കൊച്ചിയിൽ നടപ്പാക്കുക മോദിയുടെ സങ്കൽപ്പത്തിലെ വികസനം, എല്ലാ വിഭാഗങ്ങളും വോട്ട് ചെയ്യും: കെ.എസ്.രാധാകൃഷ്ണൻ
Mail This Article
‘‘ഞാൻ ഏതെങ്കിലുമൊരു വിഭാഗത്തിന്റെ സ്ഥാനാർഥിയല്ല, എല്ലാ വിഭാഗങ്ങളും എനിക്ക് വോട്ടു ചെയ്യും. മോദിയുടെ സങ്കൽപ്പത്തിലെ വികസനമാണു കൊച്ചിയില്‍ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്’’– എൻഡിഎയുടെ എറണാകുളം സ്ഥാനാർഥി ഡോ. കെ.എസ്.രാധാകൃഷ്ണൻ തന്റെ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്. യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ തങ്ങളുടെ തിരഞ്ഞെടുപ്പു പ്രചാരണം മൂന്നാം റൗണ്ടിലേക്കു കടന്നു കഴിഞ്ഞപ്പോഴാണു ഡോ. കെ.എസ്.രാധാകൃഷ്ണന്റെ രംഗപ്രവേശം. എന്നാൽ ഒട്ടും വൈകിയിട്ടില്ലെന്നും പ്രചാരണത്തിന് ഇഷ്ടംപോലെ സമയമുണ്ടെന്നും അദ്ദേഹം പറയുന്നു. അതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് 2019ലെ തിരഞ്ഞെടുപ്പാണ്.
2019ൽ ആലപ്പുഴ മണ്ഡലത്തിൽ എന്‍ഡിഎ സ്ഥാനാർഥിയായിരുന്നു കെ.എസ്.രാധാകൃഷ്ണൻ. 2004 മുതൽ 2008 വരെ കാലടി ശ്രീ ശങ്കര സംസ്കൃത സർവകലാശാല വൈസ് ചാൻസലറും 2010 മുതൽ 2016 വരെ കേരള പിഎസ്‍സി ചെയര്‍മാനുമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം 2019ലാണ് ബിജെപിയിൽ ചേരുന്നത്. അതുവരെ കോൺഗ്രസ് രാഷ്ട്രീയത്തിനൊപ്പം ചേർന്നുനിന്നിരുന്ന ഡോ. കെ.എസ്.രാധാകൃഷ്ണൻ, ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടാണ് ബിജെപി അനുഭാവം പ്രകടിപ്പിച്ചു തുടങ്ങുന്നത്. പിന്നാലെ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി അദ്ദേഹത്തിനു ടിക്കറ്റും നൽകി.
‘‘2019ൽ മത്സരിക്കാൻ ചെല്ലുമ്പോൾ 4.3 ശതമാനം വോട്ടാണ് ആലപ്പുഴയിൽ ഉള്ളത്. 20 ദിവസമാണ് എനിക്കു പ്രവർത്തിക്കാൻ ലഭിച്ചത്. ആ തിരഞ്ഞെടുപ്പിൽ 17.24% വോട്ട് എനിക്ക് ലഭിച്ചു. 14.24% വർധന ചെറിയ കാര്യമല്ലല്ലോ. ബാക്കിയുള്ള പ്രദേശങ്ങളുമായി താരതമ്യം ചെയ്തു നോക്കിയാൽ ഈ മാറ്റം മനസ്സിലാകും. ഈ മാറ്റം എറണാകുളത്ത് ഉണ്ടാവുക മാത്രമല്ല, ഇവിടെ ജയിച്ചിരിക്കും’’– ഡോ. കെ.എസ്.രാധാകൃഷ്ണൻ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. 2014ൽ ആർഎസ്‍പി (ബോള്‍ഷെവിക്) നേതാവ് എ.വി.താമരാക്ഷനാണ് എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചത്. അദ്ദേഹത്തിന് ലഭിച്ചത് 43,051 വോട്ടുകൾ. അതേസമയം, 2019ൽ രാധാകൃഷ്ണൻ നേടിയത് 1,87,729 വോട്ടുകൾ. യുഡിഎഫിന് നഷ്ടമായ ഏക സീറ്റും ആലപ്പുഴയായിരുന്നു. ഷാനിമോൾ ഉസ്മാൻ എൽഡിഎഫിന്റെ എ.എം.ആരിഫിനോട് പരാജയപ്പെട്ടത് വെറും 10,474 വോട്ടുകൾക്ക്. ഡോ. കെ.എസ്.രാധാകൃഷ്ണൻ നേടിയ വോട്ടുകൾ ഷാനിമോൾ ഉസ്മാന്റെ പരാജയത്തില്‍ മുഖ്യപങ്കു വഹിച്ചു എന്നു വ്യക്തം.
ഈ രീതിയിൽ എറണാകുളത്തും ഭൂരിപക്ഷം വർധിപ്പിക്കാനാകുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത്, ഭൂരിപക്ഷം വർധിപ്പിക്കുകയല്ല, എറണാകുളത്ത് എൻഡിഎ സ്ഥാനാർഥി ഡോ. കെ.എസ്.രാധാകൃഷ്ണൻ വിജയിച്ചിരിക്കും എന്നു പ്രസ്താവിച്ചാണ്. ‘‘ഞാൻ ജനിച്ച് ജീവിക്കുന്ന നഗരമാണിത്. ഞാന്‍ കുട്ടിയായിരിക്കുമ്പോൾ കേട്ടു തുടങ്ങിയ പ്രശ്നങ്ങൾക്കുപോലും ഒരു പരിഹാരവുമില്ല. കൊതുകിനും വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും മാലിന്യ സംസ്കരണത്തിനും ഒന്നും പരിഹാരമില്ല. ആറു പതിറ്റാണ്ടായി ഇതിനൊന്നും പരിഹാരം കാണാതെയാണ് ഇവിടുത്തെ ജനപ്രതിനിധികൾ ജനങ്ങളുടെ വോട്ടു വാങ്ങിച്ചത്. അതിനൊരു പരിഹാരം ഉണ്ടാകണം. വൈകിയാണ് ഇറങ്ങിയതെങ്കിലും അതൊന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കില്ല. ഇന്ത്യയുടെ എല്ലാ പ്രദേശത്തേക്കുമുള്ള വികസനം ലക്ഷ്യം വയ്ക്കുന്ന മോദി ഗ്യാരന്റിയാണു എനിക്ക് ഏറ്റവും അനുകൂല ഘടകം’’– അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലായി ബിജെപി സംസ്ഥാനത്ത് തങ്ങളുടെ വോട്ടു വിഹിതം വർധിപ്പിച്ചു വരുന്നുണ്ട്. 2009ൽ ബിജെപി സ്ഥാനാർഥിയായിരുന്ന എ.എൻ.രാധാകൃഷ്ണനു ലഭിച്ചത് 52,968 വോട്ടുകളാണ്. 2014ലും എ.എൻ.രാധാകൃഷ്ണൻ തന്നെയായിരുന്നു ബിജെപി സ്ഥാനാർഥി. ലഭിച്ചത് 99,003 വോട്ടുകൾ. 2019ൽ മാറ്റുരച്ചത് അൽഫോന്‍സ് കണ്ണന്താനം. ഹൈബി ഈഡന്‍ വമ്പൻ ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും ബിജെപിയും തങ്ങളുടെ വോട്ടുനില വർധിപ്പിച്ചിരുന്നു– 1.38 ലക്ഷം വോട്ടുകൾ.
എറണാകുളം മണ്ഡലത്തിലെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള ധീവര വോട്ടുകൾ ഡോ. കെ.എസ്.രാധാകൃഷ്ണനെ തുണയ്ക്കുമെന്നാണു ബിജെപി കരുതുന്നത്. എറണാകുളം മണ്ഡലത്തിലെ എൻഡിഎ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞത് മത്സ്യത്തൊഴിലാളി വിഭാഗത്തിൽനിന്ന് സീറ്റ് നൽകിയ ഏക പാർട്ടി ബിജെപിയാണെന്നും യുഡിഎഫും എൽഡിഎഫും എന്തുകൊണ്ടാണ് ഈ മേഖലയെ അവഗണിച്ചതെന്നുമായിരുന്നു.