ADVERTISEMENT

ന്യൂഡൽഹി∙ മൂന്നു മണിക്കൂർ നീണ്ട വാദം; വിധിക്കായി അതിലേറെ നീണ്ട കാത്തിരിപ്പ്. കോടതിക്കകത്ത് അക്ഷമയോടെ ഇരുപക്ഷത്തെയും അഭിഭാഷകരും  അരവിന്ദ് കേജ്‌രിവാളും. പുറത്ത് ആശങ്കയോടെ കാത്തുനിന്ന അണികൾ. ഒടുവിൽ വിധി വന്നപ്പോൾ കേജ്‌രിവാളിനെ കോടതി 28 വരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലേക്കു വിട്ടു. ആറാം ദിവസം ഉച്ചയ്ക്ക് 2 മണിക്കു വീണ്ടും കോടതിയിൽ ഹാജരാക്കണം. കേജ്‌രിവാളിനെ 10 ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നായിരുന്നു ഇഡി ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി പദത്തിലിരിക്കവേ അറസ്റ്റിലായി ഇത്രയും ദിവസം റിമാൻഡിൽ പോകുന്ന ആദ്യ നേതാവാണ് അരവിന്ദ് കേജ്‌രിവാൾ. 

ഇരുപക്ഷത്തെയും വാദം പൂർത്തിയായി മണിക്കൂറുകൾ കഴി‍ഞ്ഞ് രാത്രി 7 മണിയോടെയാണ് റൗസ് അവന്യൂ പിഎംഎൽഎ കോടതി ജഡ്ദി കാവേരി ബവേജ വിധി തയാറാക്കാൻ ഇനിയും സമയമെടുക്കുമെന്നറിയിച്ചത്. 8.30നു ശേഷം വിധി വരുമ്പോഴേയ്ക്കും പുറത്ത് ആംആദ്മി പാർട്ടി അടുത്ത ദിവസങ്ങളിലേക്കുള്ള പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ വസതിയിലേക്കു പ്രതിഷേധ മാർച്ച് നടത്തും. ഇന്ത്യാമുന്നണിയിലെ പ്രതിപക്ഷ കക്ഷികളെയും പ്രതിഷേധത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്. നാളെ ഡൽഹിയിൽ വ്യാപക പ്രതിഷേധം നടക്കും. 

വ്യാഴാഴ്ച രാത്രിയാണ് അരവിന്ദ് കേജ്‌രിവാളിനെ മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്. 9 തവണ സമൻസ് നൽകിയിട്ടും ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്ന കേജ്‌രിവാളിന്റെ സിവിൽ ലെയ്ൻസിലെ ഔദ്യോഗിക വസതിയിൽ ഇന്നലെ രാത്രി 7.05ന് എത്തിയ ഇ.ഡി സംഘം രാത്രി 9.11ന് അറസ്റ്റ് രേഖപ്പെടുത്തി. തുടർന്നു 11.10ന് ഇ.ഡിയുടെ ഓഫിസിലേക്കു കൊണ്ടുപോവുകയായിരുന്നു.

ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ കഴിഞ്ഞവർഷം ഫെബ്രുവരിയിലും എഎപിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ്ങിനെ ഒക്ടോബറിലും ഇതേ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിതയെയും കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തു. രണ്ടു മാസത്തിനിടെ ഇ.ഡി അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയാണ് കേജ്‌രിവാൾ. ജനുവരി 31ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇ.ഡി അറസ്റ്റിനു തൊട്ടുമുൻപായി രാജി വയ്ക്കുകയായിരുന്നു.

English Summary:

Court sent Arvind Kejriwal to ED Custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com