സന്ദേശ്ഖലിയിലെ അതിജീവിത ബിജെപി സ്ഥാനാർഥി; ‘ശക്തി സ്വരൂപ’യെന്ന് സംബോധന ചെയ്ത് മോദി
Mail This Article
ന്യൂഡൽഹി ∙ ബംഗാളിലെ സന്ദേശ്ഖലിയിൽ ലൈംഗികാത്രികമത്തെ അതിജീവിച്ച രേഖാ പത്രയുമായി ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബസിർഹട്ട് മണ്ഡലത്തിൽനിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയായ രേഖയെ ‘ശക്തി സ്വരൂപ’യെന്നാണു മോദി സംബോധന ചെയ്തത്. മണ്ഡലത്തിലെ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികളെക്കുറിച്ചും തൃണമൂൽ കോൺഗ്രസ് നേതാക്കളിൽനിന്നു ദ്വീപു നിവാസികൾക്ക് ഏൽക്കേണ്ടിവന്ന പീഡനത്തെക്കുറിച്ചും രേഖാ പത്ര പ്രധാനമന്ത്രിയോടു പറഞ്ഞു.
‘‘സന്ദേശ്ഖലിയിലെ വനിതകൾക്കു പ്രധാനമന്ത്രി ദൈവത്തെ പോലെയാണ്. ഭഗവാൻ രാമൻ കൂടെയുള്ളതു പോലെയാണു ഞങ്ങൾക്കു തോന്നുന്നത്. 2011 മുതല്‍ ഞങ്ങൾക്ക് ഇവിടെ വോട്ടു ചെയ്യാനാകുമായിരുന്നില്ല. വർഷങ്ങൾക്കുശേഷം വോട്ടുരേഖപ്പെടുത്താൻ ഞങ്ങൾക്കു ശരിയായ സുരക്ഷയൊരുക്കണം. ദ്വീപിലെ കുറച്ചു സ്ത്രീകൾ തൃണമൂലിനൊപ്പമാണ്. തൃണമൂലിന്റെ നിർദേശമനുസരിച്ചു പ്രവർത്തിക്കുമെന്നാണ് അവർ പറയുന്നത്. എന്നാൽ പിന്നാക്കവിഭാഗത്തിൽനിന്നുള്ള എനിക്കു കൂടുതൽ പേരിൽനിന്നു പിന്തുണ ലഭിക്കും. ആരോടും ശത്രുതയില്ല. എന്റെ ഭർത്താവ് ചെന്നൈയിലാണു ജോലി ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെട്ടാൽ ഇവിടുത്തെ ആളുകൾക്കു സംസ്ഥാനത്തിനകത്തു തന്നെ എന്തെങ്കിലും തൊഴിൽ ലഭ്യമാക്കാനുള്ള സംവിധാനമൊരുക്കും’’ – രേഖാ പത്ര പറഞ്ഞു.
ബംഗാൾ ദുർഗ പൂജയുടെ നാടാണെന്നും ആ ശക്തിയുടെ സാക്ഷാൽക്കാരമാണു സന്ദേശ്‌ഖലിയിലെ വനിതകളിൽ കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സന്ദേശ്ഖലിയിലെ സ്ത്രീകൾ ശബ്ദമുയർത്തുകയെന്നത് അത്ര എളുപ്പമല്ല. ശക്തി സ്വരൂപയായ നിങ്ങൾ അത്ര അധികാരമുള്ള ആളുകളെ ജയിലിലാക്കി. ബംഗാളിലെ നാരീശക്തി ഇത്തവണ നമ്മെ അനുഗ്രഹിക്കും. തൃണമൂൽ കോൺഗ്രസിന്റെ ദുർഭരണത്തിൽ ജനം അസ്വസ്ഥരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.