കങ്കണയ്ക്കെതിരായ പരാമർശം: വിവാദത്തിൽ പുകഞ്ഞ് കോൺഗ്രസ്, ആയുധമാക്കി ബിജെപി
Mail This Article
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ നിന്ന് കന്നിയങ്കത്തിനിറങ്ങുന്ന ബോളിവുഡ് താരം കങ്കണ റണൗട്ടിനെതിരെ കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് നടത്തിയ പരാമർശം വിവാദമാകുന്നു. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ ഇടപെട്ടു.
ബിജെപിയുടെ സ്ഥാനാർഥിപട്ടിക പ്രഖ്യാപിക്കപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഹിമാചലിലെ മണ്ഡിയിൽ നിന്ന് കങ്കണ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബിജെപി പ്രഖ്യാപിച്ചതിന് പിറകേ, കങ്കണയുടെ ചിത്രം പങ്കുവച്ചുകൊണ്ട് സുപ്രിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. സ്ത്രീത്വത്തെ അപമാനിക്കുന്ന പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സഹിതം ഇതിന് മറുപടിയുമായി കങ്കണ റണൗട്ട് തന്നെ രംഗത്ത് വന്നു.
അഭിനേത്രി എന്ന രീതിയിൽ പലതരക്കാരായ സ്ത്രീകളുടെ വേഷങ്ങൾ താൻ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് ആരംഭിക്കുന്ന കുറിപ്പിൽ കഥാപാത്രങ്ങളുടെ വൈവിധ്യവും സ്ത്രീകളെ കുറിച്ചുള്ള മുൻധാരണകൾ മാറ്റേണ്ട സമയമായെന്ന് അവർ തിരിച്ചടിച്ചു. ‘‘കഴിഞ്ഞ 20 വർഷത്തെ കരിയറിൽ അഭിനേത്രി എന്ന നിലയിൽ പലതരക്കാരായ സ്ത്രീകളുടെ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ക്വീനിലെ നിഷ്കളങ്കയായ കഥാപാത്രം മുതൽ ധാക്കടിലെ ചാരസുന്ദരി വരെ, മണികർണികയിലെ ദേവതമുതൽ ചന്ദ്രമുഖിയിലെ പ്രേതം വരെ, രാജ്ജോയിലെ ലൈംഗികത്തൊഴിലാളി മുതൽ തലൈവിയിലെ വിപ്ലവകാരിയായ നേതാവുവരെ. മുൻധാരണകളുടെ ചങ്ങലകളിൽ നിന്ന് നമ്മുടെ പെൺമക്കളെ നാം മോചിതരാക്കേണ്ടതുണ്ട്. സ്വന്തം ശരീരഭാഗങ്ങളുടെ ചിന്തകളിൽ നിന്ന് അവരെ ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. അതിലെല്ലാമുപരി ജീവിതത്തെയും സാഹചര്യങ്ങളെയും വെല്ലുവിളിച്ച് മുന്നോട്ടുനീങ്ങുന്ന ലൈംഗികത്തൊഴിലാളികളെ അപകീർത്തിപ്പെടുത്താനുള്ള പദമായി ഉപയോഗിക്കുന്നതിൽ നിന്നും നാം വിട്ടുനിൽക്കേണ്ടതുണ്ട്.’’ കങ്കണ കുറിച്ചു.
സുപ്രിയയുടെ കുറിപ്പിനെതിരെ പ്രതിഷേധവുമായി ബിജെപി നേതാക്കളും രംഗത്തെത്തി. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവായ പ്രിയങ്കഗാന്ധി വദ്ര ഉയർത്തിയ സ്ത്രീയാണ്, പോരാടാൻ സാധിക്കും എന്ന മുദ്രാവാക്യം ഓർമിപ്പിച്ചാണ് ബിജെപി വക്താവായ ഷെഹ്സാദ് പൂനാവാല കോൺഗ്രസിനെ വിമർശിച്ചത്. ‘‘മര്യാദയില്ലാത്ത ഒരു പോസ്റ്റിലൂടെ സ്ത്രീശക്തിയെയാണ് സുപ്രിയ അപമാനിച്ചത്. ഇത് കങ്കണ റണൗട്ടിന് മാത്രം ഉണ്ടായ അല്ലെങ്കിൽ സ്ത്രീകൾക്കുണ്ടായ അപമാനമല്ല മറിച്ച് മുഴുവൻ ഹിമാചൽ പ്രദേശിനും ഉണ്ടാ യ അപമാനമാണ്. അവർ എന്തൊക്കെ ഒഴിവുകഴിവുപറഞ്ഞാലും ഞങ്ങൾ പോസ്റ്റിനെ എതിർക്കുന്നത് വരെ അത് നീക്കം ചെയ്തിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷനോട് ഇതിനെതിരെ നടപടിയെടുക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുകയാണ്.’’ പൂനവാല പറഞ്ഞു.
സ്ത്രീകളെയും അഭിനേത്രികളെയും കുറിച്ച് കോൺഗ്രസ് ഇങ്ങനെയാണ് ചിന്തിക്കുന്നതെന്നത് കണ്ട് ഞെട്ടിപ്പോയെന്ന് ബിജെപി നേതാവ് മനോജ് തിവാരി പറഞ്ഞു. റീൽ ജീവിതത്തിൽ ഒരു അഭിനേത്രിക്ക് പലതരത്തിലുള്ള ജീവിതം അഭിനയിക്കേണ്ടി വരുമെന്നും ഇന്ത്യയിലെ ആർട്ടിസ്റ്റുകളെയും സ്ത്രീകളും ബഹുമാനിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിൽ നിലനിൽക്കുന്ന സങ്കുചിത വാദത്തിനെതിരാണ് ഈ പോരാട്ടമെന്നാണ് മറ്റൊരു ബിജെപി വക്താവായ ഷൈന എൻസി അഭിപ്രായപ്പെട്ടത്. സിനിമ–ഫാഷൻ പോലുള്ള മറ്റുമേഖലകളിൽ നിന്ന് വേറിട്ടൊരു പൊതുജീവിതം നയിക്കാനും കരിയർ തിരഞ്ഞെടുക്കാനും സ്ത്രീകൾ വരുന്നത് എന്തുകൊണ്ടാണ് അംഗീകരിക്കാൻ സാധിക്കാത്തതെന്നും അവർ ചോദിച്ചു.
പോസ്റ്റ് വിവാദമായതിന് പിറകേ വിശദീകരണവുമായി സുപ്രിയ രംഗത്തെത്തിയിരുന്നു. തന്റെ മെറ്റാ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടെന്നും തന്നെ അറിയാവുന്നവർക്ക് താൻ ഒരിക്കലും അത്തരമൊരു സ്ത്രീവിരുദ്ധ പരാമർശം നടത്തില്ലെന്നുള്ളത് അറിയാമെന്നും അവർ പറഞ്ഞു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ പ്രയോഗിക്കാവുന്ന ശക്തമായ ആയുധമായി ബജെപി പ്രശ്നത്തെ ഏറ്റെടുത്തിരിക്കുകയാണ്.