ADVERTISEMENT

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ആംആദ്മി പാർട്ടിക്ക് (എഎപി) കനത്ത തിരിച്ചടിയാണ് അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റ്. ഉപമുഖ്യമന്ത്രിയായിരുന്ന എഎപിയുടെ പ്രമുഖ നേതാവും കേജ്‌രിവാളിന്റെ വലംകൈയുമായ മനീഷ് സിസോദിയയെ ഇതേ കേസിൽ നേരത്തേതന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തിരുന്നു. മുതിർന്ന നേതാക്കളായ സത്യേന്ദർ ജെയ്ൻ, സഞ്ജയ് സിങ് തുടങ്ങിയവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മുതിർന്ന നേതാക്കളുടെ അഭാവമാണ് തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ എഎപി നേരിടുന്ന പ്രതിസന്ധി. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി കൈകോർത്ത് ഡൽഹി, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരെ നേർക്കുനേർ പോരാട്ടത്തിനിറങ്ങിയപ്പോഴാണ് ‘ക്യാപ്റ്റനെ’ നഷ്ടപ്പെട്ട അവസ്ഥയിൽ എഎപിയെത്തിയത്. പാർട്ടിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കേന്ദ്രബിന്ദു കേജ്‌രിവാളാണ്. ഏതു പ്രതിസന്ധി നേരിടേണ്ടിവന്നാലും അതു ശക്തമായി തരണം ചെയ്യുമെന്ന നിലപാടാണു പാർട്ടി എന്നും എടുത്തിട്ടുള്ളത്. എന്നാൽ പ്രധാന നേതാവിനെത്തന്നെ ഇ.ഡി അറസ്റ്റ് ചെയ്തതോടെ വലിയൊരു വെല്ലുവിളിയാണു പാർട്ടിക്കു മുന്നിലുള്ളത്. 

നാലു സ്ഥാനാർഥികളെ നിർത്തിയ ഡൽഹിയിൽ ആയാലും രണ്ടു സ്ഥാനാർഥികളെ നിർത്തിയ ഗുജറാത്തിലായാലും കേജ്‌രിവാളിനെ ചുറ്റിപ്പറ്റിയാണ് പാർട്ടിയുടെ പ്രചാരണവും നിലനിൽപ്പും. ഡൽഹിയിൽ ‘സൻസദ് മേം ഭീ കേ‌ജ്‌രിവാൾ’ എന്ന ടാഗ്‌ലൈൻ ഉപയോഗിച്ചു പ്രചാരണം നടത്തുമ്പോൾ ഗുജറാത്തിൽ ‘ഗുജറാത്ത് മേം ഭീ കേജ്‌രിവാൾ’ എന്നാണ് ഉപയോഗിക്കുന്നത്. പഞ്ചാബിൽ മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിലാണ് പ്രചാരണമെങ്കിലും കേജ്‌രിവാൾ അടിക്കടി സംസ്ഥാനം സന്ദർശിക്കാറുണ്ട്. അവിടെ കോൺഗ്രസുമായി ചേരാതെ ഒറ്റയ്ക്കാണ് എഎപി 11 സീറ്റിലും മത്സരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ കേജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ക്യാംപെയ്ൻ എങ്ങനെ പോകുമെന്ന് മന്ത്രി സൗരഭ് ഭരദ്വാജിനോടു മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. അതിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയായിരുന്നു: ‘‘ഞങ്ങളുടെ പ്രചാരണത്തിന്റെ മുഖം എപ്പോഴും അരവിന്ദ് കേ‍ജ്‌രിവാളാണ്. ആ മുഖമാണ് ആളുകൾ ഇഷ്ടപ്പെടുന്നതും വിശ്വസിക്കുന്നതും. അങ്ങനൊരു സാഹചര്യമെത്തുമ്പോൾ അതിനനുസരിച്ച് തന്ത്രങ്ങൾ രൂപപ്പെടുത്തും.’’

കേജ്‌രിവാളിന് ഡൽഹിയിലെ ജനങ്ങൾക്കിടയിലുള്ള ജനസമ്മിതി മൂലം അറസ്റ്റ് ഉണ്ടാകില്ലെന്ന പ്രതീക്ഷയിലായിരുന്നു എഎപിയുടെ മിക്ക നേതാക്കളും പ്രവർത്തകരും. അറസ്റ്റ് ബിജെപിയെ തിരി‍ഞ്ഞുകൊത്താൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുകളും ഉണ്ട്. കേജ്‌രിവാളിന്റെ അറസ്റ്റ് എഎപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മാത്രമല്ല, സംസ്ഥാന ഭരണത്തിന്റെയും അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും മേൽ കാര്യമായ പ്രതിസന്ധികൾ സൃഷ്ടിക്കും.

English Summary:

"AAP's Crisis Looms as ED Detains Kejriwal: Can They Rally for Upcoming Elections?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com