ഹിമാചലിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്ത എംഎൽഎമാർ ബിജെപിയിൽ
Mail This Article
ന്യൂഡൽഹി∙ ഹിമാചൽ പ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് ക്രോസ് വോട്ട് ചെയ്തതിനെ തുടർന്ന് കോൺഗ്രസ് പുറത്താക്കിയ ആറു മുൻ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഇവർക്കൊപ്പം രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്ത മൂന്ന് സ്വതന്ത്രരും ബിജെപിയിൽ അംഗത്വമെടുത്തു.
കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, മുൻ ഹിമാചൽ മുഖ്യമന്ത്രി ജയ് റാം ഠാക്കൂർ, സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് രാജീവ് ബിൻഡാൽ എന്നിവർ പങ്കെടുത്ത ചടങ്ങിൽ വച്ചാണ് അംഗത്വം സ്വീകരിച്ചത്. പുതിയ അംഗങ്ങളെ കോൺഗ്രസിലേക്കു സ്വാഗതം ചെയ്ത ജയ്റാം ഠാക്കൂർ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെ നിശിതമായി വിമർശിച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ സർക്കാരിനു സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സുധിർ ശർമ, രവി ഠാക്കൂർ, രജീന്ദർ റാണ, ഇന്ദർ ദത്ത് ലഖൻപാൽ, ചേതന്യ ശർമ, ദേവീന്ദർ കുമാർ ഭൂട്ടോ എന്നീ കോൺഗ്രസ് എംഎൽഎമാരാണ് ബിജെപിയിലേക്ക് ചേക്കേറിയത് പാർട്ടി വിപ്പ് ലംഘിച്ചതിന് ഫെബ്രുവരി 29നാണ് ഇവരെ അയോഗ്യരായി പ്രഖ്യാപിച്ചത്. ആശിഷ് ശർമ, ഹോഷിയാർ സിങ്, കെ.എൽ.ഠാക്കൂർ എന്നിവരാണ് ബിജെപിയിൽ ചേർന്ന സ്വതന്ത്രർ.