ലോറിയിൽനിന്നും കരിങ്കല്ല് തെറിച്ചുവീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി; സഹായവാഗ്ദാനവുമായി അദാനി ഗ്രൂപ്പ്
Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് അമിതലോഡുമായി പോയ ലോറിയിൽനിന്നു കരിങ്കല്ല് തെറിച്ചുവീണുണ്ടായ അപകടത്തെ തുടർന്നു മരിച്ച അനന്തു ബി.അജികുമാറിന്റെ (26) കുടുംബത്തിന് ധനസഹായം വാഗ്ദാനം ചെയ്ത് അദാനി ഗ്രൂപ്പ്. ഒരു കോടി രൂപ സഹായം നൽകാൻ അദാനി ഗ്രൂപ്പ് സന്നദ്ധത അറിയിച്ചു. അനന്തുവിന്റെ കുടുംബത്തെ നേരിൽ കണ്ടാണ് സഹായവാഗ്ദാനം നൽകിയത്. മുൻപ് ടിപ്പർ അപകടത്തിൽ പരുക്കേറ്റ് കാല് നഷ്ടമായ സന്ധ്യാ റാണിക്കും ധനസഹായം നൽകും.
ടിപ്പർ ലോറിയിൽനിന്നു കരിങ്കല്ലു തെറിച്ചുവീണ് സ്കൂട്ടർ യാത്രികനായ ബിഡിഎസ് വിദ്യാർഥി അനന്തു ചൊവ്വാഴ്ച രാവിലെയാണു മരിച്ചത്. വിഴിഞ്ഞം മുക്കോല–ബാലരാമപുരം റോഡിൽ മണലിയിൽ വച്ചായിരുന്നു അപകടം. അനന്തുവിന്റെ വീട്ടിൽനിന്ന് വെറും 500 മീറ്റർ മാത്രം അകലെയാണിത്. നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ 4–ാം വർഷ ബിഡിഎസ് വിദ്യാർഥിയായ അനന്തു കോളജിലേക്കു പോകുകയായിരുന്നു സംഭവസമയം.
ടിപ്പർ ലോറിയിൽനിന്നു കരിങ്കല്ല് തെറിച്ച് അനന്തുവിന്റെ തലയിൽ വീഴുകയായിരുന്നെന്നാണു പൊലീസ് പറഞ്ഞത്. ഇതേത്തുടർന്നു നിയന്ത്രണം വിട്ട സ്കൂട്ടർ സമീപത്തുള്ള മതിലിൽ ഇടിച്ചുനിന്നു. ഹെൽമറ്റ് തകർന്ന നിലയിലായിരുന്നു. പരുക്കേറ്റ അനന്തുവിനെ നിംസ് മെഡിസിറ്റിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് ഇരുപത്തിയഞ്ചോളം തവണ പെറ്റിക്കേസെടുത്ത് പിഴയീടാക്കിയിട്ടുള്ള ടിപ്പർ ലോറിയാണ് അനന്തുവിന്റെ ജീവനെടുത്തത്. അനന്തുവിന്റെ മരണകാരണം ലോറിയുടെ അതിവേഗവും മോശം റോഡുമാണെന്നാണ് മോട്ടർ വാഹന വകുപ്പിന്റെ കണ്ടെത്തൽ.