നടി കങ്കണ മാണ്ഡിയിൽ ബിജെപി സ്ഥാനാർഥി; മേനകയ്ക്ക് വീണ്ടും ടിക്കറ്റ്, വരുണിനെ ഒഴിവാക്കി
Mail This Article
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ചാം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 111 പേരടങ്ങുന്ന സ്ഥാനാർഥി പട്ടികയാണ് പുറത്തുവിട്ടത്. സിറ്റിങ് എംപിമാരായ മേനക ഗാന്ധിക്ക് സുൽത്താൻപുരിൽ സീറ്റ് നൽകിയപ്പോൾ മകൻ വരുൺ ഗാന്ധിക്ക് സീറ്റ് നിഷേധിച്ചു.
വരുണിന്റെ മണ്ഡലമായ പിലിബിത്തിൽ ജിതിൻ പ്രസാദയാണു സ്ഥാനാർഥി. ഹരിയാനയിലെ കുരുക്ഷേത്രയിൽനിന്നും നവീൻ ജിൻഡാൽ, ഹിമാചലിലെ മാണ്ഡിയിൽനിന്നും നടി കങ്കണ റനൗട്ട്, കർണാടകയിലെ ബെൽഗാമിൽ ജഗദീഷ് ഷെട്ടാർ എന്നിവർ ജനവിധി തേടും.
ബിജെപിയുടെ സിറ്റിങ് എംപിയാണ് വരുൺ ഗാന്ധി. പാർട്ടി ഒഴിവാക്കിയ സ്ഥിതിക്കു മണ്ഡലത്തിൽനിന്നു വരുൺ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് അനുയായികൾ നൽകുന്ന സൂചന. വരുണിന്റെ വിശ്വസ്തൻ പിലിബിത്തിലെത്തി നാമനിർദേശ പത്രിക വാങ്ങിയിട്ടുമുണ്ട്. ഈ സാഹചര്യം വന്നാൽ അദ്ദേഹത്തെ എസ്പി–കോൺഗ്രസ് സഖ്യം പിന്തുണച്ചേക്കും.
ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദര ഭാര്യയും ജെഎംഎം എംഎല്‍എയുമായ സീതാ സോറന്‍ ധുംകയിൽനിന്ന് മത്സരിക്കും. നേരത്തെ ജെഎംഎമ്മിൽ നിന്ന് സീതാ സോറൻ രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു. മുൻ ജസ്റ്റിസ് അഭിജിത്ത് ഗംഗോപാധ്യായ ബംഗാളിലെ തംലുക് മണ്ഡലത്തിൽ മത്സരിക്കും.