ADVERTISEMENT

തിരുവനന്തപുരം∙ അടുത്ത തിരഞ്ഞെടുപ്പില്‍ ഈനാംപേച്ചി, എലിപ്പെട്ടി, തേള്‍, നീരാളി തുടങ്ങിയ ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടി വരുമെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലന്റെ പ്രസ്താവന തോല്‍വി മുന്നില്‍കണ്ടുള്ള ബാലമനസ്സിന്റെ നിലവിളിയാണെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസന്‍. വംശനാശം നേരിടുന്ന ഈനാംപേച്ചിയും മരപ്പെട്ടിയുമൊക്കെ സിപിഎമ്മിന് ഏറ്റവും ഉചിതമായ ചിഹ്നം തന്നെയാണ്. മരപ്പെട്ടിയുടെ ആവാസകേന്ദം ക്ലിഫ് ഹൗസും മന്ത്രിമന്ദിരങ്ങളുമാണ്. ലോകമെമ്പാടും വംശനാശം സംഭവിച്ച കമ്യൂണിസം അവശേഷിക്കുന്നത് കേരളത്തില്‍ മാത്രമാണ്. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കാണണമെങ്കില്‍ മ്യൂസിയത്തില്‍ പോകേണ്ടി വരുമെന്നും ഹസൻ പരിഹസിച്ചു.  

‘അടുത്ത തിരഞ്ഞെടുപ്പില്‍ ആരുടെ മയ്യത്താണ് എടുക്കാന്‍ പോകുന്നതെന്ന് ഫലം വരുമ്പോള്‍ അറിയാം. എന്തായാലും അതു കോണ്‍ഗ്രസിന്റെ ആയിരിക്കില്ല. ബിജെപിയുടെ പിന്തുണ ഇല്ലെങ്കില്‍ സ്വന്തം ചിഹ്നത്തില്‍ സിപിഎം മത്സരിക്കുന്ന അവസാനത്തെ തിരഞ്ഞടുപ്പായിരിക്കുമിത്.  അവര്‍ക്ക് നിശ്ചിത ശതമാനം വോട്ടും ഒരൊറ്റ സീറ്റും കേരളത്തില്‍ നിന്നു ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പാക്കും. തീവ്രവലതുപക്ഷ വ്യതിയാനവും ബിജെപി ബാന്ധവവും മുഖമുദ്രയാക്കിയ  മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം മൂലം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ മയ്യത്തെടുക്കുമെന്ന് ആര്‍ക്കാണ് അറിയാത്തത്?’ – ഹസൻ ചോദിച്ചു.

ബിജെപിയുടെ കാരുണ്യത്തിലാണ് സിപിഎം ഇപ്പോള്‍ നിലനില്‍ക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഹായിച്ചതിനാലാണ് സിപിഎമ്മിനു രക്ഷപ്പെടാനായത്. ഇത്തവണ അവരുടെ സഹകരണം കുറെക്കൂടി പ്രകടമാണ്.  ഇ.പി.ജയരാജന്റെ രാജീവ് ചന്ദ്രശേഖറുമായുള്ള ബിസിനസ് ഡീല്‍ അതിന്റെ ഭാഗമാണ്. ബിജെപിയെ തറപറ്റിക്കാനല്ല, തങ്ങളുടെ നില ഈനാംപേച്ചിയുടേത് ആകാതിരിക്കാനാണ് സിപിഎം മത്സരിക്കുന്നതെന്നും ഹസന്‍ പറഞ്ഞു.

English Summary:

MM Hassan against CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com