ഒഡീഷയിൽ ബിജെപി–ബിജെഡി സഖ്യമില്ല; ലോക്സഭാ–നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കും
Mail This Article
ന്യൂഡൽഹി∙ ഒഡീഷയിൽ നവീൻ പട്‌നായിക്കിന്റെ ബിജു ജനതാദളുമായി (ബിജെഡി) സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി. ലോക്‌സഭയിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. ബിജെപി-ബിജെഡി സഖ്യമില്ലെന്ന് ബിജെപി ഒഡീഷ പ്രസിഡന്റ് മൻമോഹൻ സമലാണ് എക്‌സിലൂടെ പ്രഖ്യാപിച്ചത്. ഇതോടെ ബിജെപി–ബിജെഡി സഖ്യവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾക്കും ഡൽഹി കേന്ദ്രീകരിച്ച് നടന്ന ചർച്ചകൾക്കും വിരാമമായി. സഖ്യത്തെ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് ഇന്നലെ അമിത് ഷാ പറഞ്ഞിരുന്നു.
ബിജെപി-ബിജെഡി സഖ്യം ഉണ്ടാകാതിരുന്നതിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ ബിജു ജനതാദളിനെ കുറ്റപ്പെടുത്തി രംഗത്തെത്തി.‘കഴിഞ്ഞ 10 വർഷമായി നവീൻ പട്നായിക്കിന്റെ നേതൃത്വത്തിൽ ബിജു ജനതാദൾ ദേശീയ പ്രാധാന്യമുള്ള പല കാര്യങ്ങളിലും കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാരിനെ പിന്തുണക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഞങ്ങൾ അദ്ദേഹത്തോട് നന്ദി പറയുന്നു. രാജ്യത്തുടനീളം വികസന-ക്ഷേമ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കുന്നതിൽ മോദി സർക്കാർ വലിയ പങ്കാണ് വഹിച്ചത്. എന്നാൽ മോദി സർക്കാരിന്റെ പല ക്ഷേമ പദ്ധതികളും ഒഡീഷയിൽ എത്താത്തതിനാൽ ഒഡീഷയിലെ പാവപ്പെട്ട സഹോദരി സഹോദരന്മാർക്ക് അതിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. ഒഡീഷയുടെ സ്വത്വം, ഒഡീഷയുടെ അഭിമാനം, ഒഡീഷയിലെ ജനങ്ങളുടെ താൽപര്യം എന്നിവയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ ഞങ്ങൾക്ക് ആശങ്കകളുണ്ട്’ – എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ മൻമോഹൻ സമല എക്സിൽ കുറിച്ചത്.
നരേന്ദ്രമോദി സർക്കാരിന് ശക്തി നൽകാൻ ബിജെപി ഒഡീഷയിലെ 21 ലോക്സഭാ സീറ്റുകളിലും 147 നിയമസഭാ സീറ്റുകളിലും ഒറ്റയ്ക്കു മത്സരിച്ച് വിജയിക്കുമെന്നും മൻമോഹന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 1998 മുതൽ 2009 വരെ എൻഡിഎയുടെ ഭാഗമായിരുന്ന ബിജു ജനതാദൾ കഴിഞ്ഞ 15 വർഷമായി എൻഡിഎ സഖ്യത്തിനു പുറത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. ഒഡീഷയിൽ ബിജെഡിയും ആന്ധ്രയിൽ ടിഡിപിയുമായി നടന്നുവന്ന ചർച്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബിജെപിയുടെ വലിയ കരുനീക്കങ്ങളായാണ് വിലയിരുത്തപ്പെട്ടത്.