‘വ്യക്തിയെക്കുറിച്ചല്ല പറഞ്ഞത്, വളച്ചൊടിച്ചു’: പ്രതികരിച്ച് സത്യഭാമ; വിവാദപരാമർശം രണ്ടാം തവണ
Mail This Article
തൃശൂർ∙ നർത്തകൻ ആർഎൽവി രാമകൃഷ്ണനു നേരെ ജാതിഅധിക്ഷേപം നടത്തിയെന്ന വിവാദത്തിൽ പ്രതികരണവുമായി കലാമണ്ഡലം സത്യഭാമ. ആർഎൽവി എന്ന സ്ഥാപനത്തെക്കുറിച്ചാണു പറഞ്ഞതെന്നും വ്യക്തിയെക്കുറിച്ചല്ലെന്നും സത്യഭാമ പറഞ്ഞു. താൻ പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിച്ചതായും സത്യഭാമ ആരോപിച്ചു.
ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണു സത്യഭാമയുടെ വിവാദ പരാമർശം. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ആർഎൽവി രാമകൃഷ്ണനു കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആർഎൽവി രാമകൃഷ്ണനു പിന്തുണയുമായി നിരവധിപ്പേർ രംഗത്തെത്തി. സത്യഭാമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു.
ഇതു രണ്ടാം തവണയാണു സത്യഭാമ വിവാദത്തിൽപെടുന്നത്. 2018ൽ, അന്തരിച്ച കഥകളി ആചാര്യൻ കലാമണ്ഡലം പത്മനാഭൻ നായരെക്കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യയും മോഹിനിയാട്ടം ഗുരുവുമായ അന്തരിച്ച കലാമണ്ഡലം സത്യഭാമയെക്കുറിച്ചും കലാമണ്ഡലം ഭരണസമിതി അംഗമായിരിക്കെ സത്യഭാമ നടത്തിയ പരാമർശവും വിവാദമായിരുന്നു.
പത്മനാഭൻ ആശാൻ മോശം നടനാണെന്നും കലാമണ്ഡലം സത്യഭാമയ്ക്ക് ഒരു പിണ്ണാക്കും അറിയില്ലെന്നും മറ്റും പരാമർശത്തിലുണ്ടായിരുന്നു. ഇതിനെത്തുടർന്ന് കലാമണ്ഡലം ഭരണസമിതിയിൽനിന്നു സത്യഭാമയെ പുറത്താക്കിയിരുന്നു. അന്നു ഫോൺസംഭാഷണം പുറത്തുവിട്ടത് ‘ചാലക്കുടിക്കാരൻ’ ആണെന്നും സത്യഭാമ പറഞ്ഞു.