‘ജാതിയോ നിറമോ നോക്കി കല അളക്കരുത്; വിധികർത്താക്കളുടെ ആഭിമുഖ്യം മറികടക്കാൻ മേക്കപ്പ് ഇട്ടാൽ മതി’
Mail This Article
കോഴിക്കോട് ∙ നിറമോ ജാതിയോ നോക്കി കലാകാരന്റെ കല അളക്കുന്നതു ശരിയല്ലെന്ന് പി.സി.ജോർജ് പറഞ്ഞു. ഈ വിഷയത്തിൽ അഭിപ്രായം പറയാൻ തനിക്ക് നൃത്തമറിയില്ല. സാഹിത്യകാരനുമല്ല. ജാതിയോ നിറമോ നോക്കി കല അളക്കരുത്. സ്ത്രീയാണോ പുരുഷനാണോ എന്നു നോക്കിയും കല അളക്കരുത്.
ചലച്ചിത്രതാരം വിനീതിനെപ്പോലെ നൃത്തം ചെയ്യാൻ നർത്തകിമാർക്കുപോലും കഴിയില്ല. വിധികർത്താക്കൾക്ക് തന്റെ മുന്നിൽ വെളുത്ത കുട്ടിയും കറുത്ത കുട്ടിയും മത്സരിക്കാൻ വരുമ്പോൾ വെളുത്തകുട്ടിയോട് ആഭിമുഖ്യം തോന്നിയേക്കാം. ഇതു മറികടക്കാൻ നന്നായി മേക്കപ്പ് ഇട്ടാൽ മതിയെന്നും പി.സി.ജോർജ് പറഞ്ഞു. കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കുന്നതിനെതിരെ സത്യഭാമ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു. യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലെ സൂചനകൾ നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരെയാണെന്നും ജാതി അധിക്ഷേപമാണു നടത്തിയതെന്നും ആരോപണമുയർന്നു. രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ രാമകൃഷ്ണനു പിന്തുണയുമായി രംഗത്തെത്തി. അതേസമയം, പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും ആരെയും പേരെടുത്തു പറഞ്ഞിട്ടില്ലെന്നുമാണു സത്യഭാമയുടെ വാദം.