ADVERTISEMENT

തിരുവനന്തപുരം∙  പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും, അന്വേഷണ ശുപാർശ ഏജൻസിക്കു കൈമാറുന്നതിൽ സർക്കാരിനു ഗുരുതര വീഴ്ച. സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തുകൊണ്ടുള്ള വിജ്ഞാപനം കൈമാറിയെങ്കിലും പെർഫോമ റിപ്പോർട്ട് കൈമാറുന്നതിലാണ് വീഴ്ച വരുത്തിയത്. കേസിന്റെ പൂർണ വിവരങ്ങളുള്ള റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ അന്വേഷണം സിബിഐ പരിഗണിക്കൂ എന്നിരിക്കെയാണ് സുപ്രധാന റിപ്പോർട്ട് കൈമാറുന്നതിൽ വീഴ്ച സംഭവിച്ചത്. നടപടി വിവാദമായതോടെ റിപ്പോർട്ട് തിരക്കിട്ട് കൈമാറാൻ ശ്രമം തുടങ്ങിയതാണ് വിവരം.

ജെ.എസ്.സിദ്ധാർഥന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐ ആരംഭിക്കാത്തതിന്റെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. സിബിഐക്കു കേസ് കൈമാറിയുള്ള വിജ്ഞാപനം ഡയറക്ടർക്ക് ഈ മാസം 16ന് അയച്ചതായി ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ‘മനോരമ’യോടു പറഞ്ഞു. ഇനി നടപടി സ്വീകരിക്കേണ്ടതു കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇതു സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ കത്ത് കേന്ദ്ര സർക്കാരിന് അയച്ചില്ലെന്നായിരുന്നു സിദ്ധാർഥന്റെ പിതാവിന്റെ ആരോപണം. നീതി കിട്ടുമോ എന്നു സംശയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തിൽ സഹായം തേടി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറെ പിതാവ് ടി. ജയപ്രകാശ് സന്ദർശിച്ചു. ഇതുവരെ സംസ്ഥാന സർക്കാരിൽനിന്നു സിബിഐക്കു ഫയൽ പോയിട്ടില്ലെന്നു പിതാവു പരാതിപ്പെട്ടതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേസ് കൈമാറുമെന്നു പ്രഖ്യാപിച്ച് 24 മണിക്കൂറിനകം റഫർ ചെയ്യേണ്ടതായിരുന്നു. സിബിഐ അന്വേഷണത്തിനു മുൻപു വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ചത് എന്തിനെന്നും മന്ത്രി രാജീവ് ചോദിച്ചു.

ഈ മാസം ഒൻപതിനാണ് സിദ്ധാർഥന്റെ മരണം സിബിഐക്കു വിട്ടു സർക്കാർ ഉത്തരവിറക്കിയത്. സർക്കാർ അവകാശപ്പെടുന്നതു പോലെ കത്ത് അയച്ചതു 16ന് ആണെങ്കിൽതന്നെ കാലതാമസം ഉണ്ടായെന്ന വിമർശനം ഉയരുന്നുണ്ട്. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചു മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ കുടുംബസമേതം സമരമിരിക്കുമെന്നു സിദ്ധാർഥന്റെ മാതാവ് എം.ആർ ഷീബ പറഞ്ഞു. സസ്പെൻഷനിലായ വിദ്യാർഥികളെ തിരിച്ചെടുത്ത വൈസ് ചാൻസലറുടെ തീരുമാനത്തിനു പിന്നിൽ സർക്കാർ ഇടപെടലാണെന്നും വീട്ടിലെത്തി സഹായം വാഗ്ദാനം ചെയ്ത വി.സി വാക്കു മാറിയതിൽ ദുരൂഹതയുണ്ടെന്നും അവർ ആരോപിച്ചു. കേസിൽ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങിയതായാണു വിവരം. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ ഡയറക്ടറാണ് കേസ് ഏറ്റെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കുക.

English Summary:

CBI Probe Stalls as Government Fumbles in J.S. Siddharthan Death Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com