ADVERTISEMENT

പത്തനംതിട്ട ∙ പത്തനംതിട്ടയിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും എൻഡിഎയുടെ വിജയം ഉറപ്പാണെന്നും ബിജെപി ദേശീയ സെക്രട്ടറിയും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥിയുമായ അനിൽ ആന്റണി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ.സി.വേണുഗോപാലും വി.ഡി.സതീശനും ഒക്കെ പത്തനംതിട്ടയിൽ വന്ന് തനിക്കെതിരെ പ്രചാരണം നടത്തിയാലും നരേന്ദ്രമോദി ഉണ്ടാക്കിയ ഇംപാക്ടിന്റെ പകുതി പോലും ഉണ്ടാവില്ല. കുടുംബത്തിന്റെ സന്തോഷവും സങ്കടവും നോക്കിയല്ല സ്ഥാനാർഥിയായതെന്ന് പറയുന്ന അനിൽ ആന്റണി, എ.കെ‌.ആന്റണി പത്തനംതിട്ടയിൽ പ്രചാരണത്തിന് എത്തുമോയെന്ന ചോദ്യത്തിനും ഉത്തരം നൽകുന്നു. അനിൽ ആന്റണി മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു...

∙ പത്തനംതിട്ടയിൽ പരിചിതനായോ? തിരഞ്ഞെടുപ്പ് പ്രചാരണമൊക്കെ എങ്ങനെയുണ്ട് ?

ഞാൻ സ്ഥാനാർഥിയായിട്ട് 17 ദിവസം കഴിഞ്ഞു. ഇനിയും ഒരു മാസത്തിലധികം പ്രചാരണമുണ്ട്. വലിയൊരു മണ്ഡലമാണ് പത്തനംതിട്ട. ഏഴ് നിയോജക മണ്ഡലങ്ങളിലും ഒരു റൗണ്ട് പൂർത്തിയാക്കി. പല വിഭാഗത്തിലുള്ള ജനങ്ങളുമായി സംസാരിച്ചു. മാറ്റം അനിവാര്യമാണെന്ന് ഇവിടത്തെ ജനങ്ങൾ എന്നോടു പറയുന്നുണ്ട്. 15 വർഷമായി ഇവിടെയൊരു എംപിയുണ്ട്. ആദ്യത്തെ 5 വർഷം അദ്ദേഹം എംപി ആയിരുന്നപ്പോൾ ഇവിടെ യുപിഎ സർക്കാരും ഉമ്മൻ ചാണ്ടിയുടെ യുഡിഎഫ് സർക്കാരുമുണ്ടായിരുന്നു.ആ 5 വർഷം പോലും ഇവിടെ വികസനം നടന്നിട്ടില്ല. കഴിഞ്ഞ പത്തു വർഷവും ഒന്നും നടന്നില്ല. ബസ് സ്റ്റോപ്പുകളും ലൈറ്റുകളും മാത്രമാണ് എംപി നടത്തിയ വികസനമെന്നാണ് എല്ലാവരും എന്നോട് പറയുന്നത്. ബാക്കിയെല്ലാം കേന്ദ്രസർക്കാർ പദ്ധതികളെ തന്റെ ഫ്ലക്സടിച്ച് വച്ച് ആന്റോ ആന്റണി പബ്ലിസിറ്റിയുണ്ടാക്കുന്നതാണ്. തോമസ് ഐസക്ക് പലതവണ എംഎൽഎയും മന്ത്രിയുമൊക്കെ ആയ വ്യക്തിയാണ്. കേരളം ഇന്ന് കടക്കെണിയിലായതിന്റെ ഉത്തരവാദി ഐസക്കാണെന്നാണ് എല്ലാവരും പറയുന്നത്. ജനങ്ങൾക്ക് ഒരു മാറ്റം ആവശ്യമുണ്ട്. 

∙ പത്തനംതിട്ടയിൽ‌ എൻഡിഎയുടെ മുഖ്യ എതിരാളി യുഡിഎഫാണോ എൽഡിഎഫാണോ?

ഇവർ രണ്ടുപേരും ഒന്നാണല്ലോ. ഇന്ത്യാസഖ്യത്തിൽ കോൺഗ്രസും സിപിഎമ്മും സിപിഐയും ലീഗുമെല്ലാം ഒറ്റക്കെട്ടാണ്. ത്രിപുരയിലും ബംഗാളിലും രാജസ്ഥാനിലും എല്ലാം ഇവർ ഒരു മുന്നണിയിലാണ്. കേരളത്തിൽ മാത്രം ബിജെപിയെ അകറ്റിനിർത്താൻ ഇവർ രണ്ടായി നിൽക്കുന്നതാണ്. ബിജെപിക്ക് വിജയസാധ്യതയുള്ള എല്ലായിടത്തും അവർക്കൊരു സഖ്യമുണ്ടെന്ന് എല്ലാവർക്കും അറിയാം. എതിരാളി ആരാണെന്നത് നമുക്ക് പ്രശ്നമല്ല. വിജയിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്. കേരളത്തിലെ എല്ലാ ബിജെപി സ്ഥാനാർഥികളും വിജയിക്കാനാണ് മത്സരിക്കുന്നത്.

∙ ഈ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്നതാണോ?

സ്ഥാനാർഥിത്വമൊക്കെ ദേശീയ നേതൃത്വം തീരുമാനിക്കുന്ന കാര്യമാണ്. സ്ഥാനമാനങ്ങൾക്കു വേണ്ടിയല്ല ഞാൻ ബിജെപിയിൽ ചേർന്നത്. നരേന്ദ്ര മോദിക്ക് ഇന്ത്യയെ കുറിച്ചുള്ള വീക്ഷണത്തിൽ ആകൃഷ്ടനായി അദ്ദേഹത്തിനു വേണ്ടി പ്രവർത്തിക്കാനാണ് ഞാൻ ഈ പാർട്ടിയിൽ ചേർന്നത്. എന്നെ ദേശീയ സെക്രട്ടറിയും ദേശീയ വക്താവുമാക്കി. ഒരു സംസ്ഥാനത്തിന്റെ ഇൻചാർജാക്കി. ഇപ്പോൾ എന്നോട് പത്തനംതിട്ടയിൽ മത്സരിക്കാൻ കേന്ദ്ര നേതൃത്വം പറഞ്ഞു. ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ ഞാൻ അത് അനുസരിച്ചു.

പത്തനംതിട്ട ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്റണി  കാതോലിക്കേറ്റ് കോളജിൽ പര്യടനത്തിടെ.
പത്തനംതിട്ട ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്റണി കാതോലിക്കേറ്റ് കോളജിൽ പര്യടനത്തിടെ.

∙ മോദി കേരളത്തിൽ വരുമ്പോഴൊക്കെ, കേരളത്തിൽ ബിജെപി രണ്ടക്ക സീറ്റ് നേടുമെന്നാണ് ആവർത്തിച്ചു പറയുന്നത്. പക്ഷേ അൽപം അവിശ്വസനീയമായ കാര്യമായാണ് ഇതിനെ പലരും വിലയിരുത്തുന്നത്. എന്തു പിൻബലത്തിലാണ് രണ്ടക്ക സീറ്റ് എന്നു പറയുന്നത്?

ഓരോ കാര്യങ്ങൾ‌ സംഭവിക്കുന്നത് വരെ പലർക്കും പലതും അവിശ്വസനീയമായിരിക്കും. കഴിഞ്ഞ നാലു പതിറ്റാണ്ടായി ചരിത്രം സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്ന പാർട്ടിയാണ് ബിജെപി. 1980 ൽ ഞങ്ങളുടെ പാർട്ടിക്ക് ആകെ രണ്ട് സീറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ഇരുപത് വർഷത്തിനിടെ ഞങ്ങൾ കേന്ദ്രത്തിൽ സർക്കാരുണ്ടാക്കി. 2014 ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇത്രയും സീറ്റ് എൻഡിഎ നേടുമെന്ന് ആരും കരുതിയിരുന്നില്ല. പക്ഷേ ഒറ്റയ്ക്കു ഭരിക്കാനുള്ള സീറ്റ് നേടി. 2019 ൽ അതിനെക്കാൾ നേടി. പാർട്ടി ശക്തമല്ലാതിരുന്ന പല സംസ്ഥാനങ്ങളിലും ശക്തി പ്രാപിച്ചു. കേരളത്തെക്കാൾ വോട്ട് ഷെയർ കുറവുള്ള പല വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഞങ്ങൾ അധികാരത്തിലെത്തി. അവിടെയൊന്നും ബിജെപിക്ക് അധികാരമുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏഴും ഭരിക്കുന്നത് ബിജെപിയാണ്. നാലെണ്ണം ഒറ്റയ്ക്കാണ് ഭരിക്കുന്നത്. 

ബിജെപിക്ക് കേരളത്തെക്കാൾ വോട്ട് ഷെയർ കുറവുള്ള സംസ്ഥാനമായിരുന്നു തെലങ്കാനയും ബംഗാളും. എല്ലായിടത്തും പാർട്ടി വളരുകയാണ്. അടുത്ത 5 വർഷം ഇന്ത്യയെ ആര് നയിക്കുമെന്ന് തീരുമാനിക്കേണ്ട തിരഞ്ഞെടുപ്പാണിത്. രാജ്യത്തെ നയിക്കാൻ നരേന്ദ്ര മോദിയല്ലാതെ വേറൊരു ഓപ്ഷൻ ഇല്ലെന്ന് എല്ലാവർക്കുമറിയാം. 2019 ൽ ചിലർ കോൺഗ്രസ് അധികാരത്തില്‍ വരുമെന്നും രാഹുൽ പ്രധാനമന്ത്രിയാകും എന്നുമൊക്കെ കരുതി. പക്ഷേ ഈ തിരഞ്ഞെടുപ്പിൽ അങ്ങനെയൊരു വിശ്വാസം ആർക്കുമില്ല. 

∙ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വലിയൊരു പ്രചാരണ വിഷയമായിരുന്നു. ആ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ മത്സരിച്ചിട്ട് പോലും പത്തനംതിട്ടയിൽ വിജയിക്കാനായില്ല. അന്നു നടക്കാത്ത എന്ത് അദ്ഭുതം ഇത്തവണ നടക്കുമെന്നാണ് ബിജെപി കരുതുന്നത് ?

ആ വിലയിരുത്തൽ തെറ്റാണ്. പത്തനംതിട്ട, തൃശൂർ, ആറ്റിങ്ങൽ, ആലപ്പുഴ എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ തവണ രണ്ടിരട്ടി വോട്ടാണ് ബിജെപി വർധിപ്പിച്ചത്. ദേശീയ തലത്തിൽ ഞങ്ങളുടെ ജനകീയത വർധിച്ചിട്ടേയുള്ളൂ. മോദിജി നയിക്കുന്ന ബിജെപിക്ക് അല്ലാതെ ഈ തിരഞ്ഞെടുപ്പിൽ ജനം ആർക്കാണ് വോട്ട് ചെയ്യുന്നത്. വേറൊരു നല്ല ഓപ്ഷൻ ഇല്ല.

∙ ശബരിമലയും ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണവിഷയമാണോ?

ഈ മണ്ഡലത്തിലെ വികസനമില്ലായ്മയാണ് ഞങ്ങൾ ഇവിടെ ഏറ്റവും പ്രധാന വിഷയമായി അവതരിപ്പിക്കുന്നത്. ശബരിമലയും മാരാമൺ കൺവെൻഷനും പരുമല പള്ളിയുമൊക്കെയുള്ള ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല. ശബരിമലയിൽ പോകാൻ രണ്ടുവരി പൊട്ടിപ്പൊളിഞ്ഞ പാതയാണ് ഇപ്പോഴും ഉള്ളത്.

ശബരിമലയുടെ പവിത്രത തകർക്കാൻ മാർക്സിസ്റ്റ് പാർട്ടി നടത്തിയ ശ്രമങ്ങളൊന്നും ആരും മറക്കാൻ പോകുന്നില്ല. നാമജപത്തെ തോമസ് ഐസക് തെറിജപം എന്നാണ് പറഞ്ഞത്. കഴിഞ്ഞ പ്രാവശ്യമൊക്കെ കന്നുകാലികളെ കൊണ്ടുപോകുന്നത് പോലെയാണ് ശബരിമല തീർഥാടകരെ ബസിൽ കുത്തിനിറച്ചു കൊണ്ടുപോയത്. അടിസ്ഥാന സൗകര്യവികസനം പോലും സംസ്ഥാന സർക്കാർ ചെയ്യുന്നില്ല. ഇതൊന്നും അയ്യപ്പ ഭക്തർ മറക്കില്ല. ശബരിമല ഒരു വിഷയം തന്നെയാണ്.

∙ ശബരിമലയിലേക്കു പോകാൻ പൊട്ടിപ്പൊളിഞ്ഞ രണ്ടുവരി പാതയെന്നു പറഞ്ഞു. അപ്പോൾ ശബരിമല വികസനം മുഖ്യ അജൻഡയാണോ?

വികസിത ഭാരതം, വികസിത കേരളം, വികസിത പത്തനംതിട്ട– അതാണ് ലക്ഷ്യം. ഒരു റിലീജിയസ് ഹബ്ബാണ് പത്തനംതിട്ട. ലോകത്തെ പല രാജ്യങ്ങളിൽനിന്നും പത്തനംതിട്ടയിലേക്ക് ടൂറിസ്റ്റുകളെ എത്തിക്കുന്ന തരത്തിലുള്ള വികസനം കൊണ്ടുവരും.

ചിരിമുന്നണി... 
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി അനിൽ ആന്റണി ഈരാറ്റുപേട്ടയിലെ വസതിയിലെത്തി പി.സി.ജോർജിനെ സന്ദർശിച്ചപ്പോൾ. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജെ.പ്രമീളാ ദേവി, ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാൽ, ഷോൺ ജോർജ് എന്നിവർ സമീപം. ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ
ചിരിമുന്നണി... പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി അനിൽ ആന്റണി ഈരാറ്റുപേട്ടയിലെ വസതിയിലെത്തി പി.സി.ജോർജിനെ സന്ദർശിച്ചപ്പോൾ. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജെ.പ്രമീളാ ദേവി, ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാൽ, ഷോൺ ജോർജ് എന്നിവർ സമീപം. ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ

∙ പി.സി.ജോർജുമായുള്ള പിണക്കമൊക്കെ മാറിയോ?

അതൊക്കെ മാധ്യമങ്ങൾ ഉണ്ടാക്കിയ വിഷയങ്ങളാണ്. ഞാൻ ഇവിടെ വന്ന ആദ്യം ദിവസം തന്നെ പി.സി.ജോർജിനെ കണ്ടു. അദ്ദേഹം എന്നോടൊപ്പം രണ്ടുമൂന്ന് പരിപാടികളിൽ പങ്കെടുത്തു. അദ്ദേഹത്തിന്റെ മകൻ എന്നോടൊപ്പം നിരവധി പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. ഞങ്ങളെല്ലാം ഒറ്റക്കെട്ടാണ്.

∙ പി.സി.ജോർജ് പ്രചാരണത്തിൽ സജീവമാണോ?

എല്ലാവരും ഇവിടെ സജീവമാണ്. എന്നെപ്പോലെ ഒരു ഉപാധികളുമില്ലാതെ നരേന്ദ്ര മോദിക്ക് വേണ്ടി പ്രവർത്തിക്കാനാണ് പി.സി.ജോർജും ബിജെപിയിലേക്ക് എത്തിയത്. അദ്ദേഹത്തിന്റെ കഴിവിനും സീനിയോറിറ്റിക്കും അനുസരിച്ച് പാർട്ടി മികച്ച ഉത്തരവാദിത്തം നൽകും. കേരള രാഷ്ട്രീയത്തിലെ അതികായകനാണ് അദ്ദേഹം. ബിജെപിക്ക് ഒരു മുതൽക്കൂട്ടാണ് പി.സി.ജോർജ്.

∙ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിനു മുൻപ്, ‘ഞാൻ ജയിച്ചാൽ പാർലമെന്റിൽ ആദ്യം ശബരിമല അയ്യപ്പനുവേണ്ടി പ്രസംഗിക്കു’മെന്നാണ് പി.സി.ജോർജ് പറഞ്ഞിരുന്നത്. അങ്ങനെയെന്തെങ്കിലും അനിലിന്റെ മനസ്സിലുണ്ടോ?

മറ്റു രണ്ട് സ്ഥാനാർഥികളെക്കാൾ മികച്ച രീതിയിൽ ഇവിടത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ എനിക്ക് കേന്ദ്രത്തിനു മുന്നിൽ അവതരിപ്പിക്കാൻ കഴിയും. പല കേന്ദ്രപദ്ധതികളും എനിക്ക് ഇവിടെ നടപ്പിലാക്കാൻ സാധിക്കും.

∙ പത്മജയുടെ ബിജെപിയിലേക്കുള്ള വരവിനെ എങ്ങനെ കാണുന്നു?

ഇനിയും എത്രയോ പേർ വരാനിരിക്കുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് കോൺഗ്രസിൽനിന്നു പലരും ഇങ്ങോട്ടുവരും.

∙ പത്തനംതിട്ടയിൽ എ.കെ.ആന്റണി ആന്റോ ആന്റണിക്ക് വേണ്ടി പ്രചാരണത്തിനു വരുമോയെന്നാണ് എല്ലാവരുടെയും ആകാംക്ഷ. അതുണ്ടാകുമോ?

​മാധ്യമങ്ങൾ പലതും പറയും. മാധ്യമങ്ങൾക്കെന്ത് അറിയാം? കഴിഞ്ഞ ഒരു വർഷമായി ഇവിടെ പല മാധ്യമങ്ങളും എന്നെക്കുറിച്ച് എന്തൊക്കെ എഴുതി. അതെല്ലാം ശരിയായിരുന്നോ? ഞാൻ എറണാകുളത്തും കോട്ടയത്തും മത്സരിക്കും, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കും എന്നൊക്കെ മാധ്യമങ്ങൾ പറഞ്ഞു. അവർക്കു ബിജെപിയെ കുറിച്ചോ മോദിജിയെ കുറിച്ചോ വലിയ ധാരണയൊന്നും ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. 

പത്തനംതിട്ട ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി അനിൽകെ. ആന്റണി വെച്ചൂച്ചിറയിൽ പ്രചാരണത്തിനിടെ.
പത്തനംതിട്ട ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി അനിൽകെ. ആന്റണി വെച്ചൂച്ചിറയിൽ പ്രചാരണത്തിനിടെ.

∙ ആന്റോ ആന്റണിക്ക് വേണ്ടി എ.കെ.ആന്റണി പ്രചാരണത്തിന് എത്തിയാൽ അത് തിരിച്ചടിയാകില്ലേ?

എ.കെ.ആന്റണിക്ക് 84 വയസ്സായി. അദ്ദേഹം പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്നെല്ലാം വിരമിച്ചു. സെമി റിട്ടയേഡ് ആയി വീട്ടിൽ ഇരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. എനിക്കുവേണ്ടി ആദ്യം പ്രചാരണത്തിനു വന്നത് നരേന്ദ്ര മോദിയാണ്. ഇന്ത്യയിലെ ഏറ്റവും ജനപിന്തുണയുള്ള നേതാവാണ് മോദി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ.സി.വേണുഗോപാലും വി.ഡി.സതീശനും ഒക്കെ ഇവിടെ വന്ന് പ്രചാരണം നടത്തിയാലും മോദിജി ഉണ്ടാക്കിയ ഇംപാക്ടിന്റെ പകുതിപോലും ഉണ്ടാക്കില്ല. എ.കെ.ആന്റണിയല്ല, രാഹുൽ ഗാന്ധി എനിക്കെതിരെ പ്രചാരണത്തിനു വരട്ടെ.

∙ എന്നിരുന്നാലും ആന്റണിയെ കൊണ്ടുവരാനുള്ള ശ്രമം കോൺഗ്രസ് നടത്തും?

രാഹുലും പ്രിയങ്കയും വേണുഗോപാലും സതീശനുമെല്ലാം 84 വയസ്സായി വിരമിച്ച എ.കെ.ആന്റണിയുടെ അത്രയും പോലും കഴിവില്ലാത്തവരാണോ അപ്പോൾ എന്നാണ് എന്റെ മറുചോദ്യം.

∙ എ.കെ.ആന്റണിയുടെ കുടുംബം പ്രചാരണത്തിനു വരുമോ?

എ.കെ.ആന്റണിയുടെ കുടുംബം ഒരിക്കലും പ്രചാരണത്തിന് ഇറങ്ങില്ല. അവർ ഒരിക്കലും ഇറങ്ങിയിട്ടുമില്ല. 

∙ വീട്ടിൽ സ്ഥാനാർഥിത്വം അറിഞ്ഞപ്പോൾ എന്തായിരുന്നു പ്രതികരണം?

ഇത് പാർട്ടി തീരുമാനമാണ്. കുടുംബത്തിനകത്ത് ഞങ്ങൾ രാഷ്ട്രീയം അധികം സംസാരിക്കാറില്ല. ബിജെപി ദേശീയ നേതൃത്വത്തിന്റെയാണ് തീരുമാനം.

പുതുപ്പള്ളിയിൽ ന്യൂനപക്ഷ മോർച്ച സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അംഗത്വ വിതരണ ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്യാൻ എത്തിയ ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണിയും ബിജെപി സ്ഥാനാർഥി ജി.ലിജിൻ ലാലും സംസാരിക്കുന്നു. ചിത്രം: മനോരമ
പുതുപ്പള്ളിയിൽ ന്യൂനപക്ഷ മോർച്ച സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അംഗത്വ വിതരണ ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്യാൻ എത്തിയ ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണിയും ജി.ലിജിൻ ലാലും സംസാരിക്കുന്നു. (ഫയൽ ചിത്രം)

∙ സ്വാഭാവികമായും വീട്ടിൽ അറിയിച്ചുകാണുമല്ലോ

ദേശീയതലത്തിൽ വാർത്താസമ്മേളനം നടത്തിയാണ് 195 സ്ഥാനാർഥികളെയും ബിജെപി ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. ഞാൻ ഫോൺ വിളിക്കും മുന്നേ വീട്ടുകാർ അറിഞ്ഞിരുന്നു.

∙ സന്തോഷമായിരുന്നോ വീട്ടുകാർക്ക്?

വീട്ടുകാരുടെ സന്തോഷവും സങ്കടവുമൊന്നും ഞാൻ നോക്കിയില്ല. കുടുംബത്തിന്റെ ഇമോഷൻ അല്ല പ്രധാനം. എന്റെ പാർട്ടി ഏൽപിച്ച കടമ ഞാൻ നിറവേറ്റുകയാണ്.

English Summary:

Anil Antony Confident of NDA's Victory in Pathanamthitta, Unfazed by Opposition's Campaign Efforts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com