നടൻ ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം: വി.എസ്.സുനിൽകുമാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്
Mail This Article
തൃശൂർ∙ നടൻ ടൊവിനോ തോമസിനൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. ടൊവിനോയുടെ പേരും ചിത്രവും ദുരുപയോഗം ചെയ്തെന്ന് കാണിച്ച് എൻഡിഎ നൽകിയ പരാതിയിലാണ് നടപടി. ഇത്തരം പ്രവർത്തികൾ ഇനി ആവർത്തിക്കരുതെന്ന് രേഖാമൂലം അറിയിച്ചതായി മാതൃകാപെരുമാറ്റച്ചട്ടം സംബന്ധിച്ച് നോഡൽ ഓഫിസറായ തൃശൂർ സബ് കലക്ടർ വ്യക്തമാക്കി.
ടൊനിനോയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചശേഷം സുനിൽകുമാർ പിന്നീടതു പിൻവലിച്ചിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (സ്വീപ്) അംബാസഡർ ആയതിനാൽ തന്റെ ചിത്രമോ തന്നോടൊപ്പമുള്ള ചിത്രമോ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കുന്നതു നിയമവിരുദ്ധമാണെന്നു വ്യക്തമാക്കി ടൊവിനോ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനു പിന്നാലെയാണ് പിൻവലിച്ചത്.
സുനിൽകുമാറിനെതിരെ പിന്നീട് തൃശൂർ ജില്ലാ എൻഡിഎ കോ–ഓർഡിനേറ്ററായ രവികുമാർ ഉപ്പത്താണ് കലക്ടർക്കു പരാതി നൽകിയത്. ഇതിൽ സുനില്‍കുമാറിന്റേയും സിപിഐ ജില്ലാ സെക്രട്ടറിയുടെയും വിശദീകരണം കേട്ട ശേഷമാണ് നടപടി. ടൊവിനോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംബാസിഡറാണെന്ന് അറിയില്ലായിരുന്നെന്നാണ് ഇവർ നൽകിയ വിശദീകരണം. ഇരുവരുടെയും മറുപടി തൃപ്തികരമായി കണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ താക്കീത് നല്‍കി പരാതി തീർപ്പാക്കി.