‘കഞ്ചാവ് കൃഷി നിങ്ങൾ രഹസ്യമായി വയ്ക്കാമെന്നു വിചാരിച്ചോ?’; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഓഡിയോ പുറത്ത്
Mail This Article
കോട്ടയം∙ പ്ലാച്ചേരി വനം വകുപ്പ് ഓഫിസ് വളപ്പിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കഞ്ചാവ് ചെടി നട്ടു വളർത്തിയെന്നതിനു കൂടുതൽ തെളിവുകൾ പുറത്ത്. കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ വിവരം ലഭിച്ച ശേഷം സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയ എരുമേലി റേഞ്ച് ഓഫിസർ ഈ വിവരം പ്ലാച്ചേരി വനം വകുപ്പ് ഓഫിസിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസറുമായി നടത്തിയ ഫോൺ സംഭാഷണമാണ് ഇതു വ്യക്തമാക്കുന്നത്. കഞ്ചാവ് ചെടികൾ നട്ടു വളർത്തിയതായി അറിഞ്ഞ ശേഷം താൻ തന്നെ അത് ജീവനക്കാരെ കൊണ്ട് പറിച്ചു കളഞ്ഞതായി ഡെപ്യൂട്ടി റേഞ്ചർ ഫോൺ സംഭാഷണത്തിൽ സമ്മതിക്കുന്നുണ്ട്. ഈ വിവരം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ, റേഞ്ച് ഓഫിസറിനോട് പറയാത്തത് ഓഫിസിൽ എത്തിയപ്പോൾ റേഞ്ച് ഓഫിസർ തിരക്കിലായിരുന്നതിനാലാണെന്നും പറയുന്നതായിട്ടാണ് ഫോൺ സംഭാഷണത്തിൽ ഉളളത്.
റേഞ്ച് ഓഫിസറും ഡെപ്യൂട്ടി റേഞ്ച് ഓഫിസറും തമ്മിലുള്ള ഫോൺ സംഭാഷണം കേൾക്കാൻ ക്ലിക്ക് ചെയ്യുക
റേഞ്ച് ഓഫിസർ: എന്താ സ്റ്റേഷനിൽ കഞ്ചാവ് കൃഷിയൊക്കെ തുടങ്ങിയത്? നിങ്ങൾ രഹസ്യമായി വയ്ക്കൊമന്നു വിചാരിച്ചോ? എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നതെന്ന് മനസിലായില്ല. നാട്ടുകാർ പറഞ്ഞാണോ ഞാൻ അറിയേണ്ടത്? നിങ്ങൾ മാത്രം ആൻസറബിളായിട്ട് മാറുന്ന ഒരു കേസാണിത്. അറിയാമല്ലോ? എൻഡിപിഎസ് ആക്ട് പ്രകാരം നിങ്ങൾക്ക് അതിന് അധികാരമുള്ള ആളാണ്. നിങ്ങൾ ഇത് കണ്ടില്ലെന്ന് പറഞ്ഞാൽ..സാറേ ഇങ്ങനെയൊരു സംഭവമുണ്ടായി. അവനെ പറഞ്ഞുവിട്ടിട്ടാണ് ഞാൻ വിളിക്കുന്നത്. അങ്ങനെയാണ് നിങ്ങൾ ചെയ്യേണ്ടിയിരുന്നത്. എന്തായാലും ഞാൻ ഇപ്പോൾ അവനെ പറഞ്ഞുവിട്ടു. അവന്റെ സ്റ്റേറ്റ്മെന്റൊക്കെയെടുത്തു. സ്റ്റേറ്റമെന്റ് എടുത്തപ്പോൾ നിങ്ങൾക്കൊക്കെ ഇക്കാര്യം അറിയാം. അറിയാമെന്ന് പറയുന്നത് കൃഷി അറിയാമെന്നല്ല. നിങ്ങൾ എല്ലാവരും കൂടി ചേർന്നാണ് അത് പിഴുത് കളഞ്ഞതുമെന്നൊക്കെയാണ്. രണ്ടും രണ്ട് സംഭവങ്ങളാണ്. ഇത് നല്ലതല്ല. നിങ്ങളുടെ സ്റ്റേഷൻ നല്ല നിലയിലല്ല പോയ്ക്കൊണ്ടിരിക്കുന്നത്.
ഡെപ്യൂട്ടി റേഞ്ച് ഓഫിസർ: സർ അതു കണ്ടപ്പോൾ തന്നെ ഞാൻ അവനെ കൊണ്ട് തന്നെ എല്ലാവരെയും മുന്നിൽവച്ച് പിഴുത് കളയിപ്പിച്ചു.
റേഞ്ച് ഓഫിസർ: ഞാനൊരു സംശയം ചോദിച്ചോട്ടെ. ഒരു സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കൃഷി ചെയ്താൻ അതാണോ നടപടി. നിങ്ങൾ അത് അങ്ങനെ പറയാതെ.
ഡെപ്യൂട്ടി റേഞ്ച് ഓഫിസർ: അല്ല സാറെ ഞാൻ ഇത് സാറിനോട് പറയാൻ ഇരുന്നതാ
റേഞ്ച് ഓഫിസർ: എത്രദിവസം മുൻപ് നടന്ന സംഭവമാണിത്?
ഡെപ്യൂട്ടി റേഞ്ച് ഓഫിസർ: മിനിഞ്ഞാന്നാ സാർ
റേഞ്ച് ഓഫിസർ: ഇന്നലെ വന്നായിരുന്നോ ഇവിടെ?
ഡെപ്യൂട്ടി റേഞ്ച് ഓഫിസർ: ഞാൻ സാറിനോട് പറയാൻ വന്നതാ. സാർ തിരക്കായിരുന്നു.
റേഞ്ച് ഓഫിസർ: എനിക്കൊരു സീരിയസ് മാറ്റർ ഡിസ്കസ് ചെയ്യാനുണ്ട് എന്നു പറഞ്ഞാൽ മതിയല്ലോ. മൂന്നു തവണ എന്റെ റൂമിൽ കയറി വന്നായിരുന്നു. രണ്ടോ മൂന്നോ തവണ.
ഡെപ്യൂട്ടി റേഞ്ച് ഓഫിസർ: സാറിന്റെ റൂമിൽ ഞാൻ ഇതുപറയാൻ വേണ്ടിയാ കയറിവന്നത്. സാർ വളരെ സീരിയസ് ആയി ഇരുന്നതു കൊണ്ടാ പറയാത്തത്.
റേഞ്ച് ഓഫിസർ: അവനൊരു പക്കാ ക്രിമിനലായിട്ട് കൂടി അവിടെ വച്ചത് ചെയ്യുന്ന പണി നന്നായിട്ട് ചെയ്യുന്നതു കൊണ്ടാ. അതിന്റെ കൂടെ ഈ പണി കൂടി ചെയ്താലോ? ബാക്കിയുള്ളവർക്ക് ഇതുമായി കണക്ഷനുണ്ടെന്ന് പറഞ്ഞാൽ തീരില്ലേ. അവിടെ കഞ്ചാവ് വലിയൊക്കെയുണ്ട്. ഇതുതന്നെ ഏത് അവസ്ഥയിൽ എത്തുമെന്ന് എനിക്കറിയില്ല. എനിക്ക് ഇൻഫർമേഷൻ തന്നയാൾ ലോകത്താരോടൊക്കെ പറഞ്ഞെന്ന് എനിക്ക് അറിയാൻ പറ്റുമോ? ഒരു പൊലീസ് ഉദ്യോഗസ്ഥനും എക്സൈസ് ഉദ്യോഗസ്ഥനും കൂടി സ്റ്റേഷനിൽ കഞ്ചാവ് കൃഷിയെന്ന് പറഞ്ഞ് കേസെടുത്താൽ ഉള്ള അവസ്ഥ നിങ്ങളൊന്ന് ആലോചിച്ച് നോക്ക്.
ഡെപ്യൂട്ടി റേഞ്ച് ഓഫിസർ: അത് അറിയാം. അറിഞ്ഞപ്പോൾ തന്നെ അവനെ കൊണ്ട് നമ്മുടെ സ്റ്റാഫുകളുടെ മുന്നിൽ വച്ച് എടുത്തുകളയിച്ചിട്ട് ഇനി മേലാൽ ഇത് ആവർത്തിരുതെന്ന് പറഞ്ഞതാ. ഇന്നലെ പോകാൻ നേരത്തും സജിയോട് ഒന്നുകൂടി പരിശോധിക്കണമെന്ന് ഞാൻ പറഞ്ഞു. സാറെ നമ്മൾ ഉദ്ദേശിച്ചതു പോലെയല്ല സാധനം ഇഷ്ടം പോലെയുണ്ട് എന്നാണ് സജി രാവിലെയും പരിശോധിച്ചിട്ട് പറഞ്ഞത്. ഞാൻ അന്നേരം തന്നെ പറിച്ചുകളയാൻ പറഞ്ഞു. ഞാൻ തിങ്കളാഴ്ച രാവിലെ വന്നിട്ട് സാറിനോട് പറയാമെന്ന് കരുതി ഇരിക്കുവായിരുന്നു.
റേഞ്ച് ഓഫിസർ: എന്റെ ചോദ്യം അതല്ല. ഗ്രോ ബാങ്കിൽ എങ്ങനെ ഈ സാധനം നിങ്ങളുടെ സ്റ്റേഷനിൽ നിങ്ങൾ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ പിറകെ
ഡെപ്യൂട്ടി റേഞ്ച് ഓഫിസർ: എന്റെ ക്വാർട്ടേഴ്സിന്റെ പിറകെയല്ല സാർ. അവിടെ പൊഴിഞ്ഞ് കിടക്കുന്നത് എന്റെ ക്വാർട്ടേഴ്സിന്റെ പിറകെയാ. അവിടെയൊന്നും ആരും പോകാറില്ല.
റേഞ്ച് ഓഫിസർ: മനസിലായി. പുതിയ സ്റ്റേഷനായിട്ട് പ്രപ്പോസ് ചെയ്തിരിക്കുന്ന സ്ഥലം.
ഡെപ്യൂട്ടി റേഞ്ച് ഓഫിസർ: കാട് പിടിച്ചുകിടക്കയാ.
റേഞ്ച് ഓഫിസർ: അതിന്റെ ഡീറ്റെയിൽസൊക്കെ എന്റെ കയ്യിലുണ്ട്. നിങ്ങൾ മനസിലാക്ക്. ഇത് സീരിയസായ ഒരു കാര്യമാണ്. നിങ്ങൾ എന്നെ കാര്യം അറിയിച്ച് നടപടി ചെയ്യേണ്ട ആളാണ്. ഇനി എന്നാ വരുന്നത്?
ഡെപ്യൂട്ടി റേഞ്ച് ഓഫിസർ: തിങ്കളാഴ്ച വരും സാർ
റേഞ്ച് ഓഫിസർ: തിങ്കളാഴ്ച വരുമ്പോൾ കർശനമായി എന്നെ വന്നുകാണണം. ഇതു മാത്രമല്ല വേറെ ഒന്നു രണ്ടു കാര്യങ്ങൾ സീരിയസായി സംസാരിക്കാനുണ്ട്.
ഡെപ്യൂട്ടി റേഞ്ച് ഓഫിസർ: ഞാൻ വരാം സാർ വരാം.
പ്ലാച്ചേരി വനം വകുപ്പ് ഓഫിസ് വളപ്പിൽ 40 ഗ്രോബാഗുകളിലായി രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്റ്റേഷനിൽ കഞ്ചാവ് കൃഷി നടത്തുന്നുവെന്ന വിവരമാണ് നേരത്തെ പുറത്തുവന്നത്. പരിശോധന സംഘം എത്തുമ്പോഴേക്കും ഗ്രോബാഗിലുണ്ടായിരുന്ന കഞ്ചാവ് ചെടികള്‍ നശിപ്പിച്ച നിലയിലായിരുന്നുവെങ്കിലും അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. കഞ്ചാവ് കൃഷി നടത്തിയെന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ സമ്മതിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു.സ്റ്റേഷൻ ജീവനക്കാർ തന്നെ കുറ്റകൃത്യങ്ങൾ നടത്തുന്നത് അത്യന്തം ഗുരുതരമായി കാണണമെന്ന് ആവശ്യപ്പെട്ട് എരുമേലി റേഞ്ച് ഓഫിസറായിരുന്ന ബി.ആർ.ജയൻ ഡിഎഫ്ഒയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു.