ADVERTISEMENT

ന്യൂഡൽഹി∙ മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു. ഈ മാസം 28 വരെയാണ് കസ്റ്റഡി അനുവദിച്ചത്. കേജ്‌രിവാളിനെ പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന വാദത്തിനുശേഷം വീണ്ടും മണിക്കൂറുകൾ കഴിഞ്ഞാണ് ഡൽഹി റൗസ് അവന്യു പിഎംഎൽഎ കോടതി ഇ.ഡിയുടെ കസ്റ്റഡി അപേക്ഷയിൽ വിധി പറഞ്ഞത്. വിധിപ്പകർപ്പ് തയാറാക്കുന്നതിലെ കാലതാമസമാണ് വിധി വൈകാൻ കാരണമെന്നാണ് സ്പെഷൽ ജഡ്ജി കാവേരി ബാജ്​വ അറിയിച്ചത്. കോടതിയുടെ പുറത്ത് രാത്രിയും ഒട്ടേറെ എഎപി പ്രവർത്തകരാണ് തടിച്ചുകൂടിയത്. പരിസരത്ത് പൊലീസ്, അർധസൈനിക വിഭാഗങ്ങൾ വൻ സുരക്ഷയൊരുക്കി. എഎപി ഓഫിസിനും സുരക്ഷ വർധിപ്പിച്ചു. ‌കേജ്‌രിവാളിനെ ഇ.ഡി ആസ്ഥാനത്തേയ്ക്കു കൊണ്ടുപോയി. മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന് കോടതിയിൽനിന്ന് പുറത്തിറങ്ങുമ്പോൾ കേ‌ജ്‌രിവാൾ പ്രതികരിച്ചു. ആവശ്യമെങ്കിൽ ജയിലിൽനിന്ന് സർക്കാരിനെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എഎപി പാർട്ടി പ്രവർത്തകർ ഡൽഹിയിലേക്ക് എത്തുന്നു. (ഫോട്ടോ: രാഹുൽ ആർ. പട്ടം ∙ മനോരമ)
ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എഎപി പാർട്ടി പ്രവർത്തകർ ഡൽഹിയിലേക്ക് എത്തുന്നു. (ഫോട്ടോ: രാഹുൽ ആർ. പട്ടം ∙ മനോരമ)
ഡൽഹിയിൽ എഎപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽനിന്ന്. (ഫോട്ടോ: രാഹുൽ ആർ. പട്ടം ∙ മനോരമ)
ഡൽഹിയിൽ എഎപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽനിന്ന്. (ഫോട്ടോ: രാഹുൽ ആർ. പട്ടം ∙ മനോരമ)

മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരൻ കേജ്‌രിവാൾ ആണെന്നായിരുന്നു ആദ്യം വാദം തുടങ്ങി ഇഡി പറ‍ഞ്ഞത്. കേസിൽ ചോദ്യം ചെയ്യാനായി നൽകിയ സമൻസുകൾ എല്ലാം കേജ്‌രിവാൾ അവഗണിച്ചു. വീട്ടിലെത്തി ചോദ്യം ചെയ്തപ്പോഴും സഹചരിച്ചില്ലെന്നും ഇഡി കോടതിയിൽ പറഞ്ഞു. അനുകൂല നയരൂപീകരണത്തിനു പ്രതിഫലമായി കേജ്‌രിവാൾ സൗത്ത് ഗ്രൂപ്പിൽ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഇ.ഡി. കോടതിയിൽ വ്യക്തമാക്കി. അറസ്റ്റ് ചെയ്തത് നടപടിക്രമങ്ങൾ പാലിച്ചാണെന്ന് ഇഡി കോടതിയിൽ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ വ്യവസ്ഥകൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയിൽ പറഞ്ഞു.

ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുത്ത എഎപി മന്ത്രി അതിഷിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു. (ഫോട്ടോ: രാഹുൽ ആർ. പട്ടം ∙ മനോരമ)
ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുത്ത എഎപി മന്ത്രി അതിഷിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു. (ഫോട്ടോ: രാഹുൽ ആർ. പട്ടം ∙ മനോരമ)

ഡൽഹി മദ്യനയ രൂപീകരണത്തിൽ കേജ്‌രിവാൾ‌ നേരിട്ടു പങ്കാളിയായിരുന്നു. കോടികൾ കൈക്കൂലി വാങ്ങിയാണു നയം രൂപീകരിച്ചത്. കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു. കോഴപ്പണം എഎപി ഗോവ, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി വാദിച്ചു. ഡൽഹി എക്സൈസ് നയം രൂപീകരിക്കാനുള്ള വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു എങ്കിലും ഇതൊരു കടലാസു സമിതിയായിരുന്നു. കൈക്കൂലി നൽകിയവർക്കും കൂടുതൽ പണം നൽകിയവർക്കും ലൈസൻസ് നൽകിയെന്നാണ് ഇഡി കോടതിയിൽ വ്യക്തമാക്കിയത്. കേസിലെ പ്രധാന പ്രതികളിലൊരാളായ വിജയ് നായർ കേജ്‌രിവാളിന്റെ വീടിനരുകിലാണു താമസിച്ചിരുന്നത്. എഎഎപിയുടെ കമ്യൂണിക്കേഷൻ വിഭാഗം മേധാവി ആയിരുന്നു വിജയ് നായർ. മന്ത്രി കൈലാഷ് ഗെലോട്ടിന്റെ വീട്ടിൽ താമസിച്ചാണ് വിജയ് നായർ കൈക്കൂലി ഇടപാടുകൾക്ക് ഇടനില നിന്നത്. സൗത്ത് ഗ്രൂപ്പിന്റെയും എഎപിയുടെയും ഇടനിലക്കാരനായാണ് വിജയ് നായർ പ്രവർത്തിച്ചത്. നയരൂപീകരണത്തിന്റെ പേരിൽ സൗത്ത് ഗ്രൂപ്പിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടു. കേസിൽ ചോദ്യം ചെയ്ത പലരുടെയും മൊഴികളിൽ നിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ടെന്നും ഇ.ഡി. പറഞ്ഞു.

ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എഎപി പാർട്ടി പ്രവർത്തകർ ഡൽഹിയിലേക്ക് എത്തുന്നു. (ഫോട്ടോ: രാഹുൽ ആർ. പട്ടം ∙ മനോരമ)
ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എഎപി പാർട്ടി പ്രവർത്തകർ ഡൽഹിയിലേക്ക് എത്തുന്നു. (ഫോട്ടോ: രാഹുൽ ആർ. പട്ടം ∙ മനോരമ)
ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എഎപി പാർട്ടി പ്രവർത്തകർ ഡൽഹിയിലേക്ക് എത്തുന്നു. (ഫോട്ടോ: രാഹുൽ ആർ. പട്ടം ∙ മനോരമ)
ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എഎപി പാർട്ടി പ്രവർത്തകർ ഡൽഹിയിലേക്ക് എത്തുന്നു. (ഫോട്ടോ: രാഹുൽ ആർ. പട്ടം ∙ മനോരമ)

ഇത്ര തിടുക്കത്തിൽ അറസ്റ്റ് ചെയ്യേണ്ട അടിയന്തര ആവശ്യമെന്തായിരുന്നെന്ന് കേജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി ചോദിച്ചു. പണമൊഴുകിയ വഴി കണ്ടെത്താനാണ് അറസ്റ്റ് ചെയ്തതെന്ന വാദം അംഗീകരിക്കാനാകില്ല. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് അധികാരത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു പാർട്ടിയുടെ മുൻനിര നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് ആദ്യമായാണ്. കേസിൽ മുൻവിധി ഉണ്ടായിരുന്നു എന്ന വ്യക്തമാക്കുന്ന നടപടികളാണ് ഇതുവരെ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിയെന്ന നിലയിൽ മാത്രമാണ് കേ‌ജ്‌രിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് ഇന്നലെ ഡൽഹി ഹൈക്കോടതിയിൽ ഇഡി പറഞ്ഞത്. എന്നാൽ, ഇന്നാകട്ടെ രാഷ്ട്രീയ പാർട്ടിയെ കമ്പനിയായി വ്യാഖ്യാനിച്ച് അതിന്റെ ഭാഗമായ എല്ലാവരും കുറ്റക്കാരാണെന്നും പറയുന്നു. കേജ്‌രിവാളിനെതിരെ ഒരു തെളിവുമില്ല. റിമാൻഡിൽ വിടണമെന്ന ആവശ്യം കണ്ണടച്ചു പരിഗണിക്കരുതെന്നും സിങ്‌വി പറഞ്ഞു. 2022ലാണ് കേസ് റജിസ്റ്റർ ചെയ്തതെന്ന് കേജ്‌രിവാളിനു വേണ്ടി ഹാജരായ വിക്രം ചൗധരി പറഞ്ഞു. പ്രോസിക്യൂഷൻ നടപടികളിൽ ഒന്നിലും കേജ്‌രിവാളിനെ കുറ്റക്കാരനെന്ന വിശേഷണം ഉണ്ടായിട്ടില്ല. 2023 ഒക്ടോബറിൽ മാത്രമാണ് കേജ്‌രിവാളിനു ആദ്യ സമൻസ് ലഭിച്ചതെന്നും പറഞ്ഞു.

English Summary:

Arvind Kejriwal in ED Custody: AAP Protests - Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com