ADVERTISEMENT

ന്യൂഡൽഹി∙ ശക്തമായ സാമ്പത്തിക വളർച്ചയെ ചുറ്റിപ്പറ്റിയുള്ള അമിതപ്രചാരണം വിശ്വസിച്ച് ഇന്ത്യ വലിയ തെറ്റ് ചെയ്യുകയാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മുൻ ഗവർണർ രഘുറാം രാജൻ. രാജ്യം അതിന്റെ സാധ്യതകൾ നിറവേറ്റുന്നതിന് ഘടനാപരമായ വലിയ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. വിദ്യാഭ്യാസവും തൊഴിലാളികളുടെ നൈപുണ്യവും മെച്ചപ്പെടുത്തുന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഒരു രാജ്യാന്തര മാധ്യമത്തോട് അദ്ദേഹം പറഞ്ഞു.

“ഇന്ത്യ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് ഈ ഹൈപ്പ് വിശ്വസിക്കുക എന്നതാണ്. ഹൈപ്പ് യഥാർഥമാണെന്ന് ഉറപ്പാക്കാൻ നമ്മൾ ഇനിയും നിരവധി വർഷത്തെ കഠിനാധ്വാനം ചെയ്യാനുണ്ട്. നമ്മൾ എത്തിക്കഴിഞ്ഞെന്ന് നിങ്ങൾ വിശ്വസിക്കണമെന്നാണ് രാഷ്ട്രീയക്കാർ ആഗ്രഹിക്കുന്നത്. കാരണം ഇതു നമ്മുടെയെല്ലാം ആഗ്രഹമാണ്. എന്നാൽ ആ വിശ്വാസത്തിന് ഇന്ത്യ കീഴടങ്ങുന്നത് ഗുരുതരമായ തെറ്റായിരിക്കും.’’– രഘുറാം രാജൻ പറഞ്ഞു.

2047ഓടെ ഇന്ത്യ ഒരു വികസിത സമ്പദ്‌വ്യവസ്ഥയാകില്ലെന്നും രഘുറാം രാജൻ പറഞ്ഞു. നമ്മുടെ കുട്ടികളിൽ പലർക്കും ഹൈസ്‌കൂൾ വിദ്യാഭ്യാസം പോലും ഇല്ലെങ്കിൽ, കൊഴിഞ്ഞുപോക്ക് നിരക്ക് ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ ആ ലക്ഷ്യത്തെക്കുറിച്ച് സംസാരിക്കുന്നത് ‘വിഡ്ഢിത്തം’ ആണെന്ന് രഘുറാം രാജൻ പറഞ്ഞു. “ഞങ്ങൾക്ക് വളരുന്ന തൊഴിൽ ശക്തിയുണ്ട്, പക്ഷേ അവർ നല്ല ജോലികളിൽ ഏർപ്പെട്ടാൽ മാത്രമേ അതു ലാഭവിഹിതമാകൂ. ഒരുപക്ഷേ നമ്മൾ അഭിമുഖീകരിക്കാൻ സാധ്യതയുള്ള തിരിച്ചടി അതായിരിക്കും.’’– അദ്ദേഹം പറഞ്ഞു.

കോവിഡിനു ശേഷം സ്കൂൾ കുട്ടികളുടെ പഠനശേഷി 2012ന് മുൻപുള്ള നിലവാരത്തിലേക്ക് ഇടിഞ്ഞതായി കാണിക്കുന്ന കണക്കുകളാണ് ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്കയെന്ന് രഘുറാം രാജൻ പറഞ്ഞു. ഇന്ത്യ ആദ്യം തൊഴിലാളികളെ കൂടുതൽ തൊഴിൽ യോഗ്യമാക്കേണ്ടതുണ്ടെന്നും അതിനുശേഷം അവർക്കു തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

∙ പ്രവചനം പുതുക്കി എസ് ആൻഡ് പി; ഇന്ത്യ 6.8% വളരും

യുഎസ് ആസ്ഥാനമായ ആഗോള റേറ്റിങ് ഏജൻസി എസ് ആൻഡ് പി, 2024–25ൽ ഇന്ത്യയുടെ വളർച്ച നിരക്ക് പ്രവചനം 6.8% ആയി ഉയർത്തി. കഴിഞ്ഞ നവംബറിൽ എസ് ആൻഡ് പി പ്രവചിച്ചിരുന്ന വളർച്ച 6.4% ആയിരുന്നു. അതേസമയം, നിയന്ത്രിത പലിശ നിരക്കുകൾ സാമ്പത്തിക വളർച്ചയ്ക്ക് തടസ്സമായേക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7.6% വളർച്ച കൈവരിക്കുമെന്നാണ് കണക്കാക്കുന്നത്.

English Summary:

Will India be a developed country by 2047? Raghuram Rajan says ‘nonsense to even talk about it’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com