നിതി ആയോഗിൽ പ്രവർത്തിച്ചിരുന്ന ചീസ്ത കൊച്ചാർ ലണ്ടനിൽ ട്രക്ക് ഇടിച്ച് മരിച്ചു
Mail This Article
ലണ്ടൻ∙ വീട്ടിലേക്ക് സൈക്കിളിൽ പോകുന്നതിനിടെ ലണ്ടനിൽ ഇന്ത്യൻ വിദ്യാർത്ഥിനിയായ ചീസ്ത കൊച്ചാർ (33) ട്രക്ക് ഇടിച്ച് മരിച്ചു. നിതി ആയോഗിൽ പ്രവർത്തിച്ചിരുന്ന ചീസ്ത കൊച്ചാർ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പിഎച്ച്ഡി ചെയ്യുകയായിരുന്നു. നിതി ആയോഗിന്റെ മുൻ സിഇഒ അമിതാഭ് കാന്ത് സമൂഹ മാധ്യമമായ എക്സിലൂടെയാണ് വാർത്ത പങ്കുവച്ചത്. മാലിന്യം വഹിക്കുന്ന ട്രക്കാണ് മാർച്ച് 19നാണ് ചീസ്തയെ ഇടിച്ചത്. സംഭവസ്ഥലത്ത് വച്ചു തന്നെ മരണം സംഭവിച്ചു.
"ചീസ്ത കൊച്ചാർ എന്നോടൊപ്പം നീതി ആയോഗിന്റെ പ്രോഗ്രാമിൽ ജോലി ചെയ്തിരുന്നു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ബിഹേവിയറൽ സയൻസിൽ പിഎച്ച്ഡി ചെയ്യാനാണ് അവൾ ലണ്ടനിലേക്ക് പോയത്. സൈക്കിൾ ചവിട്ടി വീട്ടിലേക്ക് പോകുന്നതിനിടെ ട്രക്ക് ഇടിച്ച് മരിക്കുകയായിരുന്നു. അവൾ മിടുക്കിയും ധീരയുമായിരുന്നു. എപ്പോഴും നിറഞ്ഞുനിൽക്കുന്നവളായിരുന്നു. വളരെ നേരത്തെ പോയി. ആദരാഞ്ജലികൾ’ – അമിതാഭ് കാന്ത് എക്സിൽ കുറിച്ചു.
ഗുരുഗ്രാം സ്വദേശിയായ ചീസ്ത കഴിഞ്ഞ സെപ്തംബറിലാണ് ലണ്ടനിലേക്ക് പോയത്. ഡൽഹി സർവകലാശാല, അശോക സർവകലാശാല, പെൻസിൽവാനിയ–ചിക്കാഗോ സർവകലാശാലകൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 2021–23 കാലയളവിലാണ് ചീസ്ത നീതി ആയോഗിൽ പ്രവർത്തിച്ചിരുന്നത്.