാനമാണു കമ്യൂണിസ്റ്റ് പാർട്ടി. ആ പാർട്ടിയെ ആർഎസ്എസിന്റെ ആലയിൽ കൊണ്ടുപോയി കെട്ടിയ കമ്യൂണിസ്റ്റുകാരൻ എന്ന ദുഷ്പേര് ഭാവിയിൽ പിണറായിക്കുണ്ടാകും.

ഈ തിരഞ്ഞെടുപ്പ് മോദി– പിണറായി അവിശുദ്ധ കൂട്ടുകെട്ടിന് എതിരായിട്ടുള്ള പോരാട്ടമായിരിക്കും. ചില തിരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ തൃശൂരിന്റെ തനി തങ്കം എന്നൊക്കെയാണ് എഴുതിയിട്ടുള്ളത്. എൽഡിഎഫ് സ്ഥാനാർഥി കാണുന്നതിനു മുൻപേ തൃശൂർ കണ്ട ആളാണു ഞാൻ. യുഡിഎഫ് ജയിക്കണമെന്നും ബിജെപി മൂന്നാം സ്ഥാനത്തേക്കു പോകണമെന്നുമാണ് ആഗ്രഹിക്കുന്നത്. കേരളത്തിൽ 20 സീറ്റുകളിലും യുഡിഎഫ് ജയിക്കും.’’– മുരളീധരൻ പറഞ്ഞു.

English Summary:

K Muraleedharan slams Pinarayi Vijayan, who criticizes Rahul Gandhi, does not say a single word about Narendra Modi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com