‘സുനിതയുടെ ദുഃഖത്തിനു കാരണക്കാരൻ കേജ്‌രിവാൾ; വാർത്താസമ്മേളനം നടത്തേണ്ടിയിരുന്നത് ഇപ്പോഴല്ല’: വിമർശിച്ച് ബിജെപി
Mail This Article
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ സുനിതയുടെ ദുഃഖത്തിന് കാരണക്കാരൻ കേജ്‌രിവാൾ തന്നെയെന്ന് കുറ്റപ്പെടുത്തി ബിജെപി. പൊതുസമൂഹത്തിനായി ജയിലിൽനിന്ന് കേജ്‌രിവാൾ അയച്ച സന്ദേശം സുനിത എക്സിലൂടെ പങ്കുവച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭാര്യയെ ദുഃഖത്തിലാഴ്ത്തിയതിന് കേജ്‌രിവാളിനെ വിമർശിച്ച് ബിജെപി രംഗത്തെത്തിയത്.
‘‘അത്യധികം ദുഃഖത്തോടെ അവരെ സംസാരിക്കാൻ പ്രേരിപ്പിച്ചതിന്റെ ഉത്തരവാദിത്വം കേജ്‌രിവാളിനാണ്. സർക്കാർ സൗകര്യങ്ങൾ, കാറും സെക്യൂരിറ്റിയുമെല്ലാം സ്വീകരിച്ചപ്പോഴായിരുന്നു അവർ വാർത്താസമ്മേളനം നടത്തേണ്ടിയിരുന്നത്. കാരണം ഇതൊന്നും സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് കേജ്‌രിവാൾ. വലിയ ബംഗ്ലാവിൽ പ്രവേശിച്ചപ്പോൾ, നികുതിദായകരുടെ പണം പാഴാക്കിയപ്പോൾ, ഡൽഹി യുവാക്കൾക്ക് ഒരു കുപ്പിക്കൊപ്പം മറ്റൊരു കുപ്പി സൗജന്യമായി നൽകിയപ്പോൾ, 100 കോടിയുടെ തിരിമറി നടത്തിയപ്പോഴെല്ലാമാണ് അവർ വാർത്താസമ്മേളനം നടത്തേണ്ടിയിരുന്നത്.’’– ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ പറഞ്ഞു.
കോൺഗ്രസ്–എഎപി കൂട്ടുകെട്ടിനെയും അദ്ദേഹം വിമർശിച്ചു. എഎപി സർക്കാരിന്റെ നയങ്ങളിൽ ഒരു കാലത്ത് പൊറുതിമുട്ടിയിരുന്ന കോൺഗ്രസ് ഇന്ന് അവർക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് വീരേന്ദ്ര പറഞ്ഞത്. ഷീല ദീക്ഷിതിനെയും സോണിയ ഗാന്ധിയെയും കുറ്റപ്പെടുത്തിയിരുന്ന എഎപി ഇന്ന് കോൺഗ്രസിനൊപ്പം ചേർന്നിരിക്കുന്നു. രണ്ടുഅഴിമതിക്കാർ പരസ്പരം കൈകോർത്ത് പിടിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ജയിലിന് അകത്തായാലും പുറത്തായാലും സമൂഹത്തെ സേവിക്കുക എന്നതാണ് തന്റെ ധർമമെന്നും അതുതുടരുമെന്നും കഴിഞ്ഞ ദിവസം കേജ‍്‌രിവാൾ ജയിലിൽ നിന്ന് അയച്ച സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. ബിജെപിക്കാരോട് ദേഷ്യം തോന്നരുതെന്നും അവർ നമ്മുടെ സഹോദരിസഹോദരന്മാരാണെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞിരുന്നു. ഈ സന്ദേശമാണ് എക്സിലൂടെ സുനിത പൊതുസമൂഹത്തിന് മുന്നിൽ പങ്കുവച്ചത്. മാർച്ച് 28 വരെയാണ് കേജ്‌രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.