ഇനിയും ഉത്തരവ് ഇറക്കാൻ കേജ്‌രിവാളും എഎപിയും; നേതൃമാറ്റമില്ല, ഭരണം തിഹാർ ജയിലിൽ നിന്നാകുമോ?
Mail This Article
ന്യൂഡൽഹി ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കസ്റ്റഡിയിലിരിക്കെ രാജ്യതലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉത്തരവ് ഇറക്കിയതിലൂടെ നേതൃമാറ്റം സർക്കാരിൽ ഉണ്ടാകില്ലെന്ന സൂചനയാണ് ആം ആദ്മി പാർട്ടി (എഎപി) നൽകിയത്. എത്രത്തോളം വേട്ടയാടുന്നോ അത്രത്തോളം കേജ്‌രിവാളിനെ ഉയർത്തിക്കാട്ടുകയാണ് പാർട്ടിയുടെ ലക്ഷ്യം. ജയിലിൽ നിന്നുള്ള തന്റെ ആദ്യ ഉത്തരവിൽ, വേനൽക്കാലത്ത് ജലവിതരണം ശക്തിപ്പെടുത്തുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചതിലൂടെ ആം ആദ്മി പാർട്ടിയുടെ ജനക്ഷേമ പ്രവർത്തനങ്ങൾ തുടരാൻ തന്നെയാണ് കേജ്‌രിവാളും ഉറപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം വൈകിട്ട് ഡൽഹി ജലമന്ത്രി അതിഷിക്ക് അയച്ച കുറിപ്പിലൂടെയാണ് കേജ്‌രിവാൾ ഉത്തരവ് കൈമാറിയത്. വ്യാഴാഴ്ചയാണ് കേജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഒരു തടവുകാരന് ആഴ്ചയിൽ രണ്ട് കൂടിക്കാഴ്ചകൾ മാത്രമേ നടത്താൻ സാധിക്കുകയുള്ളൂവെന്ന് തിഹാർ ജയിലിലെ മുൻ നിയമ ഉദ്യോഗസ്ഥൻ പറയുന്നു. ഇത് മുഖ്യമന്ത്രി എന്ന നിലയിൽ കേജ്‌രിവാളിന് തന്റെ ചുമതലകൾ വഹിക്കുന്നതിന് ബുദ്ധിമുട്ടാകും.
വീട്ടുതടങ്കലിൽ ആണെങ്കിലേ കേജ്‌രിവാളിന് ഭരണം സുഗമമാക്കാൻ സാധിക്കൂ എന്നാണു നിയമവിദഗ്ധർ പറയുന്നത്. ഏത് കെട്ടിടവും ജയിലാക്കി മാറ്റാൻ ലഫ്റ്റനന്റ് ഗവർണർക്ക് അധികാരമുണ്ട്. തന്നെ വീട്ടുതടങ്കലിലാക്കണമെന്നതിന്റെ ആവശ്യകത കേജ്‌രിവാളിന് ബോധ്യപ്പെടുത്താൻ കഴിയുമെങ്കിൽ, ഡൽഹി സർക്കാരിന്റെ ദൈനംദിന പ്രവർത്തനത്തിന്റെ ഭാഗമാകാൻ അത് അദ്ദേഹത്തെ സഹായിക്കുമെന്നാണു വിലയിരുത്തൽ.
വിഡിയോ കോൺഫറൻസിങ്ങിലൂടെ മുഖ്യമന്ത്രിക്ക് മന്ത്രിസഭാ യോഗം ചേരാമെന്ന് മറ്റൊരു സുപ്രീം കോടതി അഭിഭാഷകൻ പറഞ്ഞു. എന്നാൽ അതിനു ജയിൽ അധികൃതരുടെ അനുമതി വേണം. കേജ്‌രിവാൾ രാജിവയ്ക്കാത്തതിന്റെ അനന്തരഫലങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. വരുംദിവസങ്ങളിൽ ജയിലിൽ നിന്നും കൂടുതൽ തീരുമാനങ്ങൾ കേജ്‌രിവാളിന്റെ ഭാഗത്ത് നിന്നുണ്ടാകാൻ സാധ്യതയുണ്ട്. ഇതിനെ നേരിടാനുള്ള ബിജെപിയുടെ രാഷ്ട്രീയ മറുമരുന്ന് എന്താകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ ആകാംക്ഷ.