ഒരു വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 20ൽ പരം ഡോക്ടർമാർ; കൗൺസിലിങ്ങുമായി ഐഎംഎ
Mail This Article
തിരുവനന്തപുരം∙ കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ ഇരുപതോളം ഡോക്ടർമാർ ആത്മഹത്യ ചെയ്തതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) കണ്ടെത്തൽ. തിരുവനന്തപുരം മെഡിക്കൽ കോളജിൽ മാത്രം കഴിഞ്ഞ ആറു മാസത്തിനിടെ രണ്ടു വനിതാ ഡോക്ടർമാരാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം െമഡിക്കൽ കോളജിൽ ഈ കാലയളവിൽ 20 ആത്മഹത്യാ ശ്രമങ്ങൾ നടന്നതായും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ഗുരുതരമായ സാഹചര്യമായതിനാൽ ഡോക്ടർമാർക്കു മാനസിക പിന്തുണ ഉറപ്പാക്കാനും കൗൺസിലിങ് നൽകാനുമുള്ള നടപടികൾ ഐഎംഎ ആരംഭിച്ചു.
സാമ്പത്തികം, ജോലിയിലെ സമ്മർദം, വ്യക്തിപരമായ വിഷയങ്ങൾ തുടങ്ങിയവ കാരണമാണ് ഡോക്ടർമാർ ആത്മഹത്യ ചെയ്യുന്നതെന്ന് ഐഎംഎ അധികൃതർ പറയുന്നു. ഒരു വർഷത്തിനിടെ 20 ആത്മഹത്യകൾ നടന്നിട്ടുണ്ടെങ്കിൽ എത്ര ആത്മഹത്യാശ്രമങ്ങൾ നടന്നിട്ടുണ്ടാകാമെന്നും ഭീതിയുണ്ടാക്കുന്ന കണക്കുകളാണു വെളിപ്പെടുന്നതെന്നും അസോസിയേഷൻ പറയുന്നു.
‘‘ചെറിയ വെല്ലുവിളികൾപോലും നേരിടാൻ യുവാക്കൾക്ക് കഴിയുന്നില്ല എന്നതിന്റെ ഉദാഹരണമാണിത്. യുവാക്കൾക്കിടയിൽ മാത്രമല്ല മുതിർന്നവരിലും ആത്മഹത്യാ പ്രവണതയുണ്ട്. ഡോക്ടർമാർക്കു മാനസിക പിന്തുണ ഉറപ്പാക്കാൻ ഐഎംഎ ടെലി കൗൺസിലിങ് സംവിധാനം തയാറാക്കിയിട്ടുണ്ട്. സേവനം ആവശ്യമായവർക്ക് കൗൺസിലിങ് നൽകും. ആശുപത്രികളിൽ ജോലി സമ്മർദം കുറയ്ക്കാനുള്ള ഉല്ലാസ വേളകൾ സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്’’ ഐഎംഎ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. എൻ.സുൾഫി പറഞ്ഞു.
ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ സഹായത്തോടെ ഹെൽപ്പിങ് ഹാന്‍ഡ്സ് എന്നപേരിൽ ആരംഭിച്ചിരിക്കുന്ന ടെലി ഹെൽപ്പ്‌ലൈൻ സംവിധാനത്തിലൂടെ സൈക്യാട്രിസ്റ്റിന്റെയും സൈക്കോളജിസ്റ്റിന്റെയും സേവനം ലഭിക്കുമെന്ന് ഐഎംഎ സെക്രട്ടറി ഡോ.കെ.ശശിധരൻ പറഞ്ഞു. നേരിടുന്ന പ്രശ്നങ്ങൾ ഡോക്ടറോട് പറയാം. രണ്ടാഴ്ച മുൻപാണ് സേവനം ആരംഭിച്ചത്. ഒരേസമയം 5 ഡോക്ടർമാരുടെ സേവനം ലഭിക്കുമെന്നും ഡോ.കെ.ശശിധരൻ പറഞ്ഞു.