വനം വകുപ്പ് ഓഫിസിൽ കഞ്ചാവ് കൃഷി, റിപ്പോര്‍ട്ട് ചെയ്ത ഓഫിസറെ സ്ഥലംമാറ്റി; കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം
Mail This Article
കോട്ടയം∙ വനം വകുപ്പ് ഓഫിസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയത് റിപ്പോര്‍ട്ട് ചെയ്ത റെയ്ഞ്ച് ഓഫിസറെ സ്ഥലം മാറ്റിയതായി പരാതി. എരുമേലി റെയ്ഞ്ച് ഓഫിസര്‍ ബി.ആര്‍ ജയനെയാണ് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്.
എരുമേലി പ്ലാച്ചേരി ഡപ്യൂട്ടി വനം വകുപ്പ് ഓഫിസിന്റെ പരിസരങ്ങളിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയതായി തെളിവുകൾ ലഭിച്ചതായി ഡിഎഫ്ഒയ്ക്ക് ജയൻ റിപ്പോർട്ട് നൽകിയിരുന്നു. ഈ മാസം 16നാണ് പരിശോധന നടത്തിയത്. എന്നാൽ 21നാണ് ഇതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് നൽകിയത്. ഉദ്യേഗസ്ഥർ നട്ടുവളർത്തിയതാണെന്നുള്ള താൽക്കാലിക ജീവനക്കാരന്റെ മൊഴി ഉൾപ്പെടെ റിപ്പോർട്ടിൽ ഉണ്ട്. ഈ റിപ്പോര്‍ട്ട് നല്‍കി രണ്ട് ദിവസത്തിന് ശേഷമാണ് ജയനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി ഉത്തരവുണ്ടായത്.
40 ഗ്രോബാഗുകളിലായി രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഇവർ എത്തുമ്പോഴേക്കും ഗ്രോബാഗിലുണ്ടായിരുന്ന കഞ്ചാവ് ചെടികള്‍ നശിപ്പിച്ച നിലയിലായിരുന്നുവെങ്കിലും അവശിഷ്ടങ്ങള്‍ ബാക്കിയുണ്ടായിരുന്നു. കഞ്ചാവ് കൃഷി നടത്തിയെന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ സമ്മതിക്കുന്ന വിഡിയോയും പുറത്തുവന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എരുമേലി പ്ലാച്ചേരി ഡപ്യൂട്ടി വനം വകുപ്പ് ഓഫിസിലേക്ക് മാർച്ച് നടത്തി. പ്രതിഷേധത്തിനിടെ ചെറിയ സംഘർഷവുമുണ്ടായി.