23 ഇനം നായ്ക്കളുടെ നിരോധനം; കേന്ദ്ര സർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടിസ്
Mail This Article
ന്യൂഡൽഹി∙ നായനിരോധനത്തില്‍ കേന്ദ്ര സർക്കാരിന് നോട്ടിസ് അയച്ച് ഡൽഹി ഹൈക്കോടതി. നായ ഇറക്കുമതി നിരോധനത്തിലെ യുക്തി എന്തെന്ന് കേന്ദ്രത്തിനോട് ഡൽഹി ഹൈക്കോടതി ചോദിച്ചു. നിരോധനം എന്തിനെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. 23 ഇനം അപകടകാരികളായ നായ്ക്കളുടെ ഇറക്കുമതി നിരോധിച്ചതിനെതിരായ ഹര്‍ജിയിലാണ് കോടതിയുടെ നോട്ടിസ്.
പിറ്റ്ബുള്‍, ടെറിയര്‍, ടോസ ഇനു, റോട്ട് വീലർ, ഫില ബ്രസീലീറോ, ഡോഗോ അര്‍ജന്റീനോ, അമേരിക്കന്‍ ബുള്‍ഡോഗ്, ബോര്‍ബോല്‍, കങ്കല്‍, സെന്‍ട്രല്‍ ഏഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, സൗത്ത് റഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, ടോര്‍ജനാക്, ജാപ്പനീസ് ടോസ, അകിത, മാസ്റ്റിഫ്, റോട്ട് വീലര്‍, റോഡേഷ്യന്‍ റിഡ്ജ്ബാക്ക്, വുള്‍ഫ് ഡോഗ്സ്, കനാരിയോ, അക്ബാഷ്, മോസ്‌കോ ഗാര്‍ഡ് ഉൾപ്പെടെയുള്ള നായ്ക്കളെയാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ഇത്തരം നായ്ക്കളുടെ ആക്രമണത്തില്‍ നിരവധി പേര്‍ മരണപ്പെട്ട സാഹചര്യത്തിലായിരുന്നു കേന്ദ്രത്തിന്റെ നീക്കം.
23 ഇനം നായ്ക്കൾ മനുഷ്യജീവന് അപകടകരമാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര സർക്കാർ നിർദേശം നടപ്പിലാക്കിയത്. പട്ടികയിലെ നായകളുടെ വില്‍പനയ്ക്കും പ്രജനനത്തിനും ലൈസന്‍സോ പെര്‍മിറ്റോ നല്‍കുന്നതില്‍ നിന്ന് തദ്ദേശ സ്ഥാപനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ, ക്ഷീര പരിപാലന വകുപ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചിരുന്നു. ഈ ഇനങ്ങളില്‍പ്പെട്ട നായകളുടെ പ്രജനനം തടയുന്നതിനു വന്ധ്യംകരണം ചെയ്യേണ്ടതിന്റെ ആവശ്യകതയും നോട്ടിസിൽ ചൂണ്ടിക്കാണിക്കുന്നു.